

ബോക്സ് ഓഫീസിൽ അത്ഭുതകരമായ കുതിപ്പ് നടത്തി 100 കോടി കളക്ഷനിലേക്കെത്തുന്ന 'ഹനുമാൻ അംശ്' എന്ന ചിത്രത്തിന് പിന്നിലെ അപമാനത്തിന്റെ കഥ വെളിപ്പെടുത്തി സംവിധായകൻ വിശാൽ ചതുർവേദി. ചിത്രം പൂർത്തിയാക്കുന്നതിന് മുമ്പ് കഥ പറയുന്നതിനായി സമീപിച്ചപ്പോൾ ഒരു മുൻനിര ഒടിടി പ്ലാറ്റ്ഫോം വളരെ മോശമായ രീതിയിലാണ് തന്നെ നിരസിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഒരു അഭിമുഖത്തിലാണ് വിശാൽ ഈ കാര്യങ്ങൾ പങ്കുവെച്ചത്. 'മഹാരാജ് ജീയുടെ (നീം കരോലി ബാബ) കഥ ഒടിടി പ്ലാറ്റ്ഫോമിന് മുന്നിൽ വിവരിക്കുമ്പോൾ ഞാൻ കരഞ്ഞുപോയിരുന്നു. എന്നാൽ അവർ അത് നിരസിച്ച രീതിയും ഉപയോഗിച്ച ഭാഷയും തികച്ചും അപമാനകരമായിരുന്നു. എന്നാൽ ആ നിരാസമാണ് ഈ കഥ ആളുകളിലേക്ക് എത്തിച്ചേ മതിയാകൂ എന്ന നിർബന്ധം എന്നിലുണ്ടാക്കിയത്'-വിശാൽ ചതുർവേദി പറഞ്ഞു. സിനിമക്കാർ എന്ന നിലയിൽ ആയിരം തള്ളലുകൾ നേരിട്ടവരാണ് തങ്ങളെന്നും, എന്നാൽ ആ സംഭവമാണ് ചിത്രം നിർമിക്കാൻ പ്രചോദനമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹനുമാൻ ഭക്തനും സ്റ്റീവ് ജോബ്സ്,മാർക്ക് സക്കർബർഗ്,വിരാട് കോലി തുടങ്ങിയവരെപ്പോലും സ്വാധീനിച്ച ഹിന്ദു ആത്മീയ ഗുരുവുമായ നീം കരോലി ബാബയുടെ ജീവിതത്തെയും ഉപദേശങ്ങളെയും ആസ്പദമാക്കി ഒരുക്കിയ സിനിമ ഓഗസ്റ്റ് 7-നാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യദിനം വെറും 10 ലക്ഷം രൂപ മാത്രണാണു നേടാനായത്. എന്നാൽ, പ്രേക്ഷകരുടെ മികച്ച അഭിപ്രായം വന്നതോടെ ചിത്രം തിയേറ്ററുകളിൽ തരംഗമായി മാറി. മൂന്നാം വാരത്തിൽ മാത്രം 10.40 കോടി രൂപ നേടാൻ ചിത്രത്തിന് സാധിച്ചു. റിലീസ് ചെയ്ത് നാലാം വാരത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 61 കോടി രൂപയാണ് ചിത്രം കളക്ട് ചെയ്തത്.
ശോഭിനവ് സത്യ,ചന്ദൻ കെ.ആനന്ദ്,അനിൽ രസ്തോഗി,പൂർണിമ തിവാരി തുടങ്ങിയവരാണ് അഭിനേതാക്കൾ. രാഗിണി എസ്,നമ്രത ജി.സിങ്,അനുപ്രിയ എ.നാഗർ,വിശാൽ ചതുർവേദി എന്നിവർ ചേർന്നാണ് നിർമാണം. ആഭ്യന്തര ബോക്സ് ഓഫീസിലെ വമ്പൻ വിജയത്തിന് പിന്നാലെ ചിത്രം സെപ്റ്റംബർ 11-ന് ആഗോളതലത്തിൽ റിലീസ് ചെയ്യാനും നിർമാതാക്കൾ ഒരുങ്ങുകയാണ്.