

ഒടിടി പ്ലാറ്റ്ഫോമുകളിൽ വൈവിധ്യമാർന്ന ഹോളിവുഡ് ചിത്രങ്ങളും സീരീസുകളും ഡോക്യുമെന്ററികളും സ്ട്രീമിങ് തുടരുന്നു. മിതോളജിക്കൽ കോമഡി, സൂപ്പർ നാച്ചുറൽ ത്രില്ലർ, സയൻസ് ഫിക്ഷൻ, ഹൊറർ, ആനിമേഷൻ, ഇമോഷണൽ ഡ്രാമ തുടങ്ങി വ്യത്യസ്ത പ്രമേയങ്ങളിലുള്ള ദൃശ്യവിരുന്നാണ് സ്വീകരണ മുറിയിലെത്തിയിട്ടുള്ളത്.
ഈസ്റ്റ് ഓഫ് ഈഡൻ (East of Eden)
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കാലിഫോർണിയയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന കുടുംബ ചിത്രം. രണ്ട് സഹോദരന്മാരുടെ ജീവിതത്തിലേക്ക് സ്വതന്ത്ര ചിന്താഗതിക്കാരിയായ സ്ത്രീ കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന പ്രണയം, വിദ്വേഷം, ധാർമികത എന്നിവയാണ് പ്രമേയം.
ഫ്ലോറൻസ് പ്യു, ക്രിസ്റ്റഫർ ആബട്ട്, മൈക്ക് ഫെസ്റ്റ്, സിയാറാൻ ഹിൻഡ്സ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഗാർത്ത് ഡേവിസ്, ലോർ ഡി ക്ലർമോണ്ട്-ടോണർ എന്നിവർ ചേർന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ കാണാം.
ദ് എൻഡ് ഓഫ് ഓക്ക് സ്ട്രീറ്റ് (The End of Oak Street)
അജ്ഞാത കോസ്മിക് പ്രതിഭാസം കാരണം വിചിത്രമായ ലോകത്തിലേക്ക് എറിയപ്പെടുന്നതും, സമയം തന്നെ നിലച്ചുപോകുന്ന ആ ലോകത്ത് അതിജീവനത്തിനായി പോരാടുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ഡേവിഡ് റോബർട്ട് മിച്ചൽ സംവിധാനം ചെയ്ത ചിത്രം പറയുന്നത്. ആനി ഹാത്വേ, ഈവൻ മഗ്രെഗർ, മൈസി സ്റ്റെല്ല, ക്രിസ്റ്റ്യൻ കൺവറി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രൈം വീഡിയോയിൽ ചിത്രം ലഭ്യമാണ്.
ഡെത്ത് ഓഫ് എ യൂണികോൺ (Death of a Unicorn)
അച്ഛനും മകളും യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഒരു യൂണികോണിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തുന്നു. തുടർന്ന് ആ അദ്ഭുത ജീവിയുടെ അവശിഷ്ടങ്ങൾക്ക് അമാനുഷിക ശക്തികളുണ്ടെന്ന് ധനികരായ ഒരു കുടുംബം തിരിച്ചറിയുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് അലക്സ് ഷിമാൻ സംവിധാനം ചെയ്ത ഈ ഡാർക്ക് കോമഡി ചിത്രം പറയുന്നത്. പോൾ റൂഡ്, ജെന്ന ഒർടേഗ, വിൽ പോൾട്ടർ, റിച്ചാർഡ് ഇ. ഗ്രാന്റ് എന്നിവരാണ് അഭിനേതാക്കൾ. നെറ്റ്ഫ്ലിക്സിൽ കാണാം.
ദ് വുമൺ ഇൻ ദ യാർഡ് (The Woman in the Yard)
മകൻ മരിച്ചതിന്റെ ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിലേക്ക് കറുത്ത വസ്ത്ര ധാരിയായ നിഗൂഢ സ്ത്രീ പ്രത്യക്ഷപ്പെടുന്നു. "ഇന്നാണ് ആ ദിവസം' എന്ന് അവർ നിരന്തരം മുന്നറിയിപ്പ് നൽകുന്നതോടെ കുടുംബത്തിനു നേരിടേണ്ടി വരുന്ന അമാനുഷിക ഭീഷണികളാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡാനിയേൽ ഡെഡ്വൈലർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജൗമെ കോലെറ്റ്-സെറയാണ് സംവിധാനം ചെയ്തിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാം.
ഹോകും (Hokum)
മാതാപിതാക്കളുടെ ഭൗതികാവശിഷ്ടങ്ങൾ നിക്ഷേപിക്കാനായി അയർലൻഡ് സന്ദർശിക്കുന്ന ഹൊറർ എഴുത്തുകാരനു നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് ചിത്രം പറയുന്നത്. ആഡം സ്കോട്ട്, പീറ്റർ കുനൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ഡാമിയൻ മക്കാർത്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രൈം വീഡിയോയിൽ ചിത്രം കാണാം.
ലെഗോ വൺ പീസ് (Lego One Piece)
പ്രശസ്തമായ വൺ പീസ് ആനിമേഷൻ പരമ്പരയുടെ ലെഗോ രൂപമാണിത്. സ്ട്രോ ഹാറ്റ് പൈറേറ്റ്സിന്റെ ആദ്യകാല സാഹസിക യാത്രകൾ ഉസോപ്പ് ചോപ്പറിനു വിവരിച്ചു നൽകുന്ന രീതിയിലാണ് ചെൽസി കെർ സംവിധാനം ചെയ്ത ഈ പ്ലേഫുൾ അനിമേഷൻ ചിത്രം ഒരുക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ചിത്രം ലഭ്യമാണ്.
മഡഗാസ്കർ: എ ലിറ്റിൽ വൈൽഡ് (Madagascar: A Little Wild)
പ്രശസ്ത ആനിമേഷൻ ഫ്രാഞ്ചൈസിയായ മഡഗാസ്കറിലെ അലക്സ്, മാർട്ടി, മെൽമാൻ, ഗ്ലോറിയ എന്നീ കഥാപാത്രങ്ങളുടെ ബാല്യകാല സാഹസികതകളും ന്യൂയോർക്ക് നഗരത്തിലെ വിശേഷങ്ങളുമാണ് ഈ അനിമേഷൻ പരമ്പര പങ്കുവെക്കുന്നത്. സീ5-ൽ ചിത്രം കാണാം.
ഡൂയിങ് ലൈഫ് (Doing Life)
ഒരു സിംഗിൾ മദറും ജയിലിൽ കഴിയുന്ന വ്യക്തിയും തമ്മിൽ കത്തുകളിലൂടെ രൂപപ്പെടുന്ന വൈകാരിക ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ടൈലർ പെറി സംവിധാനം ചെയ്ത ചിത്രത്തിൽ നവോമി ബേക്കർ, ജെയ് റീവ്സ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു. നെറ്റ്ഫ്ലിക്സിൽ ചിത്രം കാണാം.
ദ് ലാസ്റ്റ് ഫസ്റ്റ്: വിന്റർ K2 (The Last First: Winter K2)
ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ K2 ശൈത്യകാലത്ത് കീഴടക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം പർവതാരോഹകരുടെ യഥാർഥ അനുഭവങ്ങളെയും അവർ നേരിടുന്ന വെല്ലുവിളികളെയും ആസ്പദമാക്കി അമീർ ബാർ-ലെവ് തയാറാക്കിയ ഡോക്യുമെന്ററിയാണിത്. ആപ്പിൾ ടിവി പ്ലസിൽ കാണാം.
ദ് പാൻഡെമിക് പ്രോഫെറ്റ് (The Pandemic Prophet)
പ്രൊഫസർ ദിദിയർ റാവൂൾട്ടിന്റെ കോവിഡ്-19 ചികിത്സാ അവകാശവാദങ്ങളെക്കുറിച്ച് ആറ് സാധാരണക്കാർ നടത്തുന്ന അന്വേഷണവും അതിനു പിന്നിലെ യാഥാർഥ്യങ്ങളും തുറന്നുകാട്ടുന്ന സയൻസ് ഡോക്യുമെന്ററിയാണിത്. ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു.