

ബി ടൗണിലെ പ്രിയ ഗായകൻ കുമാർ സാനുവുമൊത്തുള്ള എഐ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെതിരെ രൂക്ഷ പ്രതികരണവുമായി മുൻകാമുകിയും നടിയുമായ കുനിക്ക സദാനന്ദ് രംഗത്ത്. 'ഷരം കരോ' (അല്പമെങ്കിലും നാണമുണ്ടോ) എന്നു ചോദിച്ചുകൊണ്ടാണു താരം തന്റെ എക്സ് അക്കൗണ്ടിലൂടെ രൂക്ഷമായി പ്രതികരിച്ചത്.
കുമാർ സാനു നിലവിൽ സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന ആളാണെന്നും കുമാർസാനുവിനെയും തന്നെയും അനാവശ്യവിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുരുതെന്നും കുനിക്ക വ്യക്തമാക്കി. വ്യക്തിഗത അവകാശങ്ങൾ ലംഘിക്കുന്നവർക്കെതിരെ മാനനഷ്ടത്തിനു കേസ് കൊടുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അടുത്തിടെ ബിഗ് ബോസ് 19-ൽ വച്ചാണ് കുമാർ സാനുവുമായുള്ള തന്റെ പഴയകാല ബന്ധത്തെക്കുറിച്ച് കുനിക്ക വീണ്ടും സംസാരിച്ചത്. എന്നാൽ ആരെയെങ്കിലും അപമാനിക്കാനല്ല, മറിച്ച് ജീവിതത്തിലെ അതിർവരമ്പുകളെക്കുറിച്ച് സഹമത്സരാർഥികളെ ബോധ്യപ്പെടുത്താനാണ് തന്റെ അനുഭവം പങ്കുവച്ചതെന്ന് അവർ പിന്നീടു വിശദീകരിച്ചു. തകർന്ന വിവാഹവും വൈകാരിക പ്രതിസന്ധികളും നേരിടുന്ന ഘട്ടത്തിലാണ് സാനുജിയുമായി അടുപ്പത്തിലായതെന്നും ആ ബന്ധത്തിൽ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും കുനിക്ക പറഞ്ഞിരുന്നു.
നേരത്തെ നൽകിയ അഭിമുഖത്തിൽ തന്റെയും കുമാർ സാനുവിന്റെയും ബന്ധത്തെക്കുറിച്ച് കുനിക്ക വിശദമായി സംസാരിച്ചിരുന്നു. ഊട്ടിയിൽ വച്ചുള്ള ഒരു അപ്രതീക്ഷിത കൂടിക്കാഴ്ചയാണ് ആറ് വർഷം നീണ്ട ബന്ധത്തിനു തുടക്കമിട്ടത്. കുമാർസാനു കടുത്ത വിഷാദത്തിലൂടെ കടന്നുപോയിരുന്ന സമയത്ത് വലിയ വൈകാരിക പിന്തുണ നൽകിയെന്നും കുനിക്ക തുറന്നുപറഞ്ഞിരുന്നു. തങ്ങൾ ദന്പതികളെപ്പോലെയാണു കഴിഞ്ഞിരുന്നതെന്നും കുനിക്ക വെളിപ്പെടത്തിയിരുന്നു. എന്നാൽ, കുമാർ സാനുവിന്റെ അന്നത്തെ ഭാര്യ റീത്ത ഭട്ടാചാര്യ ഈ ബന്ധം അറിഞ്ഞതോടെ കാര്യങ്ങൾ സങ്കീർണമായി. കുനിക്ക-കുമാർസാനു ബന്ധം വലിയ വിവാദങ്ങളിലേക്കു വഴിവച്ചതിനെത്തുടർന്നാണ് ഇരുവരും വേർപിരിഞ്ഞത്.