
പേരിനെച്ചൊല്ലിയുള്ള വിവാദത്തിലൂടെ വാർത്തകളിൽ നിറഞ്ഞ,സുരേഷ് ഗോപി നായകനായ 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള(ജെഎസ്കെ)' ഓഗസ്റ്റ് 15ന് സീ-5(Zee-5)ൽ സ്ട്രീം ചെയ്തുതുടങ്ങും. മലയാളത്തിനു പുറമേ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും ജെഎസ്കെ കാണാം. പേരുവിവാദം ചൂടുപിടിച്ചുനില്കെ തന്നെയാണ് സീ-5 ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 28 ദിവസത്തിനുശേഷം സ്ട്രീമിങ് എന്നതായിരുന്നു കരാർ.
മലയാളത്തിൽ വലിയ പ്രോജക്ടുകളുമായി കൂടുതൽ സജീവമാകാനൊരുങ്ങുന്നതിന്റെ ഭാഗമായാണ് 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യുടെ ഒ.ടി.ടി അവകാശം സീ-5 സ്വന്തമാക്കിയത്. വെബ്സീരീസുകളുൾപ്പെടെ പുതിയ പദ്ധതിയുടെ ഭാഗമായുണ്ടാകും.
'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഇത് മാറ്റാതെ പ്രദർശനാനുമതി നല്കില്ലെന്ന് സെൻസർബോർഡ് വ്യക്തമാക്കിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. സിനിമാ സംഘടനകളെല്ലാം ഇതിൽ പ്രതിഷേധമുയർത്തുകയും ചെയ്തു.
നിർമാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് എൻ.നഗരേഷ് സിനിമ കാണുന്നതുവരെയുള്ള സംഭവവികാസങ്ങളുണ്ടായി. വാദപ്രതിവാദങ്ങൾക്കൊടുവിൽ സിനിമയുടെ പേരിലെ ജാനകി എന്നത് ജാനകി വി എന്നാക്കാൻ നിർമാതാക്കൾ സമ്മതിച്ചു. അതോടെയാണ് സെൻസർബോർഡ് പ്രദർശനാനുമതി നല്കിയത്. ഇതിനിടെയാണ് ചിത്രത്തിന്റെ ഒ.ടി.ടി അവകാശം വിറ്റുപോയത്. നേരത്തെ സുരേഷ് ഗോപിയുടെ 'പാപ്പൻ'എന്ന സിനിമയുടെ ഒ.ടി.ടി അവകാശവും സീ-5 ആണ് വാങ്ങിയത്.