

'ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്സ്' എന്ന മിസ്റ്ററി ത്രില്ലറിലൂടെയാണ് മമ്മൂട്ടി 2025ന് തുടക്കം കുറിച്ചത്. റിലീസിനുമുമ്പുതന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായിരുന്നു 'ഡൊമിനിക്'. തമിഴ് ഹിറ്റ് ഡയറക്ടർ ഗൗതം വസുദേവ് മേനോന്റെ മലയാളത്തിലെ അരങ്ങേറ്റ ചിത്രമെന്നതും ചിത്രത്തിന്റെ പ്രധാന്യം വർധിപ്പിച്ചു. എന്നാൽ, ജനുവരി 23ന് തിയറ്ററുകളിൽ എത്തിയ ചിത്രത്തിനു സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ബോക്സ്ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഡിറ്റക്ടീവ് ചിത്രങ്ങളുടെ ശൈലിയിലുള്ള ആഖ്യാനവും മമ്മൂട്ടിയുടെ അസാമാന്യപ്രകടനത്തെയും പ്രേക്ഷകർ അഭിനന്ദിച്ചു.
ഒടിടി റിലീസിനായി പ്രേക്ഷകർ ഏറെ കാത്തിരുന്ന മമ്മൂട്ടിച്ചിത്രവുമാണ് 'ഡൊമിനിക്'. ഇപ്പോൾ കാത്തിരിപ്പിനെല്ലാം വിരാമമിട്ടുകൊണ്ട് ചിത്രം ഒടിടി സ്ട്രീമിങ് ആരംഭിക്കുകയാണ്. ഡിസംബർ 19ന് സീ5-ൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. അണിയറക്കാർതന്നെയാണ് ഡിജിറ്റൽ പ്രദർശനത്തിന്‍റെ വിവരങ്ങൾ പുറത്തുവിട്ടത്. നേരത്തെ ആമസോൺ പ്രൈം ചിത്രത്തിന്‍റെ പകർപ്പവകാശം സ്വന്തമാക്കിയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു.
മമ്മൂട്ടിയും ഗൗതം വസുദേവ് മേനോനും ആദ്യമായി ഒന്നിക്കുന്ന ചിത്രം മികച്ച കഥാസന്ദർഭങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. പോലീസിൽനിന്നു സ്വയംവിരമിച്ച ശേഷം പ്രൈവറ്റ് ഡിറ്റക്ടീവ് ആയി പ്രവർത്തിക്കുന്ന ഡൊമിനിക് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഒരു പഴ്സിന്‍റെ ഉടമയെ തേടിയുള്ള അന്വേഷണവും അത് പിന്നീട് വലിയ തിരോധാന സംഭവങ്ങളിലേക്ക് എത്തിച്ചേരുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഗോകുൽ സുരേഷ്, സുഷ്മിത ഭട്ട്, ഷൈൻ ടോം ചാക്കോ, വിജി വെങ്കിടേഷ്, സുദേവ് ബാബു, ലെന, മീനാക്ഷി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.