
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള(ജെഎസ്കെ) എന്ന സിനിമയുടെ പേര് മാറ്റാതെ പ്രദർശനാനുമതി നല്കാനാകില്ലെന്ന സെൻസർബോർഡിന് തീരുമാനത്തിന് കാരണമായത് അതിലെ ചില കോടതിരംഗങ്ങൾ. ലൈംഗികാതിക്രമത്തിന് ഇരയായ ജാനകി എന്ന പെൺകുട്ടിയാണ് ജെഎസ്കെയിലെ നായിക. കേസിന്റെ ക്രോസ് വിസ്താരവേളയിൽ ജാനകിയോട് 'അശ്ലീലസിനിമ കാണാറുണ്ടോ,ആൺസുഹൃത്തുണ്ടോ,ലഹരിമരുന്നുകൾ ഉപയോഗിക്കാറുണ്ടോ' തുടങ്ങിയ പ്രകോപനപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് സെൻസർബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചതിനെതിരേ നിർമാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ് നല്കിയ ഹർജിയിന്മേലുളള വാദത്തിനിടെയാണ് സെൻസർബോർഡിനുവേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേന്ദ്രസിങ് രേഖാമൂലം വിശദീകരണം നല്കിയത്. ചിത്രത്തിന്റെ പേരുമാറ്റുന്നത് കഥാഗതിയെ ബാധിക്കില്ലെന്ന് ഇതിൽ പറയുന്നു.
ലൈംഗികാതിക്രമത്തിനിരയായി നീതി തേടുന്ന പെൺകുട്ടിക്ക് ജാനകി എന്ന പേരുനല്കിയത് മതവികാരം വ്രണപ്പെടുത്തുകയും പൊതുജീവിതത്തിൽ അലോസരമുണ്ടാക്കുകയും ചെയ്യും. പീഡനത്തിനിരയായ പെൺകുട്ടിയെ ഒരു മതവിഭാഗത്തിൽ പെട്ടയാൾ സഹായിക്കുകയും മറ്റൊരു വിഭാഗത്തിൽ പെട്ടയാൾ അപമാനകരമായ ചോദ്യങ്ങളുന്നയിച്ച് ക്രോസ് വിസ്താരം നടത്തുകയും ചെയ്യുന്നത് സമുദായ സംഘർഷത്തിന് വഴിയൊരുക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
മലയാളത്തിനുപുറമേ ഹിന്ദി,തമിഴ്,കന്നഡ,തെലുങ്ക് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യുന്നതിലൂടെ രാജ്യമെങ്ങും ഈ വിഷയമെത്തും. പ്രദർശനാനുമതി നല്കിയാൽ അത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കും. ശരാശരി ധാർമികതയുള്ള മനുഷ്യന്റെ കാഴ്ചപ്പാടിലൂടെയാണ് ഇത്തരം സിനിമകളെ സമീപിക്കേണ്ടത്. മുമ്പ് ദൈവങ്ങളുടെ പേരുന്നയിച്ച സിനിമകളുടെ കഥ ഇത്തരത്തിലായിരുന്നില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ 'സെക്സി ദുർഗ' എന്ന ചിത്രത്തിന്റെ പേര് 'എസ്.ദുർഗ' എന്നാക്കി മാറ്റിയ സംഭവും സെൻസർ ബോർഡ് വിശദീകരണത്തിൽ എടുത്തുപറഞ്ഞു.
മത,വംശ വിദ്വേഷകരമായ കാര്യങ്ങൾ പാടില്ലെന്ന നിർദേശം ലംഘിച്ചതിനാലാണ് സർട്ടിഫിക്കറ്റ് നല്കാത്തതെന്ന് നിർമാതാക്കളുടെ ഹർജിയുടെ വാദത്തിനിടെ ഹൈക്കോടതിയെ സെൻസർബോർഡ് അറിയിച്ചിരുന്നു. കാരണങ്ങൾ വ്യക്തമാക്കാൻ കോടതി നിർദേശിച്ചു. തുടർന്നാണ് സെൻസർബോർഡ് സത്യവാങ്മൂലം നല്കിയത്.
ചിത്രത്തിൽ ജാനകിയെ അവതരിപ്പിക്കുന്നത് 'പ്രേമ'ത്തിലൂടെ ശ്രദ്ധേയയായ അനുപമ പരമേശ്വരനാണ്. അഭിഭാഷകന്റെ കഥാപാത്രമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടേത്.