

മലയാള സിനിമയിലെ ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'പേട്രിയറ്റ്' മേയ് ഒന്നിന് തിയറ്ററുകളില്‍ എത്തുന്നതിന് മുന്നോടിയായി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന പ്രത്യേക ചാറ്റ് ഷോ 'പേട്രിയറ്റ് ലെജന്‍ഡ്സ് ഹാങ് ഔട്ട്' ഏപ്രില്‍ 23 ന് സ്ട്രീമിങ് ആരംഭിക്കും. ജിയോ ഹോട്ട്സ്റ്റാറില്‍ ആരാധകര്‍ കാത്തിരുന്ന ദൃശ്യവിരുന്ന് ആഘോഷിക്കാം.
ഏറെക്കാലത്തിനു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ചെത്തുന്ന പരിപാടിയുടെ പ്രമോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഇരുതാരങ്ങളുടെയും സൗഹൃദ നിമിഷങ്ങളും ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങളും നിറഞ്ഞ ഷോ ആരാധകര്‍ക്ക് വലിയ ആവേശമാണു പകരുന്നത്. താരങ്ങളെ കൂടാതെ സംവിധായകന്‍ മഹേഷ് നാരായണന്‍, ചിത്രത്തിലെ പ്രധാന താരങ്ങളായ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരും പ്രത്യേക പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ശക്തി സൊല്യൂഷന്‍സ് എന്ന കമ്പനിയും അവിടുത്തെ വിവാദമായ സോഫ്റ്റ് വെയർ സാധാരണക്കാരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിസന്ധികളുമാണു ചിത്രത്തിന്റെ പ്രമേയം. ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കമ്പനി. ഡാനിയല്‍ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുമ്പോള്‍, സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. സത്യം കണ്ടെത്താനുള്ള ഡാനിയലിന്റെ ശ്രമങ്ങളും തുടര്‍ന്ന് ഇരുവരും ചേര്‍ന്നുള്ള ഹൈ-റിസ്‌ക് ദൗത്യവുമാണ് ചിത്രത്തിന്റെ കാതല്‍.
നയന്‍താര, രേവതി തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്ന സ്‌പൈ ത്രില്ലര്‍ നിര്‍മിക്കുന്നത് ആന്റോ ജോസഫും കെ.ജി. അനില്‍കുമാറും ചേര്‍ന്നാണ്. മേയ് ഒന്നിനു ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.