

സത്യദേവ് പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം 'റാവു ബഹദൂര്‍' ഒടിടി റിലീസിന് തയാറെടുക്കുന്നു. ജൂലായ് മൂന്നിനു തിയേറ്ററുകളിലെത്തിയ ചിത്രം ജൂലായ് 31 ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും.
വെങ്കിടേഷ് മഹ രചനയും സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രം തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണമാണ് നേടിയത്. 25 ദിവസത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കിയപ്പോള്‍ ആഗോളതലത്തില്‍ ചിത്രം 11.43 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ട്.
തന്റെ വംശപരമ്പരയെക്കുറിച്ചുള്ള കടുത്ത സംശയങ്ങളും ചിന്തകളും മൂലം മരണത്തെപ്പോലും അതിജീവിച്ചു ജീവിക്കുന്ന രാമപ്പ റാവു ബഹദൂര്‍ എന്ന കഥാപാത്രത്തിന്റെ മാനസികാവസ്ഥയാണ് ചിത്രം പ്രമേയമാക്കുന്നത്. ദീപ തോമസ് ആണ് ചിത്രത്തിലെ നായിക. വികാസ് മുപ്പാല, ബാല പരാശര്‍, ആനന്ദ് ഭാരതി, പ്രണയ് വാക, മാസ്റ്റര്‍ കിരണ്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മഹേഷ് ബാബുവും നമ്രത ശിരോദ്കറും ചേര്‍ന്ന് ജിഎംബി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ചിത്രം എ+എസ് മൂവീസ്, ശ്രീചക്രാസ് എന്റര്‍ടൈന്‍മെന്റ്‌സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. കാര്‍ത്തിക് പാര്‍മര്‍ ഛായാഗ്രഹണവും സ്മരണ്‍ സായി സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.