

തമിഴ് സിനിമയിലെ ചോക്ലേറ്റ് ഹീറോ പ്രശാന്തിന്റെ പഴയ ഹിറ്റ് ഗാനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും തരംഗമാകുന്നു. പ്രശാന്ത് നായകനായ 'ജീന്‍സ്', 'ജോഡി' എന്നീ ചിത്രങ്ങളിലെ എവര്‍ഗ്രീന്‍ ഗാനങ്ങള്‍ പുതിയ തലമുറ ഏറ്റെടുത്തതിനെക്കുറിച്ച് താരം മനസ് തുറന്നിരിക്കുകയാണ്. പ്രമുഖ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തിയ പ്രശാന്ത് തന്റെ പഴയ നായികമാര്‍ക്കൊപ്പം ഈ ഗാനങ്ങള്‍ക്ക് ചുവടുവെച്ചതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സീ തമിഴിലെ 'ഡാന്‍സ് ജോഡി ഡാന്‍സ്' സീസണ്‍ 4 ലാണ് ഈ അപൂര്‍വ നിമിഷങ്ങള്‍ സംഭവിച്ചത്. ഷോയില്‍ പ്രശാന്തിനൊപ്പം ജഡ്ജായി എത്തിയ നടി സിമ്രാനൊപ്പം 1999ല്‍ പുറത്തിറങ്ങിയ 'ജോഡി' എന്ന ചിത്രത്തിലെ 'കാതല്‍ കടിതം' എന്ന ഗാനം അദ്ദേഹം വീണ്ടും വേദിയില്‍ പുനരാവിഷ്‌കരിച്ചു.
ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ക്കുശേഷമുള്ള ഇവരുടെ നൊസ്റ്റാള്‍ജിക് പ്രകടനം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇതേ വേദിയില്‍വെച്ച് മറ്റൊരു ജഡ്ജായ നടി സ്‌നേഹയ്ക്കൊപ്പം 1998ല്‍ പുറത്തിറങ്ങിയ 'ജീന്‍സ്' എന്ന ചിത്രത്തിലെ 'അന്‍ബേ അന്‍ബേ' എന്ന ഗാനത്തിനും പ്രശാന്ത് ചുവടുവെച്ചു.
പുതിയ തലമുറയിലെ കുട്ടികള്‍ തന്റെ ഗാനങ്ങള്‍ നെഞ്ചിലേറ്റുന്നതില്‍ തനിക്കു വലിയ സന്തോഷമുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ഇതൊരു ട്രെന്‍ഡായി മാറിയതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുമ്പ് 1998ല്‍ പുറത്തിറങ്ങിയ 'ജീന്‍സ്' സിനിമയുടെ പ്രൊമോഷന്‍ സമയത്ത് പ്രശാന്ത്, ഐശ്വര്യ റായ്, സംവിധായകന്‍ ഷങ്കര്‍ എന്നിവര്‍ ഒന്നിച്ചുള്ള പഴയൊരു വീഡിയോയും ഇന്റര്‍നെറ്റില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
'ജീന്‍സ്' സിനിമ റിലീസ് ചെയ്തിട്ട് 28 വര്‍ഷം തികയുന്ന ഈ വേളയില്‍ പ്രശാന്ത്, ഐശ്വര്യ റായ്, ഷങ്കര്‍ എന്നിവര്‍ വീണ്ടുമൊരു ഒത്തുചേരലിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, നിലവില്‍ അങ്ങനെ ചിന്തിച്ചിട്ടില്ലെന്നും എന്നാല്‍ അങ്ങനെയൊരു റീയൂണിയനായുള്ള ശ്രമങ്ങള്‍ താന്‍ തീര്‍ച്ചയായും മുന്‍കൈ എടുത്ത് നടത്തുമെന്നും പ്രശാന്ത് മറുപടി നല്‍കി.