
തിരുവനന്തപുരം കരമനയിലെ അധ്യാപകദമ്പതികളായ കൃഷ്ണൻനായർക്കും ശാന്തകുമാരിക്കും മൂന്നുമക്കളായിരുന്നു. ബീന,ചിത്ര,മഹേഷ്. സംഗീതത്തിൽ തത്പരനായിരുന്ന അച്ഛൻ മക്കളെ അതിനോട് ശ്രുതിചേർത്തുവച്ചു. ബീന നന്നായി പാടുമായിരുന്നു. സംഗീതം പഠിക്കുന്നുമുണ്ട്. സ്വഭാവികമായും സിനിമയിലേക്ക് ആ സ്വരം ഒഴുകിച്ചെന്നു. തകിലുകൊട്ടാമ്പുറം,താറാവ് തുടങ്ങിയ സിനിമകളിൽ ബീന പാടി. എല്ലാം യേശുദാസിനൊപ്പമുള്ള ഡ്യുവറ്റുകൾ. ചേച്ചി പാട്ടുപഠിക്കുമ്പോൾ കേട്ടുനില്കുകമാത്രം ചെയ്തിരുന്ന അനുജത്തി ചിത്രക്കുള്ളിലും എവിടെയോ സംഗീതമുണ്ടായിരുന്നു. യേശുദാസിനോട് കടുത്ത ആരാധനയും.
ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ യേശുദാസിന്റെ ഗാനമേള നടക്കുന്നു. തിങ്ങിനിറഞ്ഞ സദസ്സിന്റെ ഒരുകോണിലിരുന്ന് ചിത്രയും അതുകേട്ടു. പിന്നെ കാലം ചിട്ടപ്പെടുത്തിയ ജീവിതഗാനത്തിനൊടുവിൽ ബീന വിവാഹിതയായി വിദേശത്തേക്ക് പോയി. പാതിയിൽ പാട്ടുനിർത്തിപ്പോയ ചേച്ചിയുടെ വഴിയേ എത്തിയ ചിത്ര പതിനാറാം വയസ്സിൽ യേശുദാസിനൊപ്പം സിനിമയിൽ പാടി. 'ഞാൻ ഏകനാണ്' എന്ന സിനിമയിൽ 'പ്രണയവസന്തം തളിരണിയുമ്പോൾ' എന്നുതുടങ്ങുന്ന ഗാനം. അതിൽപ്പിന്നെ ഇക്കാലമത്രയും കൊണ്ട് അവർ ഇരുവരും ചേർന്ന് പാടിയ പാട്ടുകളുടെ എണ്ണം അഞ്ഞൂറോളം. അതിൽ ഒരെണ്ണമെങ്കിലും കേൾക്കാതെ മലയാളിയുടെ ഒരുദിനവും കടന്നുപോകാറില്ല. ഗായികമാരിലെ യേശുദാസായി മാറി ചിത്ര.
*****
ഇന്ന് പാട്ടുപാടിത്തുടങ്ങുന്നവരെല്ലാം ആഗ്രഹിക്കുന്നത് ചിത്രയെപ്പോലെ പാടാനാണ്. പക്ഷേ ചിത്രയുടെ ആഗ്രഹം അടുത്ത ജന്മത്തിലെങ്കിലും എസ്.ജാനകിയെപ്പോലെയാകണം എന്നും. ജാനകിയമ്മയുടെ പാട്ടിലാണ് ചിത്ര ഗാനമേളകൾ തുടങ്ങിയിരുന്നത്. ഒരിക്കൽ ചെന്നൈയിൽ ഗംഗൈ അമരൻ സംഗീതസംഘത്തിന്റെ പരിപാടി. ചിത്രയാണ് പ്രധാന ഗായികമാരിലൊരാൾ. പാടിത്തുടങ്ങിയ ചിത്ര മുന്നിലെ കാഴ്ചകണ്ടൊന്ന് വിറച്ചു. ആദ്യനിരയിലെ ഇരിപ്പിടങ്ങളിലൊന്നിൽ എസ്.ജാനകി. പാട്ടുകഴിഞ്ഞപ്പോൾ അതാ ജാനകി വേദിയിലേക്ക് കയറിവരുന്നു.
ചിത്ര ഞെട്ടി. അടുത്തെത്തിയ ജാനകി ആദ്യം ചിത്രയുടെ കൈപിടിച്ചു. പിന്നെ ലോകമെങ്ങുമുള്ള പാട്ടുപ്രണയികളുടെ കാതിൽ കൂടുവെച്ച ശബ്ദത്തിൽ മെല്ലെ പറഞ്ഞു:' നീ എന്റെ വയറ്റിൽ ജനിച്ചില്ലല്ലോ മോളേ...'
ചിത്രയുടെ കണ്ണുകൾ നിറഞ്ഞു. വർഷങ്ങൾക്കുശേഷം ചിത്രയുടെ വീട്ടിലെത്തിയ ജാനകിയുടെ കൈയിലൊരു സമ്മാനമുണ്ടായിരുന്നു. താൻ ഈണമിട്ടുപാടിയ പാട്ടുകളുടെ കാസറ്റ്.
*****
പ്രണയവും വിരഹവും വിഷാദവും താരാട്ടുമെല്ലാമായി നിറയുന്ന ചിത്രയുടെ ആർദ്രസ്വരം പോപ്പ് സംഗീതലോകത്തും ഒരിക്കൽകേട്ടു. എം.ടി.വിയിൽ അപരിചിതമുഖമായും രഗ്ഗാ രാഗാ എന്ന കാസറ്റിൽ വേറിട്ട ശബ്ദമായും പ്രത്യക്ഷപ്പെടുകയായിരുന്നു ചിത്ര. അതേക്കുറിച്ച് ചിത്ര തന്നെ ഒരു അഭിമുഖത്തിൽ ഓർമിച്ചു:
"മാഗ്നാസൗണ്ട് കമ്പനിക്കാർ പറഞ്ഞിട്ടാണ് റെക്കോർഡിങ്ങിന് ഞാൻ സമ്മതിച്ചത്. എന്തോ ഗുഡ് റാപ് ആണെന്നുപറഞ്ഞു. കൂടെപ്പാടിയ ആളുടെ മുഖമൊക്കെ മൂടിയിരുന്നു. അതാരായിരുന്നുവെന്ന് എനിക്കും അറിയില്ല. ആർക്കുമറിയില്ല. അയാൾ ഡാൻസ് ചെയ്തു. ഞാൻ വെറുതെ നിന്നു. ഡാൻസിനൊന്നും ഞാനില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു. എനിക്ക് ഒരു പത്തിഞ്ച് മേക്കപ്പ് ഇട്ടുകാണും. എന്തോ തലപ്പാവും കെട്ടി. മേക്കപ്പുകഴിഞ്ഞ് കണ്ണാടിയിൽ നോക്കിയപ്പോൾ എന്നെ കണ്ടിട്ടു സഹിക്കാൻ പറ്റിയില്ല.."
അഭിമുഖം കേട്ടിരുന്ന ചിത്രയുടെ ബന്ധു അപ്പോൾ പറഞ്ഞതിങ്ങനെ: "പിന്നീട് ടി.വി.കണ്ടപ്പോൾ ചേട്ടത്തിയമ്മയെ ബെസ്റ്റ് പോപ്പ് സിംഗറായി തിരഞ്ഞെടുത്തെന്നുകേട്ട് ഞങ്ങൾ അന്തംവിട്ടു."
******
ലോകമെങ്ങും ചിത്രയ്ക്ക് ആരാധകരുണ്ട്. മലയാളികളേക്കാൾ അന്ധമായി ആരാധിക്കുന്നവർ തമിഴരാണ്. ചിത്രയുടെ പേര് ദേഹത്ത് പച്ചകുത്തി നടക്കുന്നവർ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. തന്റെ ഏറ്റവും വലിയ ആരാധികയായി ചിത്ര ഒരിക്കൽ പറഞ്ഞതും ഒരു തമിഴ് പെൺകുട്ടിയുടെ പേരാണ്-വളർമതി. മാലയിൽ വരെ ചിത്രയുടെ പേരുകൊത്തിവച്ചവൾ. ലണ്ടനിൽ പഠിക്കുകയായിരുന്നു അന്ന് വളർമതി. ഇടയ്ക്കിടെ ചിത്രയെ വിളിക്കും. സമ്മാനങ്ങൾ അയച്ചുകൊടുക്കും. പിറന്നാളിന് ആദ്യത്തെ ഫോൺ കോളും വളർമതിയുടേതായിരുന്നു.
ചിത്ര വിവാഹിതയായിട്ടും ആരാധകർ കല്യാണാലോചനയുമായി കത്തെഴുതുമായിരുന്നു. കാർപാർക്കിങ് സൗകര്യമുള്ള വീടുണ്ടെന്നായിരുന്നു പലരും യോഗ്യതയായി എഴുതി അറിയിച്ചിരുന്നതെന്ന് ചിത്ര. ഭർത്താവ് വിജയശങ്കറാണ് ഈ കത്തുകളൊക്കെ വായിച്ചിരുന്നതെന്നത് മറ്റൊരു കൗതുകം.
*******
ചിത്രയെന്ന വാക്കിലും ചിരിയെന്ന വാക്കിലും ആദ്യമുള്ളത് ഒരേ അക്ഷരം. ചിത്രയെ ചിരിച്ചല്ലാതെ നമ്മൾ കണ്ടിട്ടില്ല. എന്തും ചിരിയുടെ അകമ്പടിയോടെയല്ലാതെ പറയാനും ചിത്രയ്ക്ക് അറിയില്ല. 'അല്പം സംഗീതമല്ലാതെ ഈ ലോകത്ത് മറ്റൊന്നും എനിക്കറിയില്ല' എന്നാണ് ചിത്രയുടെ സ്വയംവിലയിരുത്തൽ. അക്കാരണം കൊണ്ട് തനിക്ക് പറ്റിയ അബദ്ധങ്ങൾ പോലും ചിത്ര ചിരിയോടെയാണ് പങ്കുവയ്ക്കാറ്. അത്തരത്തിലൊരെണ്ണം ഇങ്ങനെ:
വർഷങ്ങൾക്കുമുമ്പ് സുവർണക്ഷേത്രത്തിൽ പട്ടാളം കയറിയ സമയം. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം കേരളത്തിലെ ഏറ്റവും പ്രമുഖരായ അഞ്ചുവനിതകളെ തിരഞ്ഞെടുത്തു. അവരിലൊരാൾ ചിത്രയായിരുന്നു. അഞ്ചുപേരോടും കുറേ ചോദ്യങ്ങൾ പത്രം ചോദിച്ചു. ചിത്രയുടെ നേർക്ക് വന്ന ഒരു ചോദ്യം പഞ്ചാബ് പ്രശ്നത്തെപ്പറ്റി എന്തുപറയുന്നു എന്നായിരുന്നു. ചിത്ര ആ നിഷ്കളങ്കമായ ചിരിയോടെ തിരിച്ചുചോദിച്ചു: 'പഞ്ചാബിലെന്താണ് പ്രശ്നം..'