

ബോളിവുഡ് ചലച്ചിത്രലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സല്‍മാന്‍ ഖാന്‍ നായകനാകുന്ന 'ബാറ്റില്‍ ഓഫ് ഗാല്‍വാന്‍'. സിനിമയുടെ ചിത്രീകരണവിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതിഹാസതാരം അമിതാഭ് ബച്ചന്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിക്കുന്ന എന്ന സൂചന ശരിവെച്ചുകൊണ്ടുള്ള ഫോട്ടോ പുറത്തുവന്നു.
ബാറ്റിൽ ഓഫ് ഗൽവാൻ സംവിധായകൻ അപൂർവ ലാഖിയ ആണ് ബച്ചനൊപ്പമുള്ള ലൊക്കേഷൻ സ്റ്റിൽ പങ്കുവച്ചത്. 'അദ്ദേഹം എന്നോട് എന്താണ് പറയുന്നതെന്ന് ഊഹിക്കാമോ' എന്ന ചോദ്യവുമുണ്ടായിരുന്നു ഒപ്പം. ലെജൻഡ്ഓൺസെറ്റ് എന്നായിരുന്നു ഹാഷ് ടാഗ്. ബച്ചൻ ചിത്രത്തിലുണ്ടാകുമെന്ന് നേരത്തെ സൂചനകൾ പുറത്തുന്നിരുന്നു. സംവിധായകന്റെ ഫോട്ടോയോടെ ഇതുസംബന്ധിച്ച ചർച്ചകളാണ് സോഷ്യല്‍ മീഡിയ നിറയെ.
അമിതാഭ് ബച്ചന്‍, സല്‍മാന്‍ ഖാന്‍ എന്നിവരോടൊപ്പം ചിത്രരംഗ്ദ സിംഗ്, അഭിലാഷ് ചൗധരി, അങ്കുര്‍ ഭാട്ടിയ, വിപിന്‍ ഭരദ്വാജ്, അഭിശ്രീ സെന്‍, നിര്‍ഭയ് ചൗധരി, സിദ്ധാര്‍ഥ് മൂളി, സീന്‍ ഷാ എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. സൂപ്പര്‍താരം ഗോവിന്ദയും ചിത്രത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ചലച്ചിത്രപ്രേമികള്‍. ഗോവിന്ദയുടെ ഭാര്യ സുനിത അഹൂജ ബിഗ് ബോസില്‍ അതിഥിയായി എത്തിയപ്പോള്‍ ബാറ്റില്‍ ഓഫ് ഗാല്‍വാനില്‍ അഭിനയിക്കുന്ന വിശേഷം പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.