

ആദിത്യ ധര്‍ സംവിധാനം ചെയ്ത് രണ്‍വീര്‍ സിങ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'ധുരന്ധര്‍: ദ് റിവഞ്ച്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആഗോള തലത്തില്‍ ശ്രദ്ധേയമായ നേട്ടത്തിലേക്ക്. ചിത്രത്തിന്റെ സൗണ്ട് ട്രാക്കുകള്‍ 2027 ലെ പ്രശസ്തമായ ഗ്രാമി അവാര്‍ഡിനു സമര്‍പ്പിച്ചു. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിട്ടുള്ള ടി-സീരീസ് ആണ് വോട്ടിങ്ങിനായി 'ഫോര്‍ യുവര്‍ ഗ്രാമി കണ്‍സിഡറേഷന്‍' ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്.
ശാശ്വത് സച്‌ദേവ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ സൗണ്ട് ട്രാക്കും വിവിധ ഗാനങ്ങളും ആകെ ഒമ്പത് ഗ്രാമി വിഭാഗങ്ങളിലാണ് പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുന്നത്. അക്കാദമിയിലെ വോട്ടിങ് അംഗങ്ങള്‍ക്കിടയില്‍ ആദ്യഘട്ട വോട്ടിങ് വേളയില്‍ തന്നെ ഗാനങ്ങള്‍ എത്തിക്കുകയും ശ്രദ്ധ നേടുകയുമാണ് ഈ ക്യാമ്പയിനിലൂടെ ടി-സീരീസ് ലക്ഷ്യമിടുന്നത്.
ഇത് അന്തിമ നാമനിര്‍ദേശം ഉറപ്പുനല്‍കുന്നില്ലെങ്കിലും, ആദ്യഘട്ട വോട്ടിങ്ങില്‍ ആവശ്യത്തിന് വോട്ടുകള്‍ ലഭിച്ചാല്‍ ചിത്രം ഗ്രാമി അവാര്‍ഡിന്റെ ഔദ്യോഗിക നോമിനേഷന്‍ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെടും. 'ധുരന്ധര്‍' ഫ്രാഞ്ചൈസിയിലെ ഗാനങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്കിടയില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.