

നിരവധി അന്താരാഷ്ട്ര ദൃശ്യവിസ്മയങ്ങൾ ഒടിടിയിലെത്തി. ബിഗ് ബജറ്റ് ചിത്രങ്ങളും കുട്ടികളുടെ ചിത്രങ്ങളും ഉൾപ്പെടെ പ്രേക്ഷകർക്കു സ്വീകരണമുറിയിലിരുന്നു കാണാം. ത്രസിപ്പിക്കുന്ന ത്രില്ലർ സീരീസുകളും ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ 10 എണ്ണത്തെ പരിചയപ്പെടാം. റസൽക്രോ മുതൽ പെനലോപ് ക്രൂസ് വരെയുള്ള താരനിര ഇതിൽ അണിനിരക്കുന്നു.
ലുപിൻ (പാർട്ട് 4)
പ്രശസ്ത ഫ്രഞ്ച് ത്രില്ലർ സീരീസായ 'ലുപിൻ' നാലാം ഭാഗം നെറ്റ്ഫ്ലിക്സിൽ എത്തി. തടവറയിലും മകന് നൽകിയ വാക്ക് പാലിക്കാൻ ശ്രമിക്കുന്ന ജെന്റിൽമാൻ കള്ളൻ അസാനെ ഡിയോബിന്റെ കഥയാണു ചിത്രം പറയുന്നത്.
തന്റെ പേരിൽ മ്യൂസിയം മോഷണങ്ങൾ നടക്കുമ്പോൾ, കുറ്റക്കാരനല്ലെന്ന് തെളിയിക്കാനും അപരന്മാരെ കണ്ടെത്താനും അസാൻ വീണ്ടും പുതിയ വേഷങ്ങളിൽ പുറത്തിറങ്ങുന്നു. ഒമർ സി, ലുഡിവൈൻ സാഗ്നിയർ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ.
ദ് ടെർമിനൽ ലിസ്റ്റ് (സീസൺ 2)
ക്രിസ് പ്രെറ്റ് നായകനാകുന്ന ജനപ്രിയ സ്പൈ ത്രില്ലർ പരമ്പരയായ 'ദ് ടെർമിനൽ ലിസ്റ്റ്' രണ്ടാം സീസണുമായി തിരിച്ചെത്തിയിരിക്കുന്നു. ജാക് കാറിന്റെ 'ട്രൂ ബിലീവർ' നോവലിനെ ആസ്പദമാക്കിയാണ് പരമ്പര. മുൻ നേവി സീൽ ഉദ്യോഗസ്ഥനായ ജെയിംസ് റീസ് മോസ്കോ മുതൽ ലാങ്ക്ലി വരെ നീളുന്ന ഒരു ഗൂഢാലോചനയെയും തന്റെ കുടുംബത്തിന്റെ രഹസ്യങ്ങളെയും കണ്ടെത്താനുള്ള ദൗത്യത്തിലാണ്. പ്രൈം വീഡിയോയിൽ കാണാം.
മോന
ഡിസ്നിയുടെ പ്രശസ്തമായ ആനിമേഷൻ ചിത്രം 'മോന'യുടെ ലൈവ്-ആക്ഷൻ പതിപ്പ് ഒടിടിയിൽ റിലീസ് ചെയ്തു. സ്വന്തം ദ്വീപിനെയും ജനങ്ങളുടെ സമൃദ്ധിയെയും രക്ഷിക്കാൻ സമുദ്രത്തിലൂടെ സാഹസിക യാത്ര നടത്തുന്ന ധീരയായ യുവതിയുടെ കഥയാണിത്. ഡെമിഗോഡ് മാവിയുടെ സഹായത്തോടെ അപകടകരമായ വെല്ലുവിളികളെ നേരിടുന്ന മോനയായി കാതറിൻ ലഗാവുയും, മാവിയായി ഡ്വെയ്ൻ ജോൺസണും വേഷമിടുന്നു. ജിയോഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.
ദ് ഇൻവൈറ്റ്
ജോ-ആഞ്ചല ദമ്പതികളുടെ ജീവിതത്തിലേക്ക് അയൽക്കാർ വിരുന്നിനായി എത്തുന്നതോടെ അവരുടെ ബന്ധത്തിലെ അസ്വസ്ഥതകളും അടിച്ചമർത്തപ്പെട്ട സത്യങ്ങളും പുറത്തുവരുന്ന പ്രമേയമാണ് ചിത്രം പറയുന്നത്. സെത്ത് റൊഗാൻ, ഒലിവിയ വൈൽഡ്, പെനലോപ് ക്രൂസ്, എഡ്വേർഡ് നോർട്ടൺ തുടങ്ങിയ പ്രമുഖ താരനിര ചിത്രത്തിലുണ്ട്. ചിത്രം സീ 5-ൽ കാണാം.
ഫോണി
കാർ അപകടത്തിനുശേഷം ആശുപത്രിയിൽ ബോധം തെളിയുന്ന കൗമാരക്കാരനായ സോണിക്ക് തന്റെ അമ്മയെ തിരിച്ചറിയാൻ കഴിയുന്നില്ല. അവരെ മറ്റൊരു സ്ത്രീയായി തെറ്റിദ്ധരിക്കുന്നു. തുടർന്നുള്ള ദുരൂഹതകളും തന്റെ കുടുംബ ജീവിതത്തിലെ മാറ്റങ്ങളും അന്വേഷിച്ച് സോണി നടത്തുന്ന ശ്രമങ്ങളാണു ചിത്രത്തിന്റെ പ്രമേയം. സാം നിവോല, കോന്നി ബ്രിട്ടൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജിയോഹോട്ട്സ്റ്റാറിൽ ചിത്രം കാണാം.
നോബഡി വാണ്ട്സ് ദിസ്
ജനപ്രിയ റൊമാന്റിക് കോമഡി പരമ്പരയുടെ മൂന്നാം സീസൺ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ജോവാനും നോവയും ഒരുമിച്ച് താമസം തുടങ്ങുന്നതും, യഹൂദ മതത്തിലേക്കു മാറാനുള്ള ജോവാന്റെ ശ്രമങ്ങളും പുതിയ സീസണിൽ കാണാം. ക്രിസ്റ്റിൻ ബെൽ, ആദം ബ്രോഡി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പിനോച്ചിയോ അൺസ്ട്രങ്
കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രമായ പിനോച്ചിയോയെ തികച്ചും വ്യത്യസ്തമായ ഒരു ഹൊറർ ശൈലിയിൽ അവതരിപ്പിക്കുന്ന ചിത്രമാണിത്. ഗെപ്പറ്റോയുടെ മരപ്പാവയായ പിനോച്ചിയോ തന്റെ സഹോദരനെപ്പോലെ യഥാർഥ ആൺകുട്ടിയാകാൻ ആഗ്രഹിക്കുകയും, അതിനായി അക്രമാസക്തമായ വഴികൾ തിരഞ്ഞെടുക്കുകയും ചെയ്യുന്നതാണ് കഥ. റിച്ചാർഡ് ബ്രേക്ക്, റോബർട്ട് എൻഗ്ലുഡ് തുടങ്ങിയവരാണു പ്രധാന വേഷങ്ങളിൽ. പ്രൈം വീഡിയോയിൽ കാണാം.
സൈബർപങ്ക്: എഡ്ജ് റണ്ണേഴ്സ് (സീസൺ 2)
ജനപ്രിയ അനിമേഷൻ സീരീസിന്റെ രണ്ടാം ഭാഗം. നൈറ്റ് സിറ്റിയുടെ തെരുവുകളിൽ പ്രതികാരത്തിനും അതിജീവനത്തിനുമായി ഇറങ്ങിത്തിരിക്കുന്ന പുതിയൊരു കൂട്ടം കൂലിപ്പടയാളികളുടെ കഥയാണ് ഈ സീസൺ പറയുന്നത്. നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാം.
ലെജൻഡ് ഓഫ് ദ് വൈറ്റ് ഡ്രാഗൺ
കുടുംബവുമായി വീണ്ടും ഒന്നിക്കാൻ ശ്രമിക്കുന്ന, ഒളിവിൽ കഴിയുന്ന നായകൻ എറിക് റീഡിന്റെ കഥ. വൈറ്റ് ഡ്രാഗണെ പൂർണമായി നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു നിഗൂഢ വില്ലനെതിരെ അവൻ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്ലോട്ട്. ജേസൺ ഡേവിഡ് ഫ്രാങ്ക്, മൈക്കൾ മാഡ്സൺ തുടങ്ങിയവർ അഭിനയിക്കുന്നു. ലയൺസ്ഗേറ്റ് പ്ലേയിൽ ചിത്രം കാണാം.
ദ് ഗെറ്റ് ഔട്ട്
നൈറ്റ് ക്ലബ് ഉടമ തന്റെ കാമുകിയായ സണ്ണിക്കൊപ്പം വിരമിക്കാൻ പദ്ധതിയിടുന്നു. എന്നാൽ മാസ്ക് ധരിച്ച ഒരു സംഘം അദ്ദേഹത്തെ കൊള്ളയടിക്കുന്നതോടെ കാര്യങ്ങൾ മാറിമറിയുന്നു. റസൽ ക്രോ, ലൂക്ക് എവൻസ് എന്നിവരാണ് പ്രധാന താരങ്ങൾ. പ്രൈം വീഡിയോയിൽ ചിത്രം കാണാം.