

മലയാളി താരം കീർത്തി സുരേഷും തെലുങ്കിലെ നാച്ചുറൽ സ്റ്റാർ നാനിയും ഒരുമിക്കുന്ന 'ദ് പാരഡൈസി'ലെ ഗാനം ഇന്ത്യയിൽ യൂട്യൂബ് മ്യൂസിക്കിന്റെ ട്രെൻഡിങ് മ്യൂസിക് ചാർട്ടിൽ ഒന്നാം സ്ഥാനത്ത്. ഇന്നലെ പുറത്തിറങ്ങിയ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. 24 മണിക്കൂറിനുള്ളിൽ തന്നെ ഗാനത്തിന് 20 മില്യണിലധികം വ്യൂസും 3.8 ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചു.
‘യേഷ നാഗുല’ എന്നുതുടങ്ങുന്ന ഗാനത്തെ ശ്രദ്ധേയമാക്കുന്നത് അനിരുദ്ധ് രവിചന്ദറിന്റെ ആവേശം നിറഞ്ഞ സംഗീതവും ശക്തമായ ഫോക്ക്–മാസ് സ്വഭാവവുമാണ്. ആദ്യ കേൾവിയിൽ തന്നെ ഗാനം മനസ്സുകീഴടക്കുന്നു. ആഘോഷങ്ങൾക്കും ഡാൻസ് ഫ്ലോറുകൾക്കും, തിയേറ്ററുകൾക്കും വേണ്ടിയൊരുക്കിയ ഗാനമെന്ന തോന്നലാണ് ‘യേഷ നാഗുല’ നൽകുന്നത്. കസർല ശ്യാമിന്റെ വരികൾക്കൊപ്പം ജംഗി റെഡ്ഡിയുടെയും പ്രഭയുടെയും ആലാപനവും ഗാനത്തിന് കൂടുതൽ കരുത്ത് പകരുന്നു.
നാനി ഗാനത്തിന്റെ മാസ് എനർജി പൂർണമായും ഏറ്റെടുക്കുമ്പോൾ, കീർത്തി തന്റേതായ ശൈലിയും ഭംഗിയും ആറ്റിറ്റ്യൂഡും കൊണ്ടുവരുന്നു. ഇരുവരുടെയും കെമിസ്ട്രി ഗാനത്തിന് ആവശ്യമായ കൂടുതൽ ഊർജം നൽകുന്നുണ്ട്.
രസകരമായ മറ്റൊരു കാര്യം, സോഷ്യൽ മീഡിയ എഡിറ്റുകളിലൂടെയും ഗാനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുവെന്നതാണ്. ആരാധകർ ഒരുക്കുന്ന വീഡിയോകൾ മുതൽ മറ്റ് താരങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കുന്ന എഡിറ്റുകൾ വരെ ഇതിലുണ്ട്. ഹൈ എനർജി കണ്ടന്റുകൾ ഒരുക്കാൻ ‘യേഷ നാഗുല’ ഇപ്പോൾ പ്രിയപ്പെട്ട ഗാനമായി മാറിയിരിക്കുകയാണ്.
‘ദ് പാരഡൈസ്’ ചിത്രത്തിലെ മറ്റൊരു ഗാനം ‘ആയ ഷേർ’ നേരത്തെ ആവേശം സൃഷ്ടിച്ചിരുന്നു. ‘യേഷ നാഗുല’യിലൂടെ ചിത്രത്തിന്റെ മ്യൂസിക്കൽ ഹൈപ്പ് മറ്റൊരു തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്.