

ഉസ്താദ് ഗുലാം അലിയെ അവ്യക്തമായി മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്. പക്ഷേ വളരെ വ്യക്തതയോടുകൂടി അദ്ദേഹത്തെ ഞാൻ കേട്ടിട്ടുണ്ട്. നാലു വർഷങ്ങൾക്കു മുൻപാണ്. അന്നേരം അദ്ദേഹം പാകിസ്താനിലും ഞാൻ തേവക്കലുള്ള 'മൽഹാറി'ലുമായിരുന്നു. ഓൺലൈനിൽ എന്നത് ഞങ്ങളുടെ വർത്തമാനത്തിൽ ഒരു പരിമിതിയായില്ല. ഗൗരവമുള്ള ചോദ്യങ്ങൾക്കിടയിൽ ഒരു സാങ്കല്പിക ചോദ്യവും ഞാൻ എടുത്തുവച്ചു- "അതീവ സുന്ദരിയായ ഒരു യുവതി അങ്ങയുടെ ഈ പ്രായത്തിൽ പ്രണയാഭ്യർഥന നടത്തുകയാണെങ്കിൽ എന്തു മറുപടി കൊടുക്കും?" ചോദ്യത്തെ അദ്ദേഹം ഒരു ചിരിയോടെ സ്വീകരിച്ചു, പിന്നെ കവിത തുളുമ്പുന്ന ഭാഷയിൽ ഇങ്ങനെ പ്രതികരിച്ചു- "ആ സഹോദരിയെ ഞാൻ ഉപദേശിക്കും, എന്നെ പ്രണയിച്ചാൽ യാതൊരു പ്രയോജനവും നിങ്ങൾക്കുണ്ടാവില്ല. എന്റെ ഗസലുകളെ നിങ്ങൾ പ്രണയിക്കൂ. വാടാത്ത പൂക്കൾപോലെയുള്ള സന്തോഷം എന്നും നിങ്ങൾക്കു ലഭിച്ചുകൊണ്ടിരിക്കും. അതല്ലേ പ്രണയത്തിൽനിന്നു നിങ്ങളും ആഗ്രഹിക്കുന്നത്!"
ഗുലാം അലിയുടെ പ്രണയസങ്കല്പങ്ങളുടെ പ്രതിഫലനം ഉൾക്കൊള്ളുന്ന ഈ വരികൾ കൂടെക്കൂടെ ഞാൻ ഓർക്കാറുണ്ട്, വിശേഷിച്ചും 'മെഹ്ഫിൽ മേം ബാർ ബാർ കിസീ പർ നസർ ഗയീ, വോ കഭീ മിൽ ജായേം തോ ക്യാ കീജിയേ,ബിൻ ബാരിശ് ബർസാത് ന ഹോഗീ, യേ ദിൽ യേ പാഗൽ ദിൽ മേരാ' തുടങ്ങിയ ഗസലുകൾ കേൾക്കുമ്പോൾ. ഇവിടെയെല്ലാം വിനീതനായ ഒരു ഗായകനായി ഗുലാം അലി നമ്മുടെ മുന്നിൽ വന്നിരിക്കുന്നു. പൊള്ളുന്ന ഒരു മനോവികാരമായി അദ്ദേഹം പ്രണയത്തെക്കുറിച്ചു പാടുന്നു-
"ആ കാണുന്ന വഴിയിലൂടെ ആരും വരില്ല, ആരും വരുന്നുമില്ല.
എന്നിട്ടും ഈ ഹൃദയം കാത്തിരിക്കുന്നത് എന്തിനാണ്?
പൂന്തോട്ടത്തിൽ മഞ്ഞുതുള്ളികളുടെ മഴയുണ്ട്, എന്നിട്ടും ഈ കണ്ണുനീർ എന്തിനാണ്?
ഞാൻ പ്രണയത്തിൻ്റെ എല്ലാ വിളക്കുകളും അണച്ചുകഴിഞ്ഞു. എന്നിട്ടും ഇതെന്തിനാണ് എരിയുന്നത്?"
ഗുലാം അലിയുടെ പ്രണയഗസലുകൾ മരുഭൂമിയിലേക്കൊഴു ക്കുന്ന പുഴപോലെയാണ് നമ്മുടെ മനസ്സിൽ പ്രവേശിക്കുന്നത്. അതിൽ നോക്കിനിൽക്കുമ്പോൾ ചുറ്റുമുള്ള ലോകത്തിലെ ബഹളങ്ങളും തിരക്കുകളും കോലാഹലങ്ങളും അകന്നകന്നുപോകും. ആ നിമിഷങ്ങളിൽ അദ്ദേഹത്തിനും നമുക്കുമിടയിൽ ഓർമകളുടെയും സ്വപ്നങ്ങളുടെയും ഒരു നേർത്ത പാലം നിർമിക്കപ്പെടുന്നു. അതിലൂടെ നടന്നാൽ, ഉള്ളിൽ ഒളിപ്പിച്ചുവച്ച ദു:ഖങ്ങളും സന്തോഷങ്ങളും പൗർണമിരാത്രിയിൽ കുളിച്ചുനിൽക്കുന്നതുപോലെ തോന്നും. നഷ്ടപ്പെട്ടതിനെച്ചൊല്ലി വിലപിക്കുന്നതിനെക്കാൾ, അവയൊക്കെ എത്ര സുന്ദരമായിരുന്നുവെന്നു ചിന്തിക്കാൻ ആ ഗസലുകൾ പഠിപ്പിക്കുന്നു.
ഗുലാം അലി ഉള്ളിലെ പ്രണയത്തെ ഉറക്കെ വിളിച്ചു പറയുന്നില്ല. അതിനാവശ്യമായ വാക്കുകൾമാത്രം അദ്ദേഹം ഉപയോഗിക്കുന്നു. അതേസമയം പ്രണയത്തിൻ്റെ എല്ലാ ഭാവങ്ങളും അവ ഉൾക്കൊള്ളുന്നുമുണ്ട്. അടുപ്പവും അകലവും ഒരുമിച്ചു ചേർന്ന പ്രണയഗസലുകൾ അദ്ദേഹം പാടുമ്പോൾ ഓരോ സ്വരത്തിനും ഒരു മഞ്ഞുതുള്ളിയുടെ ഭാരമേയുള്ളൂ. ആ തുള്ളികൾ വീഴുന്നിടത്തെല്ലാം കുളിർമയും ആനന്ദവും അനുഭവപ്പെടുന്നു. വേറൊരു തരത്തിൽ പറഞ്ഞാൽ ഗുലാം അലിയുടെ സംഗീതം സഞ്ചാരികളെ കാത്തിരിക്കുന്ന ദാഹജലമാണ്. കുടിക്കുന്തോറും പ്രണയദാഹം കൂടിക്കൂടി വരുമെന്നുള്ള വ്യത്യാസം ഇവിടെയുണ്ട്. ഈ പാട്ടുകളിലൊന്നും അദ്ദേഹം ഒട്ടും ആയാസമെടുക്കുന്നില്ല. പകൽ മായുമ്പോൾ ആകാശം പതിയെ ഇരുട്ടിലാഴുന്നതുപോലെയുള്ള സ്വാഭാവികത അവയിൽ കേൾക്കാൻ കഴിയും.
ഗുലാം അലിയുടെ പ്രസിദ്ധമായ 'ചുപ്കേ ചുപ്കേ രാത് ദിൻ' പാതി തുറന്നിട്ട ജനലിലൂടെ ചന്ദ്രപ്രകാശം മുറിയിൽ കടന്നുവരുന്ന അനുഭവംതരുന്ന ഗസലാണ്. ആരും കാണാതെ സൂക്ഷിക്കുന്ന പ്രണയം കണ്ണീർത്തുള്ളികളായി പൊഴിയുന്ന വേദന ഇതിൽ അദ്ദേഹം പാടിക്കേൾപ്പിക്കുന്നു. ഇങ്ങനെ ഓരോ ഗസലിനെയും അതീവ സ്വകാര്യമായിമാത്രം കേൾക്കാനുള്ളതാക്കി നിർമിച്ചെടുക്കാൻ ഗുലാം അലി വേണ്ടത്ര കരുതലെടുക്കുന്നു. 'തേരി സൂരത് നിഗാഹോം മേം ' ആസ്വദിച്ചിരിക്കുമ്പോൾ പ്രിയപ്പെട്ട ഒരാൾ വളരെ അടുത്തുള്ളതായി നമുക്കു തോന്നും.പക്ഷേ ഒരകലം അവിടെയുണ്ട്. കാരണം ഗസലിലെ പ്രിയപ്പെട്ടവൾ, ദൂരെയുള്ള ഒരു നക്ഷത്രമാണ്. അവളുടെ വെളിച്ചം നമ്മിൽ പതിക്കുന്നതുകൊണ്ട് അവൾ അടുത്തുമാണ്. പ്രിയപ്പെട്ടയാളെ കാണുന്ന നിമിഷം ഉണ്ടാവുന്ന ഹൃദയമിടിപ്പുകൾ പാട്ടു കേട്ടുകൊണ്ടിരിക്കുന്ന വ്യക്തിയിലും മിടിക്കുന്നുവെന്ന സവിശേഷത ഇതിലുണ്ട്. ഇങ്ങനെയുള്ള ഗസലുകളെല്ലാം ആസ്വാദകരുടെ ഉള്ളിലേക്ക് ഓർമയുടെ വേരുകൾ പതിയെ ഇറക്കിവിടുന്നു. എന്നുമാത്രമല്ല, ഓർമകളെ ഇത്രയധികം സുന്ദരമായി ഉപയോഗിച്ചിട്ടുള്ള വേറൊരു ഗായകനുമില്ല. അത്രത്തോളം ഗുലാം അലിയുടെ ഗസലുകൾ ഓർമ തണുത്തുറഞ്ഞ ഒരു നദിയാണ്, പാടിത്തുടങ്ങുമ്പോൾ പതിയെ ഉരുകിയൊഴുകുന്നു.
'ഹംകോ കിസ്കേ ഗം നേ മാരാ' വെറുതെ കേൾക്കുമ്പോൾ, വരികളിലെ ദുഃഖം വാക്കുകളിലൂടെ പൂർണമാകുന്നില്ല. പക്ഷേ, ആലാപനത്തിനിടയിൽ കേൾക്കുന്ന നേർത്ത നിശ്വാസത്തിൽ ആ വികാരം കൂടുതൽ സാന്ദ്രമാകുന്നു. എന്തെന്നാൽ വിഷാദം എന്നും ഗുലാം അലിയുടെ പാട്ടിൽ ആത്മാവിനെ ഉണർത്തുന്ന കടും ചുവപ്പുള്ള വീഞ്ഞാണ്. 'മേം നസർ സേ പീ രഹാ ഹൂം' എന്ന ഗസൽ അതിനുള്ള മികച്ച ഉദാഹരണമാണ്. വിരഹദുഃഖത്തിൽ കഴിയുന്ന കാമുകനെത്തേടി പ്രണയിനിയുടെ ഓർമകൾ വസന്തത്തെപ്പോലെ തിരികെ വരുന്നതിനെക്കുറിച്ചു വർണിക്കുന്ന 'ബഹാരോം കോ ചമൻ യാദ് ആ ഗയാ ഹേ' യിൽ അദ്ദേഹം പാടുന്നുണ്ട്- 'കാറ്റിനുപോലും സുഗന്ധം വന്നുചേർന്നിരിക്കുന്നു. ആ താഴ്വരകൾ ഇപ്പോഴും അതുപോലെതന്നെ നിൽക്കുന്നു. ഈ ഹൃദയം കൂടുതൽ ശക്തിയോടെ സ്പന്ദിച്ചു തുടങ്ങിയിരിക്കുന്നു.’
ഗുലാം അലിയുടെ ഗസലുകളുടെ വിശേഷത അവ അല്പവും തിടുക്കം കൂട്ടുന്നില്ല എന്നതാണ്. ഒരു വരി പാടി നിർത്തുമ്പോൾ എടുക്കുന്ന സ്വാഭാവികമായ ഇടവേളയിൽ കേൾവിക്കാർക്കും അവരുടെ സ്വകാര്യ അനുഭവങ്ങളെ അതിൽ ലയിപ്പിക്കാനുള്ള അവസരം അദ്ദേഹം നൽകുന്നു. അതുകൊണ്ടാണ് 'ദിൽ മേം ഏക് ലഹർ സി ഉഠി ഹേ', 'കിയാ ഹേ പ്യാർ ജിസേ' പോലുള്ള ഗസലുകൾ കേവലം പ്രണയത്തിൻ്റെ ഉന്മാദത്തിൽ ഒതുങ്ങാതെ, യഥാർഥ വേദനയായി രൂപാന്തരപ്പെടുന്നത്.
ഞാൻ കരുതുന്നു, സ്വരങ്ങൾക്കിടയിൽ അദ്ദേഹം കൊണ്ടുവരുന്ന നിശബ്ദത, ദൈവം മന്ത്രിക്കുന്ന ഇടമാണ്. പ്രണയം ഓരോ ഹൃദയത്തിലും സ്വതന്ത്രമായ രൂപത്തിൽ നിലനിൽക്കുന്ന ഒരു സാർവത്രിക സത്യമാണെന്ന് ഓർമപ്പെടുത്തിക്കൊണ്ട്, ഗുലാം അലി അതിനെ ഒരു മൗനാനുഭൂതിയാക്കി മാറ്റുന്നു. 'ഹം തോ തേരേ ആശിഖ് ഹേ' യിൽ ഗുലാം അലി പാടുന്നതിങ്ങനെയാണ്- 'ഒരിക്കൽ നീ എങ്ങോട്ടെങ്കിലും അകന്നുപോയാൽ, ഞാനും കൂടെ വരും. ആരും എന്നോടു ചോദിക്കാതിരിക്കട്ടെ, നിനക്കെന്തു സംഭവിച്ചുവെന്ന്!'
ഗുലാം അലിയുടെ ഗസലുകളിൽ കാലത്തെ മറികടക്കാനുള്ള കരുത്തുണ്ട്. അദ്ദേഹം പാടുന്നത് മാഞ്ഞുപോയതിനെക്കുറിച്ചോ വരാനിരിക്കുന്നതിനെക്കുറിച്ചോ അല്ല. എക്കാലത്തും മനുഷ്യനിൽ നിലനിൽക്കുന്ന അടിസ്ഥാനപരമായ വികാരങ്ങളെയാണ് അദ്ദേഹം എപ്പോഴും വിഷയമാകുന്നത്. അതുകൊണ്ട് ഗുലാം അലിയുടെ ഗസലുകൾ കേവലം കുറെ വരികളായി അവശേഷിക്കുന്നില്ല, അവ ആത്മാവിൻ്റെ ആഴമേറിയ അനുഭവങ്ങളെ തിരിച്ചറിയുകയും ആവാഹിക്കുകയും ചെയ്യുന്നു. അടുത്തിരുന്ന് സംസാരിക്കുന്നതുപോലെ തോന്നുന്ന വരികളിൽ നമ്മുടെ ജീവിതം വീണ്ടും വായിച്ചെടുക്കാൻ വേണ്ടുവോളം അവസരമുണ്ട്. അവ നമ്മൾ പറയാൻ മടിച്ച വാക്കുകൾ നമുക്കുവേണ്ടി ഏറ്റുപറയും. മൗനം സമ്മാനിക്കുന്ന മുറിവുകളിലെ വേദനയെപ്പറ്റി ഗുലാം അലി അത്രയും നന്നായി അറിയുന്നു. 'അപ്നി ധുന് മേൻ റെഹ്താ ഹൂം' 'ഛുപാ ലോ യൂൻ ദിൽ മേൻ പ്യാർ മേറാ' എന്നീ ജനപ്രിയ ഗസലുകളിൽ ഓരോ വാക്കും ഓരോ വിത്താണ്, സംഗീതം അതിനെ മുളപ്പിക്കുന്ന മഴയും.
മനസ്സിനെ ആർദ്രമായി തൊടുന്ന പ്രേമകഥകൾപോലെ ഗുലാം അലി ഗസലുകൾ പാടിത്തരുന്നു. അവയിൽ വേർപാട് ആകസ്മികമായി കടന്നുവരുന്നതല്ല. ജീവിതത്തെ നിർവചിക്കുമ്പോൾ വേർപാടുകളുടെ മുറിപ്പാടുകളെ കാണാതിരിക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. 'ഇത്നി മുദ്ദത് ബാദ് മിലേ ഹോ' എന്ന ഗസലിൽ പുനഃസമാഗമത്തിൻ്റെ മധുരമുണ്ടെങ്കിലും നഷ്ടപ്പെട്ട വർഷങ്ങളുടെ ഭാരം വരികളിൽ വിങ്ങുന്നു. പക്ഷേ അതിലൊന്നും യാതൊരുവിധ പരാതിയോ വിരോധമോ അദ്ദേഹം പ്രകടിപ്പിക്കുന്നില്ല. മനോവേദനയെ സ്വന്തം ജീവിതത്തിൻ്റെ അവിഭാജ്യ ഭാഗമായി ഏറ്റെടുത്ത ഒരാളുടെ അനുകമ്പാർദ്രമായ സ്വരമാണ് അവിടെ നമ്മൾ കേൾക്കുന്നത്. അതുകൊണ്ടാണ്, സന്തോഷത്തെപ്പോലും ഒരു പുതിയ ദുഃഖത്തിനുള്ള കാരണമായി ഗുലാം അലി കരുതുന്നത്.
ആറു പതിറ്റാണ്ടുകാലമായി വേദികളിൽ ജീവിക്കുന്ന ഗുലാം അലി ഒരു ജനകീയ ഗായകനായി സമൂഹത്തിൽ എന്നേ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. അദ്ദേഹം പറഞ്ഞിട്ടുണ്ട്, സാധാരണക്കാരുമായി വർത്തമാനം പറയുന്നതിനുവേണ്ടിയാണ് പാടുന്നതുപോലും. അവരുടെ ജീവിതത്തിലും സ്വപ്നങ്ങളിലും ഗുലാം അലി വളരെ താത്പര്യമെടുക്കുന്നു. ഉദാഹരണമായി എൺപതുകളുടെ ഒടുവിൽ ഒരു മുംബൈയിലെ പടിഞ്ഞാറൻ സബർബനിലുള്ള ഫ്ളാറ്റിൽനിന്നും ചാടി മരിച്ച കൗമാരക്കാരിയുടെ സംഭവം പറയാം. അവളുടെ ഡയറി നിറയെ ഗുലാം അലിയുടെ പ്രണയ ഗസലുകളിൽനിന്നുള്ള കാല്പനിക വരികൾ പകർത്തി വച്ചിരുന്നു. ആ ഡയറി കയ്യിൽ പിടിച്ചുകൊണ്ട് പൊട്ടിക്കരയുന്ന അമ്മയുടെ ചിത്രംസഹിതം അവളുടെ ദാരുണാന്ത്യം 'നവഭാരത് ടൈംസി'ൽ പ്രധാന ഫീച്ചറായി വന്നു. വാർത്ത ഗുലാം അലിയുടെ ശ്രദ്ധയിലുമെത്തിക്കാണും. അടുത്തൊരു ദിവസം ധാക്കയിൽ നടന്ന സംഗീതപരിപാടിയിൽ അവൾക്കു സമാധാനം നേർന്നുകൊണ്ട് പാടിയ ഗസലിൽ കുറച്ചു വരികൾ ഗുലാം അലി കൂട്ടിച്ചേർത്തു. ആ വരികൾ കവി മംഗലേശ് ഡബ്റാൾ ഓർത്തുവച്ചിരുന്നത് ഏതാണ്ടിങ്ങനെയാണ് -
"നിന്റെ ഉണങ്ങാത്ത ഖബറിൽ മഴപെയ്യുമ്പോൾ കരുതണം അത് ഞാനാണെന്ന്. നിന്റെ ഉണങ്ങാത്ത ഖബറിൽ വസന്തം പൂക്കൾ ഉതിർക്കുമ്പോൾ കരുതണം അത് ഞാനാണെന്ന്. അള്ളാ അനുവദിച്ചാൽ സ്വർഗത്തിൽ നമ്മൾ കണ്ടുമുട്ടും. അവിടെവച്ച് എന്റെ ഗസലുകൾ നിന്നോട് മാപ്പുപറയും."
ഇതാണ് ഞാൻ മനസ്സിലാക്കി വച്ചിരിക്കുന്ന ഉസ്താദ് ഗുലാം അലി- ഇന്നും വരളാത്ത അലിവ്. എന്നും ഒഴുകുന്ന കനിവ്.