

ഗുവാഹത്തിയിൽ നടന്ന തത്സമയ സംഗീത പരിപാടിക്കിടെ 'ധുരന്ധർ' എന്ന ആഗോള ഹിറ്റ് ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയയായ റാപ്പർ റെബലിന് ഡ്രോൺ തട്ടി അപകടമുണ്ടായി. വേദിയിൽ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതിനിടെ ഡ്രോൺ മുഖത്ത് പതിച്ചതിനെ തുടർന്ന് താരം അമ്പരന്ന് കുറച്ചുനേരം നിന്ന ശേഷം സ്റ്റേജിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
അസമിൽ നടന്ന പൾസ് 2026 അവാർഡ്സ് വേദിയിലാണ് അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. 'റൺ ഡൗൺ ദ് സിറ്റി' എന്ന ഗാനം ആലപിക്കുന്നതിനിടെയാണ് ഡ്രോൺ റെബലിന്റെ മുഖത്ത് തട്ടുകയും തുടർന്ന് നിലത്തേക്ക് വീഴുകയും ചെയ്തത്. ഇൻസ്റ്റഗ്രാമിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ സംഭവത്തിന് ശേഷമുള്ള റെബലിന്റെ അപ്രതീക്ഷിത നീക്കം കാണാം. അപകടത്തെക്കുറിച്ച് റെബൽ ഇതുവരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടില്ല.
മേഘാലയ സ്വദേശിയായ ദയാഫി ലമാരെ എന്ന റെബൽ ചെറുപ്പം മുതലേ സംഗീതത്തിലും ഗാനരചനയിലും താത്ര്യം കാണിച്ചിരുന്നു. 2019-ൽ 'ബാഡ്' എന്ന ആദ്യ സിംഗിൾ പുറത്തിറക്കിയ താരം പിന്നീട് 'റീസൺസ്', 'പ്രേയിങ് മാന്റിസ്', 'മാനിഫെസ്റ്റ്' തുടങ്ങിയ ഗാനങ്ങളിലും പ്രത്യക്ഷപ്പെട്ടു. ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' എന്ന ചിത്രത്തിലൂടെയാണ് റെബലിന് ബോളിവുഡിൽ വലിയ ശ്രദ്ധ ലഭിച്ചത്.
'റൺ ഡൗൺ ദി സിറ്റി: മോണിക്ക', 'നാൽ നാച്ന', 'മൂവ് - യേ ഇഷ്ക് ഇഷ്ക്' എന്നീ ഗാനങ്ങൾക്ക് ശബ്ദം നൽകിയതിനൊപ്പം സംഗീത സംവിധായകൻ ശാശ്വത് സച്ച്ദേവുമായി ചേർന്ന് വരികൾ എഴുതുകയും ചെയ്തിരുന്നു. ബംഗളൂരുവിൽ എൻജിനീയറിങ് പഠിച്ച ശേഷമാണ് അവർ ഗാനരംഗത്തു സജീവമായത്.
ഈ മാസം 12-ന് റെബലിന്റെ '25IN26' എന്ന ഇപി ആൽബം പുറത്തിറങ്ങിയിരുന്നു. ഗോവയിൽ നടക്കുന്ന മോട്ടോവേഴ്സ് ഫെസ്റ്റിവലിൽ ഇന്ന് റെബലിന്റെ സംഗീത പരിപാടി നിശ്ചയിച്ചിട്ടുണ്ട്. തത്സമയ പരിപാടികൾക്കിടെ ഡ്രോൺ അപകടങ്ങൾ നേരിടുന്ന ആദ്യ ഗായികയല്ല റെബൽ. 2023-ൽ ചെന്നൈയിലെ ഷോയ്ക്കിടെ ഗായകൻ ബെന്നി ദയാലിന്റെ തലയ്ക്കു പിന്നിൽ ഡ്രോൺ തട്ടി പരിക്കേറ്റിരുന്നു. അതേവർഷം മേയിൽ ഗായിക നികിത ഗാന്ധിക്കും തത്സമയ പ്രകടനത്തിനിടെ ഡ്രോൺ ഇടിച്ചു പരിക്കേറ്റിരുന്നു.