

ആ ജീവിതം, ലോകത്തിനുസമ്മാനിച്ചത് അനുപമസംഗീതമാണ്. വിവിധ ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങള്‍ ആലപിച്ച് ജനഹൃദയങ്ങള്‍ കീഴടക്കിയ അവരുടെ ഗാനാലാപന മികവിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും, ജാനകിയമ്മ അവസാനമായി ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട ഒരു അപൂര്‍വനിമിഷമുണ്ട്! തമിഴിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളില്‍ ഒന്നായ വിജയ് സേതുപതി-തൃഷ കൂട്ടുകെട്ടിന്റെ '96'-ലായിരുന്നു ജാനകിയമമ്മ തന്റെ അവസാന ഓണ്‍-സ്‌ക്രീന്‍ പ്രകടനം നടത്തിയത്.
സി.പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെയാണ് ജാനകി അമ്മ അതിഥിവേഷത്തിലെത്തിയത്. ചിത്രത്തില്‍ തൃഷ അവതരിപ്പിച്ച നായിക കഥാപാത്രത്തിന് 'ജാനകി ദേവി' (ജാനു) എന്നു പേരു നല്‍കിയതുതന്നെ ജാനകിയമ്മയോടുള്ള ആദരസൂചകമായിട്ടായിരുന്നു. ജാനകി അമ്മയുടെ മാത്രം പാട്ടുകള്‍ പാടുന്ന ഒരു കടുത്ത ആരാധകിയായാണ് ചിത്രത്തില്‍ തൃഷയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
സിനിമയുടെ തിയേറ്റര്‍ പതിപ്പില്‍നിന്ന് ഒഴിവാക്കപ്പെട്ട, പിന്നീട് യൂട്യൂബിലൂടെ പുറത്തുവിട്ട നാലു മിനിറ്റ് ദൈര്‍ഘ്യമുള്ള ആ ഡിലീറ്റഡ് സീനിലാണ് ജാനകിയമ്മയെ കാണാനാകുക. ഒരു സിനിമാ ക്യാമറയ്ക്ക് മുന്നില്‍ അവര്‍ അവസാനമായി നിന്ന നിമിഷവും ഇതായിരുന്നു.
ചെന്നൈ നഗരത്തിലൂടെയുള്ള അര്‍ധരാത്രിയിലെ യാത്രയ്ക്കിടയില്‍ റാമും (വിജയ് സേതുപതി) ജാനുവും (തൃഷ) ഈ പ്രശസ്ത ഗായികയുടെ വീടിനു മുന്നില്‍നിന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതാണു രംഗം. ഈ സമയം അപ്രതീക്ഷിതമായി കാറില്‍ അവിടെയെത്തുന്ന ജാനകിയമ്മ അവരെ വീടിനുള്ളിലേക്ക് ക്ഷണിക്കുകയും സ്‌നേഹത്തോടെ സംസാരിക്കുകയും,നിർബന്ധിച്ച് പാടിപ്പിക്കുകയും ചെയ്യുന്നു.
അങ്ങനെ സാക്ഷാൽ എസ്.ജാനകിക്ക് മുന്നിലിരുന്ന് തൃഷയുടെ എസ്.ജാനകി ദേവി പാടുന്നു. അവസാനം ഒരൊറ്റ ഗായികയിലേക്കുമാത്രം ആലാപനം ഒതുക്കിനിര്‍ത്തരുതെന്നും എല്ലാത്തരം സംഗീതത്തെയും നെഞ്ചിലേറ്റണമെന്നും അവര്‍ തൃഷയുടെ കഥാപാത്രത്തിന് സ്‌നേഹോപദേശം നല്‍കുന്നുമുണ്ട് എസ്.ജാനകി.
ചിത്രത്തില്‍ തൃഷയുടെ കഥാപാത്രത്തിനുവേണ്ടി ശബ്ദം നല്‍കിയ പ്രശസ്ത ഗായിക ചിന്മയിക്ക് ജാനകി അമ്മയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. തിയേറ്ററില്‍ ഈ രംഗം കാണാന്‍ കഴിഞ്ഞില്ലെങ്കിലും, യൂട്യൂബില്‍ റിലീസ് ചെയ്തപ്പോള്‍ ആരാധകര്‍ ഈ അപൂര്‍വ നിമിഷത്തെ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
തമിഴ് ചിത്രം 'വിധിയിന്‍ വിളയാട്ട്' എന്ന സിനിമയിലൂടെ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ജാനകി അമ്മ കന്നഡയിലാണ് ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ളത്. പി.ബി. ശ്രീനിവാസ്, എസ്.പി. ബാലസുബ്രഹ്‌മണ്യം, ഡോ. രാജ്കുമാര്‍ എന്നിവര്‍ക്കൊപ്പം അവര്‍ പാടിയ യുഗ്മഗാനങ്ങള്‍ ഇന്നും നിത്യഹരിതമായി നിലനില്‍ക്കുന്നു.
ഇളയരാജ, ജി.കെ. വെങ്കിടേഷ്, ഹംസലേഖ, എ.ആര്‍. റഹ്‌മാന്‍, ജോണ്‍സണ്‍ മാസ്റ്റര്‍ തുടങ്ങി ഇന്ത്യയിലെ ഭൂരിഭാഗം പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പവും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016-ല്‍ പിന്നണി ഗാനരംഗത്തുനിന്ന് വിരമിച്ചെങ്കിലും, '96' സിനിമയിലൂടെ അവര്‍ സമ്മാനിച്ച ആ നാല് മിനിറ്റുകള്‍ അവരുടെ ആരാധകര്‍ക്ക് എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന ദൃശ്യനിധിയാണ്.