

റിലീസ് ദിവസം തന്നെ രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനമെന്ന അപൂർവ നിമിഷം സമ്മാനിച്ച് ഖലീഫ. മോഹൻലാലിന്റെ മമ്പറയ്ക്കൽ അഹമ്മദ് അലിയെ കഥാപാത്രമാക്കിയുള്ള ചിത്രത്തിന്റെ പേര് 'ഖലീഫ പാർട്ട് 2 -ദ് ലെഗസി' എന്നാണ്. ഖലീഫ തിയേറ്ററുകളിലെത്തിയ വ്യാഴാഴ്ച വൈകീട്ട് കൊച്ചിയിൽ നടന്ന ചടങ്ങിൽ മോഹൻലാൽ തന്നെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.
സ്വർണക്കള്ളക്കടത്തിന്റെ കഥ പറയുന്ന 'ഖലീഫ'യുടെ ഒന്നാംഭാഗത്തിൽ പൃഥ്വിരാജ് ആണ് നായകൻ. മമ്പറയ്ക്കൽ അമിർ അലി എന്നാണ് കഥാപാത്രത്തിന്റെ പേര്. അമീറിന്റെ മുത്തച്ഛനാണ് മോഹൻലാൽ അവതരിപ്പിക്കുന്ന മമ്പറയ്ക്കൽ അഹമ്മദ് അലി. ഒന്നാം ഭാഗത്തിന്റെ ക്ലൈമാക്സിൽ കുറച്ചുനേരത്തേക്ക് ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നുണ്ട്. മോഹൻലാലിന്റെ ഈ കാമിയോ തിയേറ്ററുകളെ ഇളക്കി മറിക്കുന്നതിനിടയിലാണ് ആ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള സിനിമയുടെ പ്രഖ്യാപനം വന്നത്.
'മമ്പറയ്ക്കൽ അഹമ്മദ് അലി ഒരു പാവമാണ്. അദ്ദേഹത്തെ ചില നല്ല കാര്യങ്ങൾ ചെയ്യാൻ അനുവദിക്കൂ...'രണ്ടാംഭാഗം പ്രഖ്യാപിച്ചുകൊണ്ട് മോഹൻലാൽ ചിരിയോടെ പറഞ്ഞു.
മോഹന്‍ലാലിനെ ഈ പ്രോജക്ടിലേക്ക് ക്ഷണിച്ചതിനെക്കുറിച്ച് പൃഥ്വിരാജ് പങ്കുവെച്ച വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറയിരുന്നു.
'ജിനു എബ്രഹാം കഥ പറയുമ്പോള്‍ തന്നെ മുത്തച്ഛന്‍ കഥാപാത്രത്തിന് പിന്നില്‍ വലിയൊരു പശ്ചാത്തലമുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞപ്പോള്‍ രണ്ടാം ഭാഗം ചെയ്യാം എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണ ആത്മവിശ്വാസമായി. ഞാന്‍ ലാലേട്ടനെ ഫോണില്‍ വിളിച്ച് ചോദിച്ചു, 'ലാലേട്ടാ, മുമ്പ് എന്റെ അച്ഛനായി അഭിനയിച്ചിട്ടുണ്ട്, ഇനി എന്റെ മുത്തച്ഛനായി അഭിനയിക്കാമോ?' എന്ന്. കേട്ടപാടെ ചിരിച്ചുകൊണ്ട് - തീര്‍ച്ചയായും, പിന്നെന്താ മോനേ!' എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്...'
വൈശാഖ് സംവിധാനം ചെയ്യുന്ന 'ഖലീഫ'യുടെ രചന ജിനു വി.എബ്രഹാമാണ്. ജിനുവിന്റെ ജിനു എബ്രാഹാം ഇന്നവേഷനും സൂരജ് കുമാറും ചേർന്നാണ് നിർമാണം. അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് മാഫിയയുമായി ബന്ധമുള്ള അധോലോകനായകനായ അമിര്‍ അലിയുടെ സ്‌റ്റൈലിഷ് ആക്ഷന്‍ രംഗങ്ങൾ കൊണ്ട് സമ്പന്നമായ 'ഖലീഫ പാർട്ട് 1' ബോക്സ് ഓഫീസ് ഹിറ്റിലേക്ക് കുതിക്കുകയാണ്.
വൈശാഖിന്റെ സ്വതസിദ്ധമായ മേക്കിങ് ശൈലിക്കൊപ്പം ജേക്സ് ബിജോയ് യുടെ പശ്ചാത്തല സംഗീതമാണ് ചിത്രത്തിന് കരുത്ത് പകരുന്നത്. ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍,മാളവിക ശർമ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചമന്‍ ചാക്കോയാണ്.