

അജയ് ദേവ്ഗൺ നായകനായെത്തിയ 'ദൃശ്യം 3: ദ് കൺക്ലൂഷൻ' ഒടിടിയിലേക്ക് ബോക്സ് ഓഫീസിൽ ചരിത്രനേട്ടം സ്വന്തമാക്കിയ ശേഷമാണ് ചിത്രം സ്ട്രീമിങ്ങിനൊരുങ്ങുന്നത്. ആഗോള കളക്ഷനിൽ 500 കോടിയലധികം കളക്ഷൻ നേടിയ ചിത്രം അജയ് ദേവ്ഗണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറി. ആദ്യ രണ്ടുഭാഗങ്ങളെ കടത്തിവെട്ടിയ വിജയമാണ് അവസാനഭാഗം നേടിയത്.
'ദൃശ്യ'ത്തിന്റെ മുൻഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലാണ് മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗം എത്തുന്നത്. ആദ്യ ഭാഗം ജിയോ ഹോട്സ്റ്റാറിലും രണ്ടാംഭാഗം ആമസോൺ പ്രൈംവീഡിയോയിലുമായിരുന്നു സ്ട്രീം ചെയ്തത്. 'ദൃശ്യം 3' നെറ്റ്ഫ്ലിക്സിലാണ് കാണാനാകുക. നവംബർ 27ന് സ്ട്രീമിങ് ആരംഭിക്കും.
മലയാളത്തിലെ ജോർജ് കുട്ടി ഹിന്ദിയിൽ വിജയ് സാല്ഗോങ്കറാണ്. അജയ് ദേവ്ഗൺ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പക്ഷേ,മലയാളം പതിപ്പിന്റെ റീമേക്കായല്ല,പൂർണമായും പുതിയൊരു കഥയുമായാണ് ഹിന്ദിയിലെ 'ദൃശ്യം 3' തിയേറ്ററുകളിലെത്തിയത്. വിജയ് സാല്ഗോങ്കറിന്റെയും കുടുംബത്തിന്റെയും അതിജീവന പോരാട്ടം അവസാന ഘട്ടത്തിലേക്ക് എത്തുന്നതെങ്ങനെ എന്നതാണ് 'ദൃശ്യം 3' യുടെ സസ്പെൻസ്.
അഭിഷേക് പഥക് സംവിധാനം ചെയ്ത ചിത്രത്തിൽ തബു, ശ്രിയ ശരൺ എന്നിവർക്കൊപ്പം ജയ്ദീപ് അഹ്ളാവത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 'പാതാൾ ലോകി'ലെ പോലീസുകാരനായി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ജയ്ദീപ് അഹ്ലാവത്ത് 'ദൃശ്യം 3'-യിൽ വിജയ് സാൽഗോങ്കറിലെ കുറ്റവാളിയെ തേടിയെത്തുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായാണ് എത്തുന്നത്.
രണ്ടാം ഭാഗത്തിൽ പ്രധാന കഥാപാത്രമായെത്തിയ അക്ഷയ് ഖന്ന, പ്രതിഫലത്തർക്കത്തെ തുടർന്ന് ഈ സിനിമയിൽ നിന്ന് പിന്മാറിയിരുന്നു. ജയ്ദീപ് അഹ്ലാവത്തിനുപുറമേ പ്രകാശ് രാജാണ് മൂന്നാം ഭാഗത്തിലെ മറ്റൊരു പുതിയ താരം.