

യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സില്‍നിന്നുള്ള ആദ്യ വനിതാ ലീഡ് ആക്ഷന്‍ ചിത്രം 'ആല്‍ഫ'യെക്കുറിച്ചുള്ള റിലീസ് അഭ്യൂഹങ്ങള്‍ക്കു വിരാമം. 215 കോടി രൂപയുടെ വമ്പന്‍ ഓഫറുമായി ഒടിടി ഭീമന്‍മാരായ നെറ്റ്ഫ്‌ളിക്‌സ് എത്തിയെങ്കിലും, ചിത്രം നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യില്ലെന്ന ഉറച്ച തീരുമാനത്തിലാണ് നിര്‍മാതാവ് ആദിത്യ ചോപ്ര. സിനിമാറ്റിക് അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് ചോപ്ര വ്യക്തമാക്കി.
ആദിത്യ ധറിന്റെ 'ധുരന്ധര്‍' നേടിയ വമ്പന്‍ വിജയത്തിനു പിന്നാലെയാണ് 'ആല്‍ഫ'യെക്കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയത്. ഒരു വശത്ത് 215 കോടിയുടെ കരാര്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍, മറുവശത്ത് ചിത്രം തിയറ്ററില്‍ പരാജയപ്പെടുമെന്ന ഭയത്താല്‍ നേരിട്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങളും സജീവമായിരുന്നു.
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ക്കെതിരെ കടുത്ത ഭാഷയിലാണ് ചോപ്ര പ്രതികരിച്ചത്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയെ ബോധപൂര്‍വം മോശമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് നിര്‍മാതാക്കളുടെ ആരോപണം. 'തിയേറ്റര്‍ റിലീസ് ലക്ഷ്യമിട്ട് നിര്‍മിക്കുന്ന ഒരു ചിത്രവും നേരിട്ട് സ്ട്രീമിങ് പ്ലാറ്റ്ഫോമുകള്‍ക്ക് നല്‍കുന്ന പതിവ് വൈആര്‍എഫിനില്ല. ആല്‍ഫ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രോജക്ടാണ്'- നിര്‍മാണ കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
റിലീസ് തീയതി സംബന്ധിച്ച അനിശ്ചിതത്വമാണ് ആരാധകരെ ഇപ്പോള്‍ കുഴപ്പിക്കുന്നത്. വിഎഫ്എക്‌സ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി ഏപ്രില്‍ 17-ലേക്ക് ചിത്രം മാറ്റിയിട്ടുണ്ടെങ്കിലും അവിടെയും വെല്ലുവിളികള്‍ കാത്തിരിക്കുന്നു. ബോളിവുഡ് സുല്‍ത്താന്‍ സല്‍മാന്‍ ഖാന്റെ ബിഗ് ബജറ്റ് ചിത്രം 'ബാറ്റില്‍ ഓഫ് ഗല്‍വാന്‍' ചിത്രത്തിനു വെല്ലുവിളിയാകുമെന്നാണ് റിപ്പോര്‍ട്ട്. ഒരേ ആഴ്ചയില്‍ രണ്ട് വമ്പന്‍ സിനിമകള്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ കളക്ഷന്‍ വിഭജിക്കപ്പെടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ആല്‍ഫയുടെ റിലീസ് തീയതിയില്‍ ഇനിയും മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ബി ടൗണില്‍നിന്നുള്ള റിപ്പോര്‍ട്ട്.
അലിയ ഭട്ടിനൊപ്പം ഷര്‍വരിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടു സമ്പന്നമായിരിക്കും. ബോബി ഡിയോള്‍, അനില്‍ കപുര്‍ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തുന്നുണ്ട്. രാജ്യത്തെ മുന്‍നിര നടിമാരില്‍ ഒരാളായ അലിയ ഭട്ടിന്റെ ആക്ഷന്‍ പ്രകടനം കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.
നെറ്റ്ഫ്ലിക്സിന്റെ കോടികള്‍ക്ക് മുന്നില്‍ വീഴാതെ, തിയറ്ററിലെ ആവേശത്തിനു മുന്‍ഗണന നല്‍കുന്ന യഷ് രാജ് ഫിലിംസിന്റെ തീരുമാനം ബോളിവുഡിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. വമ്പന്‍ സ്‌ക്രീനില്‍ തന്നെ പെണ്‍കരുത്ത് ഇതിഹാസം രചിക്കുമെന്നാണ് ബോളിവുഡിന്റെ പ്രതീക്ഷ.