

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം 'രാമായണ'യിലെ ഗാനരംഗവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചർച്ചയും വിവാദവും. ചിത്രത്തിലെ പുതിയ ഗാനമായ 'മംഗൾ രംഗ്' പുറത്തുവന്നതിനു പിന്നാലെയാണ് സിനിമയിലെ ചില ആചാരങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ആരാധകർക്കിടയിൽ ഉയർന്നിരിക്കുന്നത്.
രണ്‍ബീർ കപുർ ശ്രീരാമനായും സായി പല്ലവി സീതാദേവിയായും വേഷമിടുന്ന ചിത്രത്തിലെ ഗാനത്തിൽ, ശ്രീരാമന് മഞ്ഞൾ ചാർത്തുന്ന ചടങ്ങിൽ സീതാദേവി സമീപത്തുനിൽക്കുന്നതായി കാണിക്കുന്ന രംഗമാണ് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. വിവാഹചടങ്ങുകളിൽ വധൂവരന്മാർ ഒരുമിച്ചു ഹൽദി ചടങ്ങുകളിൽ പങ്കെടുക്കാറില്ല. അതിനാൽ, ഇത് വിവാഹച്ചടങ്ങാണോ, അതോ രാമന്റെ കിരീടധാരണ ചടങ്ങാണോ എന്ന സംശയമാണ് ചിലർ ഉന്നയിക്കുന്നത്. കൂടാതെ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിലും മിഥിലയിലും പ്രചാരത്തിലുള്ള ചടങ്ങായിരിക്കാം ഇതെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
എന്നാൽ സിനിമയിലെ ഈ രംഗത്തിന്റെ കൃത്യമായ പശ്ചാത്തലം എന്താണെന്ന കാര്യത്തിൽ അണിയറപ്രവർത്തകർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ശ്രീരാമന്റെ കിരീടധാരണത്തിനായി ഒരുങ്ങുന്ന രംഗമാണ് അതെന്നും, തുടർന്നുള്ള സംഭവവികാസങ്ങളാകാം കഥയിൽ നടക്കുന്നതെന്നും ഒരു വിഭാഗം വാദിക്കുന്നു.
അഞ്ച് ഭാഷകളിലായി പുറത്തിറങ്ങിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്. റഹ്മാനാണ്. ഹിന്ദിയില്‍ കുമാര്‍ വിശ്വാസാണ് വരികള്‍ എഴുതിയിരിക്കുന്നത്. ഹിന്ദി പതിപ്പില്‍ അരിജിത് സിങ്ങും ശ്രേയ ഘോഷാലും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. വിവിധ ഭാഷകളിലായി പ്രമുഖ ഗായകരാണ് ഗാനത്തിന് ശബ്ദം പകര്‍ന്നിട്ടുള്ളത്. സീതാസ്വയംവരത്തില്‍ ശിവധനുസ് ഒടിച്ച് രാമന് തന്റെ ശക്തി തെളിയിക്കുന്നത് മുതൽ വനവാസം വരെയുള്ള ദൃശ്യങ്ങൾ ഗാനത്തിലുണ്ട്.
ഗാനത്തിന്റെ സംഗീത ശൈലിയെക്കുറിച്ചും ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങൾ ഉയരുന്നുണ്ട്. ഏതായാലും ചിത്രത്തിന്റെ റിലീസിനൊപ്പം ഓരോ ദൃശ്യങ്ങളും വലിയ രീതിയിലുള്ള ചർച്ചകൾക്കാണു വഴിയൊരുക്കുന്നത്.
രണ്‍ബീര്‍ കപുറിനും സായി പല്ലവിക്കും പുറമെ യാഷ് (രാവണന്), രവി ദുബെ (ലക്ഷ്മണന്), സണ്ണി ഡിയോള്‍ (ഹനുമാന്) തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നമീത് മല്‍ഹോത്രയുടെ ഫോകസ് സ്റ്റുഡിയോസും ഡിഎന്‍ഇജിയും യാഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന 'രാമായണ പാര്‍ട്ട് 1' നവംബര്‍ അഞ്ചിന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഗാനങ്ങള്‍ ടി-സീരീസിലൂടെയാണ് പുറത്തിറങ്ങിയിരിക്കുന്നത്.