

ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലിനെ ഇതിവൃത്തമാക്കി, ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ പ്രധാന കഥാപാത്രമാകുന്ന 'ബാറ്റില്‍ ഓഫ് ഗാല്‍വാന്‍' എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. സല്‍മാന്‍ ഖാന്റെ അറുപതാം പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറി. സല്‍മാന്‍ ഖാന്റെ പന്‍വേലിലുള്ള ഫാം ഹൗസില്‍ പ്രൗഢഗംഗീരമായ പിറന്നാള്‍ ആഘോഷത്തിനിടെയായിരുന്നു ടീസര്‍ റിലീസ്. സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തില്‍ സല്‍മാനോടൊപ്പം ചിത്രാംഗദ സിംഗും പ്രധാനവേഷത്തിലെത്തുന്നു.
ടീസറില്‍ സംയമനത്തോടെയും അതേസമയം തീവ്രതയോടെയും നിറയുന്ന ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥനെ അവതരിപ്പിക്കുന്ന സല്‍മാനെ കാണാം. എതിരാളികളെ നേരിടാന്‍ മരക്കമ്പുമായി ചങ്കൂറ്റത്തോടെ നില്‍ക്കുന്ന പട്ടാളക്കാരന്റെ, തന്റെ നാടിനുവേണ്ടി ജീവത്യാഗം ചെയ്യാന്‍ തയാറാകുന്ന രാജ്യസ്‌നേഹിയുടെ മുഖമാണ് സല്‍മാന്.
2020-ല്‍ ഗാല്‍വാന്‍ താഴ്വരയില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ സംവിധായകന്‍ അപൂര്‍വ ലാഖിയയാണ്. 2026 ഏപ്രില്‍ 17ന് 'ബാറ്റില്‍ ഓഫ് ഗാല്‍വാന്‍' തിയേറ്ററുകളില്‍ റിലീസ് ചെയ്യും. നേരത്തെ, പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ കരിയറില്‍ ശാരീരികമായി ഏറ്റവും ബുദ്ധിമുട്ടിയ പ്രോജക്ടുകളില്‍ ഒന്നാണിതെന്ന് സല്‍മാന്‍ പറഞ്ഞിരുന്നു.