

ഓസ്ട്രേലിയയിലെ സിഡ്നി ഓപ്പറ ഹൗസിൽ ഒരു ദിവസംതന്നെ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള രണ്ടു സംഗീതപരിപാടി അവതരിപ്പിച്ച ഓർമകൾ പങ്കുവച്ച് പ്രശസ്ത ഗായകൻ സോനു നിഗം. ഒരു അഭിമുഖത്തലാണ് ബി ടൗൺ ഗായകൻ ലോത്തിലെ ഏറ്റവും പ്രശസ്തമായ വേദികളിലൊന്നിൽ താൻ കൈവരിച്ച അപൂർവ നേട്ടത്തെക്കുറിച്ച് മനസുതുറന്നത്.
ഒരേ ദിവസം മൂന്നു മണിക്കൂർ ഷോയും, അതിനുശേഷം രണ്ടു മണിക്കൂർ മാത്രം ഇടവേള എടുത്ത് വൈകുന്നേരം മറ്റൊരു മൂന്നു മണിക്കൂർ ഷോയും താൻ അവതരിപ്പിച്ചതായി സോനു നിഗം വെളിപ്പെടുത്തി. തനിക്കുള്ളിലെ അടങ്ങാത്ത ആവേശവും കഠിനാധ്വാനവുമാണ് ഇത്തരമൊരു നേട്ടത്തിനു പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്റ്റേജ് ഷോകളിൽ കോറസ് ഗായകരുടെയോ ഇലക്ട്രോണിക് ഉപകരണങ്ങളുടെയോ സഹായമില്ലാതെ സിനിമയിലെ അതേ തനിമയോടെ പാടാനുള്ള സോനു നിഗത്തിന്റെ കഴിവിനെ ആരാധകർ എപ്പോഴും പ്രശംസിക്കാറുണ്ട്. അടുത്തിടെ ജന്മദിനം ആഘോഷിച്ച വേളയിൽ ഗുരുപൂർണിമ പ്രമാണിച്ച് തന്റെ സംഗീത അധ്യാപകർക്കും ഗുരുക്കന്മാർക്കും പ്രണാമമർപ്പിച്ചുകൊണ്ട് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിപ്പു പങ്കുവച്ചിരുന്നു.