

ബോളിവുഡ് സുൽത്താൻ സൽമാൻ ഖാൻ നായകനായെത്തുന്ന വാർ ഡ്രാമ 'ബാറ്റിൽ ഓഫ് ഗൽവാൻ' റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിലെ 'മാതൃഭൂമി...' എന്ന ഗാനത്തിന് പിന്നാലെ വാലന്റൈൻസ് ദിനത്തിൽ പുറത്തിറങ്ങിയ പ്രണയഗാനം 'മേം ഹൂം...' സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. സൽമാൻ ഖാനും ചിത്രാംഗദ സിംഗും തമ്മിലുള്ള മനോഹരമായ പ്രണയനിമിഷങ്ങളാണ് ഗാനത്തിന്റെ ഉള്ളടക്കം. അതേസമയം, പാട്ടിനെക്കുറിച്ച് വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്.
സൽമാൻ ഖാൻ തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് ആരാധകർക്കായി ഗാനം പങ്കുവച്ചത്. കുനിക സദാനന്ദിന്റെ മകൻ അയാൻ ലാൽ ആണ് ഗാനത്തിനു സംഗീതം നൽകി ആലപിച്ചത്. പ്രശസ്ത ഗായിക ശ്രേയ ഘോഷാലും കൂടെ പാടിയിരിക്കുന്നു. ദൃശ്യമികവ് കൊണ്ട് ഗാനം ശ്രദ്ധിക്കപ്പെടുന്നുണ്ടെങ്കിലും പാട്ടിന്റെ വരികളോടും സംഗീതത്തോടും ആരാധകർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഉയരുന്നത്.
ഗാനം പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. സൽമാന്റെ ലുക്കിനെ ആരാധകർ വാനോളം പുകഴ്ത്തുമ്പോഴും പാട്ടിന്റെ നിലവാരത്തിൽ പലരും അതൃപ്തി രേഖപ്പെടുത്തി. ഗായകനും വരികളും മോശമായിപ്പോയെന്നാണ് നൂറുകണക്കിന് ആസ്വാദകർ പറയുന്നത്. 'ഇതൊക്കെ ഒരു പാട്ടാണോ? വരികൾ പോലും ഓർത്തെടുക്കാൻ പറ്റുന്നില്ല. സിന്തസൈസറിൽ എന്തൊക്കെയോ വായിച്ചതുപോലെ തോന്നുന്നു.'- ഒരാളുടെ വിമർശനം ഇങ്ങനെയായിരുന്നു.എങ്കിലും ശ്രേയ ഘോഷാലിന്റെ ആലാപനത്തെയും ചിത്രാംഗദയുടെ പ്രകടനത്തെയും പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന 'ബാറ്റിൽ ഓഫ് ഗൽവാൻ' യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ്. സൽമാൻ ഖാൻ, ചിത്രാംഗദ സിംഗ് എന്നിവർക്ക് പുറമെ സെയ്ൻ ഷാ, അങ്കുർ ഭാട്ടിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഏപ്രിൽ 17ന് ചിത്രം തിയറ്ററുകളിലെത്തും.