
വിവാഹത്തിനു ശേഷം യുകെയിലേക്ക് ഭാര്യയോടൊപ്പം പോകാനായി, ഇന്ത്യൻ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയുന്ന ഡേവിസും ഐലീനും എന്ന രണ്ട് കേന്ദ്ര കഥാപാത്രങ്ങൾ. പക്ഷേ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വധു ആയ ഐലീൻ അവരുടെ മാര്യേജ് സെർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണമെന്ന ആവശ്യം ഉന്നയിക്കുന്നു. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും വിപ്ലവകരമായ ഈ ആശയം ആണ് 'പിഡബ്ല്യുഡി'(പ്രപ്പോസൽ,വെഡ്ഡിങ്,ഡിവോഴ്സ്) എന്ന ചിത്രം മുന്നോട്ടുവയ്ക്കുന്നത്.
കോൺവെർസേഷണൽ ഡിബേറ്റ് എന്ന മലയാളത്തിൽ അധികം പരിചയിച്ചിട്ടില്ലാത്ത ഴോണർ ആണ് സിനിമയ്ക്ക് ഉള്ളതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഊട്ടിയിലെ മനോഹരമായ ഒരു ബംഗ്ലാവിലും അതിൻ്റെ പരിസരത്തുമാണ് കഥ നടക്കുന്നത്. ബ്രിട്ടീഷ് ഓസ്‌ട്രേലിയൻ സിനിമാട്ടോഗ്രാഫർ സൂസൻ ലംസഡൻ ആദ്യമായി ചെയുന്ന ഇന്ത്യൻ സിനിമ കൂടിയാണ് 'പിഡബ്ല്യുഡി'. ചിത്രത്തിൻ്റെ പ്രധാന ആകർഷണവും ദൃശ്യമികവു തന്നെയാണ്. 'ഐ ആം കാതലൻ', 'ജയ് മഹേന്ദ്രൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സിദ്ധാർത്ഥ പ്രദീപ് ആണ് സംഗീതം.
മാറുന്ന കാലഘട്ടത്തിൽ ഒരു ആശയം രസകരമായി അവതരിപ്പിക്കാൻ, രണ്ടര മണിക്കൂറിൽ താഴെ ദൈർഘ്യം മതിയെന്ന് സംവിധായകനും എഴുത്തുകാരനുമായ ജോ ജോസഫ് സിനിമയുടെ പ്രാരംഭഘട്ടത്തിൽ തന്നെ തീരുമാനിച്ചിരുന്നു. ഒരു മണിക്കൂറാണ് ചിത്രത്തിനുള്ളത്.. മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമ കൂടിയാണ് 'പിഡബ്ല്യുഡി'.
ശ്യാം ശശിധരനാണ് എഡിറ്റിങ്. ദേശീയ അവാർഡ് ജേതാവായ സൗണ്ട് ഡിസൈനർ സിനോയ് ജോസഫാണ് സൗണ്ട് ഡിസൈൻ. കളറിങ്- സംസ്ഥാന അവാർഡ് ജേതാവ് ലിജു പ്രഭാകർ. അജയ് തുണ്ടത്തിലാണ് ചിത്രത്തിൻ്റെ പിആർഒ. സൈനാ പ്ലേയിൽ ചിത്രം കാണാം.