

ചലച്ചിത്രലോകത്തെ ഓസ്കർ തിളക്കത്തിനു പിന്നാലെ, ഇന്ത്യൻ ജനതയുടെ ഹൃദയമിടിപ്പായ 'വന്ദേമാതരം' എന്ന ദേശഭക്തിഗാനത്തിന് പുതിയ സംഗീതാവിഷ്കാരം നൽകാൻ ഒരുങ്ങി എം.എം. കീരവാണി. ബങ്കിം ചന്ദ്ര ചാറ്റർജി അനശ്വരവരികൾ രചിച്ചതിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് റിപ്പബ്ലിക് ദിനത്തിൽ കീരവാണി സംഗീതവിരുന്ന് ഒരുക്കുന്നത്.
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ ഒരുങ്ങുന്ന ഈ ബൃഹദ് സംഗീത ശില്പത്തിൽ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽനിന്നുള്ള 2,500 കലാകാരന്മാരാണ് അണിനിരക്കുന്നത്. വൈവിധ്യങ്ങളുടെ ഇന്ത്യയെ ഒരൊറ്റ ഈണത്തിൽ കോർത്തിണക്കുന്ന ഈ സംഗീത യാത്രയെക്കുറിച്ച് കീരവാണി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. 'നമ്മുടെ രാജ്യത്തിന്റെ ആത്മാവിനെ ആഘോഷിക്കാൻ നമുക്ക് ഒന്നിക്കാം. റിപ്പബ്ലിക് ദിന പരേഡിൽ വന്ദേമാതരത്തിന് സംഗീതം നൽകാൻ കഴിഞ്ഞതിൽ ഞാൻ അതീവ സന്തുഷ്ടനും അഭിമാനിതനുമാണ്...'-കീരവാണി എക്സിൽ കുറിച്ചു.
ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ എന്നിവരാണ് പരേഡിൽ മുഖ്യാതിഥികളായി എത്തുന്നത്. ലോകനേതാക്കളുടെ സാന്നിധ്യത്തിൽ കീരവാണിയുടെ ഈണം മുഴങ്ങുന്നത് ഇന്ത്യൻ സിനിമാ ലോകത്തിനും അഭിമാനനിമിഷമാണ്.
'ആർആർആർ' എന്ന ചിത്രത്തിലൂടെ ഓസ്കർ പുരസ്കാരം ഇന്ത്യയിലെത്തിച്ച കീരവാണി, സിനിമാ സംഗീതത്തിൽനിന്ന് ദേശീയതയുടെ വിശാലമായ ക്യാൻവാസിലേക്ക് മാറുമ്പോൾ രാജ്യം കാതോർക്കുന്നത് മറ്റൊരു മാന്ത്രികാനുഭവത്തിനാണ്. ജനുവരി 26-ന് കർത്തവ്യപഥിൽ മുഴങ്ങുന്ന ആ സ്വരരാഗങ്ങൾക്കായി എല്ലാ ഭാരതീയരും കാത്തിരിക്കുകയാണ്.