

2027 ലെ ഓസ്‌കര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി 'ധുരന്ധര്‍' എന്ന ബോളിവുഡ് ചിത്രം തിരഞ്ഞെടുക്കപ്പെടാത്തതിന്റെ കാരണം വെളിപ്പെടുത്തി ജൂറി അംഗം വിവേക് വാസ്‌വാനി. രണ്‍വീര്‍ സിങ് നായകനായ 'ധുരന്ധര്‍', ഇതിന്റെ രണ്ടാം ഭാഗമായ 'ധുരന്ധര്‍: ദി റിവഞ്ച്' എന്നീ ചിത്രങ്ങള്‍ പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന പട്ടികയില്‍ ഇടംപിടിച്ചില്ല.
ഓസ്‌കര്‍ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ തക്കവിധത്തിലുള്ള സാംസ്‌കാരിക മൂല്യങ്ങള്‍ അദിത്യ ധർ സംവിധാനം ചെയ്ത ചിത്രങ്ങളിലില്ലെന്നു ജൂറി വിലയിരുത്തി. 14 അംഗ ജൂറിയില്‍ നാല് വോട്ടുകള്‍ മാത്രമാണ് ചിത്രത്തിന് ലഭിച്ചതെന്നും വിവേക് പറഞ്ഞു.
സന്തോഷ് ദവാഖര്‍ സംവിധാനം ചെയ്ത 'ഗോന്ധല്‍' എന്ന മറാത്തി ചിത്രമാണ് മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ തിരഞ്ഞെടുത്തത്. ഹിന്ദി, മറാത്തി, തെലുങ്ക്, ഗുജറാത്തി, തമിഴ്, മലയാളം തുടങ്ങിയ വിവിധ ഭാഷകളില്‍ നിന്നുള്ള 14 ചിത്രങ്ങളെ മറികടന്നാണ് 'ഗോന്ധല്‍' ഈ നേട്ടം കൈവരിച്ചത്. മഹാരാഷ്ട്രയിലെ പരമ്പരാഗത നാടോടി കലാരൂപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ ത്രില്ലര്‍ ചിത്രം ഇന്ത്യന്‍ സംസ്‌കാരത്തെ മികച്ച രീതിയില്‍ അടയാളപ്പെടുത്തുന്നുണ്ടെന്ന് ജൂറി അഭിപ്രായപ്പെട്ടു.
ഔദ്യോഗിക എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും 'ധുരന്ധറിന്' ഓസ്‌കര്‍ മത്സരരംഗത്ത് എത്തുന്നതിന് മറ്റ് തടസങ്ങളില്ല. മുന്‍പ് 'ആര്‍ആര്‍ആര്‍' ചെയ്തതുപോലെ നിര്‍മാതാക്കള്‍ക്ക് സ്വതന്ത്രമായി ചിത്രം ഓസ്‌കറിലേക്ക് അയയ്ക്കാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.