

തെന്നിന്ത്യൻ സിനിമാ പ്രേമികൾക്കായി ഒടിടിയിൽ ഹിറ്റ് ചിത്രങ്ങളുടെ പൂരം. രജനികാന്തിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ജയിലർ 2, ദിലീപിന്റെ ബാന്ദ്ര, വിജയ് ദേവരകൊണ്ടയുടെ രണബാലി തുടങ്ങിയ വിവിധ ഭാഷാചിത്രങ്ങൾ സ്വീകരണമുറിയിലെത്തി.
ജയിലർ 2
നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത് രജനികാന്ത് നായകനായ 'ജയിലർ 2'ആണ് ഏറ്റവും വലിയ ഒടിടി റിലീസ്. 2023-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ 'ജയിലറിന്റെ രണ്ടാം ഭാഗമായ ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചു.
മുൻ ജയിലറായ 'ടൈഗർ' മുത്തുവേൽ പാണ്ഡ്യന്റെ ശാന്തമായ ജീവിതത്തിലേക്കു പഴയൊരു ശത്രു കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണു പ്രമേയം.
മോഹൻലാൽ, ശിവരാജ്കുമാർ, ഹൃത്വിക് റോഷൻ, സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, രമ്യ കൃഷ്ണൻ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, മിർണ, നമോ നാരായണ എന്നിവരടങ്ങുന്ന വൻ താരനിര ചിത്രത്തിലുണ്ട്.
രണബാലി
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിൽ എത്തുന്ന പീരിയഡ് ആക്ഷൻ ഡ്രാമ 'രണബാലി' നെറ്റ്ഫ്ളികസിൽ സ്ട്രീമിങ് ആരംഭിച്ചു. രാഹുൽ സങ്കൃത്യൻ സംവിധാനം ചെയ്ത ചിത്രം 1870-കളിലെ ദക്ഷിണേന്ത്യൻ ക്ഷാമകാലത്തിന്റെ പശ്ചാത്തലത്തിലാണു കഥ പറയുന്നത്. ബ്രിട്ടീഷ് ഭരണത്തിനും ക്രൂരനായ കമ്മീഷണർക്കുമെതിരെ തന്റെ ജനതയെ സംരക്ഷിക്കാനായി പോരാടുന്ന വിപ്ലവകാരിയായ യോദ്ധാവിന്റെ വേഷമാണ് വിജയ് ദേവരകൊണ്ട അവതരിപ്പിക്കുന്നത്. ഈശ്വരി റാവു, ലാൽ, വിനോദ് സാഗർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.
ബാന്ദ്ര
ദിലീപ് നായകനായ 'ബാന്ദ്ര' ഒടിടിയിലെത്തി. തിയേറ്റർ റിലീസിന് മൂന്നു വർഷത്തിനുശേഷം ഒടിടിയിലെത്തുന്നത്. അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രം സീ5-ൽ കാണാം. തമന്ന ഭാട്ടിയ അവതരിപ്പിക്കുന്ന താരാ ജാനകിയുമായുള്ള, ദിലീപിന്റെ ആല എന്ന കഥാപാത്രത്തിന്റെ പ്രണയവും ജീവിതവുമാണ് പ്രമേയം. തമന്നയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. മമ്ത മോഹൻദാസ്, ഡിനോ മോറിയ, ശരത് കുമാർ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, ലെന, ഗണേഷ് കുമാർ എന്നിവരും ചിത്രത്തിലുണ്ട്.
ദ് തേർഡ് മർഡർ
സുനിൽ ഇബ്രാഹിം സംവിധാനം ചെയ്ത മിസ്റ്ററി ത്രില്ലർ 'ദി തേർഡ് മർഡർ' മനോരമ മാക്സിൽ സ്ട്രീമിങ് ആരംഭിച്ചു. ഇന്ദ്രൻസ്, വിനയ് ഫോർട്ട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സീരിയൽ കില്ലർ കേസുകൾ തെളിയിക്കുന്നതിൽ വിദഗ്ധനായ സ്വാമി എന്ന മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഇന്ദ്രൻസ് എത്തുന്നത്.
ബിസിനസുകാരനായ ബോബനും ലഹരിമരുന്ന് ഇടപാടുകാരനായ ജസ്റ്റിനും ഒരേ രീതിയിൽ കൊല്ലപ്പെടുന്നതും, ഡിവൈഎസ്പി ക്രിസ്റ്റി ഈ കേസ് അന്വേഷിക്കാൻ സ്വാമിയുടെ സഹായം തേടുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അനന്യ, ലിയോണ, മണികണ്ഠൻ പട്ടാമ്പി, ജോണി ആന്റണി എന്നിവരും ചിത്രത്തിലുണ്ട്.