

ഏകദേശം രണ്ടു കോടി രൂപ ബജറ്റിൽ നിർമിച്ച് ലോകമെമ്പാടുമായി 452.86 കോടി രൂപയിലധികം കളക്ഷൻ നേടി വൻ വിജയമായി മാറി സിനിമാ ലോകത്ത് വലിയ ചർച്ചയായ ഭക്തി-ജീവചരിത്ര ചിത്രമാണ് 'ഹനുമാൻ അംശ്'. ഒടുവിൽ ബോക്സ് ഓഫീസിൽ ചരിത്രമെഴുതി ഈ വിസ്മയ സിനിമ ഒടിടിയിലേക്ക് എത്തി. സോണി ലിവിൽ നവംബർ 27ന് ആണ് സ്ട്രീമിങ് തുടങ്ങിയത്. ഹിന്ദിയിലാണ് ചിത്രം കാണാനാകുക.
സ്റ്റീവ് ജോബ്സ്,മാർക്ക് സക്കർബർഗ്,വിരാട് കോലി തുടങ്ങിയവരെപ്പോലും സ്വാധീനിച്ച ഹിന്ദു ആത്മീയ ഗുരു നീം കരോലി ബാബയുടെ ജീവിതത്തെ ആധാരമാക്കിയുള്ളതാണ് 'ഹനുമാൻ അംശ്'. വിശാൽ ചതുർവേദി രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ശോഭിനവ് സത്യ,ചന്ദൻ കെ.ആനന്ദ്,അനിൽ രസ്തോഗി,പൂർണിമ തിവാരി തുടങ്ങിയവരാണ് അഭിനേതാക്കൾ. രാഗിണി സോന,നമ്രത ജി.സിങ്,അനുപ്രിയ എ.നാഗർ,വിശാൽ ചതുർവേദി എന്നിവർ ചേർന്നാണ് നിർമാണം.
ഒടിടിയിലെത്തിയതോടെ ചിത്രത്തിന്റെ അപ്രതീക്ഷിത കുതിപ്പിൽ നിർണായക പങ്കുവഹിച്ച മൂന്നുവനിതകളെക്കുറിച്ചുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. വലിയ പ്രതീക്ഷകളൊന്നുമില്ലാതിരുന്ന ഘട്ടത്തിൽ ചിത്രത്തിനൊപ്പം നിന്ന നിർമാതാക്കളായ അനുപ്രിയ നാഗർ, രാഗിണി സോന, നമ്രത ജി. സിങ് എന്നിവരാണ് നേട്ടത്തിന്റെ കേന്ദ്രബിന്ദുവായത്. സംവിധായകനും മറ്റൊരു നിർമാതാവുമായ ഡോ. വിശാൽ ചതുർവേദിക്കൊപ്പം ചേർന്ന് ഇവർ നൽകിയ പിന്തുണ ഒരു ചെറിയ ബജറ്റ് ചിത്രത്തെ 2026-ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാക്കി മാറ്റി.
21 വയസുകാരിയായ നിർമാതാവ് അനുപ്രിയ നാഗർ ചിത്രത്തിന്റെ ധനസഹായത്തിന്റെ മൂന്നിലൊന്ന് ഭാഗം വഹിക്കുകയും പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാവുകയും ചെയ്തു. അതേസമയം, ഒരു പരമ്പരയുടെ ആദ്യ അധ്യായമായി 'ഹനുമാൻ അംശ്' എന്ന ചിത്രത്തെ ഉയർത്തിക്കാട്ടി രാഗിണി സോന ശക്തമായ പിന്തുണ നൽകി.
ചിത്രം ശ്രദ്ധ നേടുകയും സിനിമാ മേഖലയിലെ പ്രധാന ചർച്ചകളിലേക്ക് മാറുകയും ചെയ്തതോടെ, മാധ്യമശ്രദ്ധയും ഒടിടി താല്പര്യങ്ങളും ഉയർന്നു. ഈ ഘട്ടത്തിൽ ചിത്രത്തിന്റെ അടുത്ത നീക്കങ്ങൾ ഏകോപിപ്പിക്കുകയും നയിക്കുകയും ചെയ്യുന്ന ചുമതല നമ്രത ജി. സിങ്ങിനെ ഏൽപ്പിച്ചു.
ചിത്രത്തിലെ മറ്റു പ്രധാന അണിയറ പ്രവർത്തകരുടെ പങ്കിനൊപ്പം ഈ മൂന്ന് വനിതകളുടെ കൂട്ടായ പരിശ്രമവും ധീരമായ തീരുമാനങ്ങളുമാണ് 'ഹനുമാൻ അംശ്' എന്ന ചെറിയ ബജറ്റ് ചിത്രത്തെ വലിയ വിജയത്തിലേക്ക് നയിച്ചത്.