

പൃഥ്വിരാജ് സുകുമാരന്റെ മാസ് ആക്ഷൻ ത്രില്ലർ 'ഖലീഫ' ഒടിടി റിലീസിന് ഒരുങ്ങുന്നു. ഒക്ടോബർ ഒമ്പതിന് പ്രൈം വീഡിയോ, ലയൺസ്ഗേറ്റ് പ്ലേ, മനോരമ മാക്സ്, സ്റ്റാർസ് പ്ലേ, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെയാണ് ഒടിടി റിലീസ് വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.
വൈശാഖ് സംവിധാനം ചെയ്ത് ജിനു വി. എബ്രഹാം തിരക്കഥയെഴുതിയ ചിത്രം സ്വർണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലുള്ള അമിർ അലി (പൃഥ്വിരാജ്)യുടെ കഥയാണു പറയുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിൽ പൃഥ്വിരാജിന് പുറമെ മോഹൻലാൽ ശ്രദ്ധേയമായ ഒരു കാമിയോ റോളിൽ എത്തുന്നുണ്ട്.
തെലുങ്ക്, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ മാളവിക ശര്‍മയാണ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. രൺജി പണിക്കർ, നീൽ നിതിൻ മുകേഷ്, ഷമ്മി തിലകൻ, സഞ്ജു ശിവറാം, മോഹിനി തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ജോമോന് ടി. ജോണ്‍ ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമന്‍ ചാക്കോയാണ്.
ചിത്രത്തിന്റെ അവസാന ഭാഗത്ത് അമിർ അലിയുടെ മുത്തച്ഛനായ മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, പൃഥ്വിരാജ്, മോഹൻലാൽ എന്നിവർ ഒന്നിക്കുന്ന രണ്ടാം ഭാഗമായ 'ഖലീഫ 2 - ദ് ലെഗസി' എന്ന ചിത്രത്തിൽ ഈ കഥാപാത്രം പ്രധാന കേന്ദ്രബിന്ദുവായിരിക്കും.