

സംഗീതലോകത്തിനു നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം പദ്മഭൂഷണ്‍ നല്കി ആദരിച്ചതിന് പിന്നാലെ, തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു മനസുതുറന്ന് പ്രശസ്ത ഗായിക അല്‍ക്ക യാഗ്‌നിക്. കഴിഞ്ഞ ദിവസം രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നാണ് താരം പുരസ്‌കാരം ഏറ്റുവാങ്ങിയത്. ചടങ്ങിലെ അല്‍ക്കയുടെ സാന്നിധ്യം ആരാധകര്‍ക്കിടയില്‍ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് വഴിവെച്ച പശ്ചാത്തലത്തിലാണ് ഇന്‍സ്റ്റഗ്രാമിലൂടെയുള്ള താരത്തിന്റെ വൈകാരികമായ പ്രതികരണം.
കഴിഞ്ഞ രണ്ടു വര്‍ഷമായി പൊതുവേദികളില്‍നിന്നും മാധ്യമശ്രദ്ധയില്‍നിന്നും താന്‍ ബോധപൂര്‍വം മാറിനില്‍ക്കുകയായിരുന്നുവെന്ന് പ്രിയ ഗായിക കുറിച്ചു. താന്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് അറിയാമായിരുന്ന ആരാധകരുടെ സ്‌നേഹവും പ്രാര്‍ഥനകളും സന്ദേശങ്ങളുമാണ് ഈ യാത്രയില്‍ ഉടനീളം തനിക്ക് തുണയായതെന്നും അല്‍ക്ക വ്യക്തമാക്കി.
ലഭിച്ച ആദരം തന്നെ ഏറെ വിനയാന്വിതയാക്കുന്നുവെന്ന് പറഞ്ഞ അല്‍ക്ക, ഈ പുരസ്‌കാരം തന്നെ നെഞ്ചിലേറ്റിയ ഓരോ ശ്രോതാക്കള്‍ക്കും അവകാശപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. രോഗാവസ്ഥയില്‍ നിന്നും താന്‍ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണെന്നും, തനിക്കായി പ്രാര്‍ഥിച്ചവര്‍ക്ക് വേണ്ടിയാണ് ഈ ചടങ്ങില്‍ പങ്കെടുത്തതെന്നും അവര്‍ കുറിച്ചു. പുരസ്‌കാരത്തിന് കേന്ദ്ര സര്‍ക്കാരിനോടും പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും താരം നന്ദി അറിയിച്ചു.
അണുബാധയെത്തുടര്‍ന്ന് കേള്‍വിശക്തിയെ ബാധിക്കുന്ന അപൂര്‍വ രോഗാവസ്ഥയായ 'സെന്‍സറിന്യൂറല്‍ ഹിയറിംഗ് ലോസ്' പിടിപെട്ടതായി 2024-ല്‍ അല്‍ക്ക യാഗ്‌നിക് തന്നെയാണ് വെളിപ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണ് താരം സംഗീത ലോകത്തുനിന്നും താത്കാലികമായി വിട്ടുനിന്നത്. ഇംതിയാസ് അലി സംവിധാനം ചെയ്ത 'അമര്‍ സിങ് ചംകീല' (2024) എന്ന ചിത്രത്തിലെ എ.ആര്‍. റഹ്‌മാന്‍ സംഗീതം നല്‍കിയ 'നരം കാല്‍ജ' എന്ന ഗാനമാണ് അല്‍ക്കയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്.