

വൻ പ്രേക്ഷകശ്രദ്ധ നേടിക്കൊണ്ട് ഹിന്ദി ‘ബിഗ് ബോസ് 20’ ആരംഭിച്ചു. പുതിയ സീസൺ കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോഡുകൾ സൃഷ്ടിച്ചുകൊണ്ട് അടുത്തകാലത്തെ ഏറ്റവും വലിയ ടെലിവിഷൻ ഇവന്റുകളിലൊന്നായി മാറുകയാണെന്നാണ് റിപ്പോർട്ടുകൾ. സൽമാൻ ഖാൻ അവതാരകനായെത്തുന്ന സീസൺ ഹൈവോൾട്ടേജ് ഡ്രാമയും മത്സരാർഥികളുടെ പ്രകടനങ്ങളും കൊണ്ടാണ് തുടക്കം മുതൽ ശ്രദ്ധ നേടുന്നത്.
ഏറ്റവും പുതിയ എപ്പിസോഡിന് 21 മില്യൺ വ്യൂസ് ലഭിച്ചതായാണ് പുറത്തുവരുന്ന കണക്ക്. നിരവധി പ്രധാന ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേക്ഷണങ്ങളുടെ വ്യൂവർഷിപ്പിനെയും ഇത് മറികടന്നതായാണ് റിപ്പോർട്ട്. ടെലിവിഷൻ പ്രേക്ഷകർക്കിടയിലെ സൽമാൻ ഖാന്റെ ജനപ്രീതിയും സ്വാധീനവും വ്യക്തമാക്കുന്നതാണ് ഈ കണക്കെന്നാണ് വിലയിരുത്തൽ. സീസണിന് ശക്തമായ തുടക്കം കിട്ടിയതോടെ വരും എപ്പിസോഡുകളെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയർന്നിരിക്കുകയാണ്.
അതേസമയം, ട്രോളന്മാർക്കെതിരെ സൽമാൻ ഖാൻ രൂക്ഷമായി പ്രതികരിച്ച എപ്പിസോഡിലെ ഷർട്ട്ലെസ് രംഗവും വലിയ ചർച്ചയായി. രംഗത്തിന്റെ ക്ലിപ്പുകളും ഇതുമായി ബന്ധപ്പെട്ട ചർച്ചകളും മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറലായി. സൽമാൻ ഖാന്റെ ശക്തമായ അവതരണ ശൈലിയും ട്രോളന്മാർക്കെതിരായ പ്രതികരണവും നടി കത്രീന കൈഫിന് നല്കിയ പിന്തുണയുമെല്ലാം എപ്പിസോഡിന് വലിയ ശ്രദ്ധ നേടിക്കൊടുത്തതായാണ് റിപ്പോർട്ടുകൾ. ഇതും ഉയർന്ന വ്യൂവർഷിപ്പിന് കാരണമായെന്നാണ് വിലയിരുത്തൽ.
കളേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് 20 ജിയോ ഹോട്സ്റ്റാറിലും സ്ട്രീം ചെയ്യുന്നുണ്ട്. ‘ബിഗ് ബോസ്’ ഇപ്പോഴും ഇന്ത്യയിലെ പ്രധാന വിനോദ ബ്രാൻഡുകളിലൊന്നായി തുടരുന്നുവെന്നതിന്റെ സൂചന കൂടിയാണ് പുതിയ സീസണിന്റെ ശക്തമായ തുടക്കമെന്നാണ് അണിയറവൃത്തങ്ങൾ പറയുന്നത്. ഒരു ദശകത്തിലേറെയായി ഫ്രാഞ്ചൈസിയുമായി സഹകരിക്കുന്ന സൽമാൻ ഖാന്റെ പുതിയ സീസണിലെ പ്രതിഫലം ഏകദേശം 120 കോടി രൂപയാണെന്നും റിപ്പോർട്ടുകളുണ്ട്.