
കരുനാഗപ്പള്ളിക്കാരൻ കബീർ ഭായി എനിക്കൊരു പഴയ നാഷണൽ പാനാസോണിക് ടേപ്പ് റെക്കോർഡർ തന്നു. മോഡൽ നമ്പർ RX 5120 F. നാൽപ്പത്തഞ്ചു വർഷത്തെ പഴക്കം കാണും. ഭാരം അഞ്ചേകാൽ കിലോ. വർഷങ്ങളുടെ ഉപയോഗത്താൽ കുടലിനും പണ്ടത്തിലും കാര്യമായ ക്ഷയം സംഭവിച്ചിട്ടുണ്ട്. ശരീരത്തിലും കാലം ഏൽപ്പിച്ച ധാരാളം പരിക്കുകൾ ദൃശ്യമാണ്. ഹെഡ്ഡും പിഞ്ച് റോളറും ജനിച്ചതിൽപിന്നെ കുളിച്ചിട്ടില്ല. ഇതൊക്കെയാണെങ്കിലും ആദ്യമായി പ്ലേ ബട്ടൺ അമർത്തിയപ്പോൾ എനിക്കത് വെറുമൊരു യന്ത്രമല്ലെന്നു തോന്നി. അനശ്വരതയുടെ ലോകത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോകാൻ അതിനു കഴിവുണ്ടായിരുന്നു. രാത്രിയെന്നില്ലാതെ, പകലെന്നില്ലാതെ ഞാൻ അതിനോടൊപ്പം സമയം ചിലവഴിച്ചു കൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസ കാലത്ത് ഒരു കാസറ്റ് സ്വന്തമാക്കുക വളരെ പ്രയാസമായിരുന്നു. ഡിജിറ്റൽ യുഗത്തിൽ ലക്ഷക്കണക്കിനു പാട്ടുകൾ സൗജന്യമായി കിട്ടുന്നതുപോലെ അന്നൊന്നും സംഗീതം സുലഭമായിരുന്നില്ല. ഓരോ കാസറ്റും ഒരു നിധിയായിരുന്നു. അതിനു വേണ്ടി ഞാൻ ഒട്ടേറെ അലഞ്ഞു. നഗരമധ്യത്തിലെ കടകളിൽ നിരത്തി വച്ചിരിക്കുന്ന തിളങ്ങുന്ന കാസറ്റുകൾ തിരിച്ചും മറിച്ചും നോക്കി ഞാൻ മണിക്കൂറുകളോളം നിന്നിട്ടുണ്ട്. എൻ്റെ ദയനീയത മനസ്സിലാക്കിയ കടയുടമകൾ ചിലപ്പോൾ എനിക്കുവേണ്ടിയല്ല എന്ന മട്ടിൽ അവ പ്ലേ ചെയ്യും. ദാഹിച്ചു വലഞ്ഞു വരുന്നവന് കുമ്പിൾ നിറയെ വെള്ളം കിട്ടുന്നതുപോലെ ആ അമൃതധാരകളെ ഞാൻ കൃതജ്ഞതയോടെ ആസ്വദിച്ചു, ഓർമയിൽ ഭദ്രമായി സൂക്ഷിച്ചു.
അന്നൊക്കെ പഠനത്തെ ബാധിക്കാത്ത തരത്തിൽ ചെറിയ ജോലികളിൽ ഞാൻ ഏർപ്പെട്ടിരുന്നു—തയ്യൽക്കട മുതൽ തട്ടുകട വരെ. അതിൽനിന്നു കിട്ടിയ തുച്ഛ വരുമാനത്തിലെ ഒരോഹരി ഞാൻ സംഗീതത്തിനായി ചിലവിട്ടു. പതുക്കെ കാസറ്റുകളുടെ ശേഖരം വളർന്നു. ഞാൻ അവയുടെ പട്ടിക തയ്യാറാക്കി. അതിൽ സിനിമാ പാട്ടുകൾ വളരെ കുറവായിരുന്നു. ലളിതസംഗീതത്തെ ഞാൻ വെറുത്തിട്ടല്ല, അതിനെക്കാൾ എൻ്റെ ആത്മാവിനു പോഷണം നൽകുന്ന അനന്തമായ വിഭവങ്ങളായി തോന്നിയതിനാൽ ഞാൻ ക്ലാസിക്കൽ സംഗീതത്തിൽ കേന്ദ്രീകരിച്ചു എന്നു മാത്രം. ഇങ്ങനെ ജീവിതത്തിലേക്കു കടന്നുവന്ന തെക്കും വടക്കും പടിഞ്ഞാറുമുള്ള മഹാഗായകർ മുറിയിൽ അവസാനമില്ലാതെ എനിക്കായി പാടിക്കൊണ്ടിരുന്നു. അവർക്കു ലഭിക്കാത്ത നിദ്ര എനിക്കും വേണ്ടെന്ന് ഞാനും കരുതി.
ഒരു വിനോദമായി സംഗീതത്തെ ഒരിക്കലും ഞാൻ കേട്ടിട്ടില്ല. പാട്ടുകൾ എനിക്ക് ജീവിതത്തോടുള്ള സംഭാഷണമായിരുന്നു. ഓരോ പ്രഭാതത്തിലും ഓരോ രാത്രിയിലും ഞാൻ സംഗീതത്തിലൂടെ ലോകത്തെ ദർശിച്ചുകൊണ്ടിരുന്നു. സംഗീതം കാമുകിയായി, സ്നേഹിതനായി, ജീവിത രഹസ്യങ്ങൾ തുറന്നു കാണിക്കുന്ന ഗുരുവുമായി. പഠനഭാരവും ഭാവിഭാരവും ഗാനതരംഗങ്ങളിൽ അലിഞ്ഞു തീരുവാൻ ഞാൻ ആഗ്രഹിച്ചു. അങ്ങനെ, ഒരു സ്വരംപോലും മൂളാൻ കഴിയാത്തവൻ നിരന്തരമായ കർണസാധകത്തിലൂടെ ഇരുനൂറിലധികം രാഗങ്ങൾ തിരിച്ചറിയാൻ പ്രാപ്തനായി. ആദ്യ സ്വരം കേൾക്കുമ്പോഴേ രാഗം മനസിലാക്കാൻ തുടങ്ങി. ആ കഴിവ് ഇപ്പോഴുണ്ടോ എന്നറിയില്ല. സംഗീതം നൽകുന്ന സൗന്ദര്യാനുഭവങ്ങളിലും ശാശ്വത സത്യങ്ങളിലും ഞാൻ എന്നെ സമർപ്പിച്ചതോടെ രാഗങ്ങളെയും താളങ്ങളെയും ശ്രദ്ധിക്കുന്ന ശീലം ഉപേക്ഷിച്ചു. മറഞ്ഞുപോയ ഓർമകളുടെ ഇടനാഴികൾ എന്നെ നടത്തിക്കൊണ്ടുപോകുന്ന അനുഭവമായി സംഗീതം പരിവർത്തനപ്പെട്ടു.
ഇപ്പോൾ ഞാൻ കേൾക്കുന്ന കാസറ്റുകൾ മുപ്പതും മുപ്പത്തഞ്ചും വർഷങ്ങളുടെ പഴക്കമുള്ളതാണ്. അവയിൽ തൊടുമ്പോൾ മറഞ്ഞുപോയ യൗവനത്തെയാണ് ഞാൻ തൊടുന്നത്. ഇവയിൽ ഓരോന്നിനും ഒരു കഥ പറയാനുയുണ്ട്. അതെങ്ങനെ ഞാൻ കരസ്ഥമാക്കിയെന്നും ഓർമയുണ്ട്. വിറയ്ക്കുന്ന കൈകളോടെ റെക്കോർഡറിനുള്ളിൽ കാസറ്റ് എടുത്തുവച്ചതും ആദ്യത്തെ ശബ്ദത്തിനായി കാതോർത്തതും അതിൽ നിന്നുയർന്ന സംഗീതവീചികൾ കേട്ട് രോമങ്ങൾ എഴുന്നു വന്നതുപോലും മറന്നിട്ടില്ല. അതുകൊണ്ടാണ് ഒരു കാസറ്റ് വച്ചു കേൾക്കുമ്പോൾ, ഈ ജരാനര ബാധിച്ച പാനാസോണിക് ജീവനുള്ള ഒരു സൃഷ്ടിയെപ്പോലെ ശാസം എടുക്കുന്നതായി എനിക്കു തോന്നുന്നത്. ചക്രങ്ങൾ ക്ലേശപൂർവം കറങ്ങുന്നു, നാടകൾ അച്ചടക്കത്തോടെ നീങ്ങുന്നു. നാഭിയിൽനിന്ന്, മുളങ്കുഴലിൽനിന്ന്, തന്ത്രികളിൽനിന്ന്, തുകലിൽനിന്ന് സംഗീതം എഴുത്തുമുറിയാകെ വ്യാപിക്കുന്നു, വായുവിൽ ഒഴുകി നീങ്ങുന്നു. പതിറ്റാണ്ടുകളുടെ ഭാരം വഹിക്കുന്ന ഈ ശബ്ദതരംഗങ്ങളിൽ അങ്ങിങ്ങായി ചെറിയ വിള്ളലുകളുണ്ട്. അതൊരു ബുദ്ധിമുട്ടല്ല, കേൾവിസുഖം കുറയ്ക്കുന്നതുമല്ല. അതെന്നെ ഓർമിപ്പിക്കുന്നത് സംഗീതത്തിലെ മനുഷ്യസാന്നിധ്യമാണ്. ജീവിതത്തിൻ്റെ സൗന്ദര്യം അപൂർണതയിലാണെന്നതുപോലെ, കാലത്തിലൂടെ സംവദിക്കുന്ന നാദത്തിന് അനശ്വരമാകാൻ പൂർണത ആവശ്യമില്ലെന്ന പൊരുളും ഇതിലൂടെ ഞാൻ മനസിലാക്കി.
ഓഡിയോ കാസറ്റ് ജീവിതത്തിൻ്റെ ഒരു രൂപകമാണ്. രണ്ടു വീലുകൾക്കിടയിൽ വലിഞ്ഞു നീങ്ങുന്ന ദുർബലമായ ഒരു കാന്തിക റിബൺ. അത് സാവധാനം അഴിയുന്നു, സംഗീതം തീരുന്നതുവരെ അഥവാ നിർത്തുന്നതുവരെ പ്ലേ തുടരുന്നു. നമ്മുടെ ജീവിതവും ഇതുപോലെയല്ലേ—പരിമിതവും ദുർബലവും, എന്നാൽ മുന്നോട്ടു പോകുന്നതും. മനുഷ്യജീവിതം പോലെ കാസറ്റിലെ സംഗീതവും എന്നും നിലനിൽക്കില്ല. കാലം കടന്നുപോകുമ്പോൾ റിബൺ തകർന്നു പോകും, പ്ലാസ്റ്റിക് പൊട്ടിപ്പൊടിയും. പക്ഷേ അവ കറങ്ങിക്കൊണ്ടിരിക്കുന്ന കാലമത്രയും ഭൗതികലോകത്തെ മനോഹരമാക്കും. അതിനുള്ളിൽ രേഖപ്പെടുത്തിയിട്ടുള്ള ശബ്ദങ്ങൾ, ശ്വാസങ്ങൾ അതേ ഊഷ്മളതയോടെ നമ്മുടെ മുന്നിൽ അനുഭവപ്പെടും. പാടുന്ന കാലത്തെ മാത്രമല്ല, ആ സ്വരങ്ങൾ സൃഷ്ടിച്ച മനുഷ്യരുടെ ജീവിതത്തെയും നമുക്ക് അതിൽ കണ്ടെത്താൻ സാധിക്കും. ചെറിയ പോളിമർ കവചത്തിനു വെളിയിൽ അവ പിന്നെയും ജീവിക്കും. അതുകൊണ്ടാണ് ഇതിനെ എങ്ങനെയും സംരക്ഷിക്കാൻ ഞാൻ പാടുപെടുന്നത്.
എൻ്റെ ചെറിയ മുറിയിൽ, മഹാരഥന്മാരുടെ നാദങ്ങൾ വീണ്ടും ഉയിർക്കാൻ, ഭൂതകാലത്തെ വർത്തമാനത്തിൽ ശ്വാസമെടുപ്പിക്കുന്ന നാഷണൽ പാനാസോണിക് ഒരു കാരണമാകുന്നു, മരണത്തെ ധിക്കരിക്കുന്ന ഈ മഹനീയസംഗീതം കാലത്തിനെതിരെയുള്ള കലയുടെ കലാപമാണ്. 'ഞാൻ ഇവിടെയുണ്ടായിരുന്നു' എന്നും 'ഞാൻ ആസ്വദിച്ചു' എന്നും ശൂന്യതയിലേക്കു നോക്കി മന്ത്രിക്കാനുള്ള സാഹചര്യം അത് ഒരുക്കിത്തരുന്നു. ഇതിൽ നിന്നു പ്രവഹിക്കുന്ന സംഗീതം ഒരു ചെറിയ ക്ലിക്കോടെ അവസാനിക്കുമ്പോൾ, മുറിയിൽ നിറയുന്നത് ശൂന്യമായ നിശ്ശബ്ദതയല്ല. അത് ഓർമകളുടെ മുഴക്കങ്ങൾ നിറഞ്ഞതാണ്, മങ്ങിയ വെളിച്ചത്തിൽ, മഴ നനഞ്ഞ നടപ്പാതയിൽ എന്നെ ഞാൻ കണ്ടെത്തുന്ന ശുഭയാത്രയാണ്.