

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'ഐ ആം ഗെയി'മിലെ ആദ്യ ഗാനം 'മഴവില്ലായേ' പുറത്തിറങ്ങി. പ്രശസ്ത ബോളിവുഡ് ഗായകൻ അർമാൻ മാലിക് ആദ്യമായി മലയാളത്തിൽ പിന്നണി പാടുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീതം.
ദുൽഖർ സൽമാന്‍റെയും കയാദു ലോഹാറിന്‍റെയും പ്രണയരംഗങ്ങളാണ് ഗാനത്തിലുള്ളത്. ഡാൻ ജോണിന്‍റെ (ദുൽഖർ)കുടുംബ പശ്ചാത്തലവും ഗാനത്തിലൂടെ വ്യക്തമാകുന്നുണ്ട്. ജയസുധയും സംവിധായകൻ ശ്യാമപ്രസാദുമാണ് ചിത്രത്തിൽ ദുൽഖറിന്‍റെ മാതാപിതാക്കളായി എത്തുന്നത്. മലയാളത്തിലേക്ക് അരങ്ങേറാൻ ദുൽഖറിനും ജേക്സ് ബിജോയിക്കുമൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് അർമാൻ മാലിക് സോഷ്യൽ മീഡിയയിൽ കുറിച്ചു.
'ആർഡിഎക്സ്' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഭാഗ്യത്തിലല്ല, മറിച്ച് തന്ത്രങ്ങളിലാണ് കാര്യമെന്ന് വിശ്വസിക്കുന്ന ഡാൻ ജോൺ എന്ന ഗാംബ്ലറുടെ വേഷത്തിലാണ് ദുൽഖർ എത്തുന്നത്. പ്രശസ്ത തമിഴ് സംവിധായകൻ മിസ്കിൻ വില്ലനായി എത്തുമ്പോൾ ആന്‍റണി വർഗീസ്, വിനയ് ഫോർട്ട്, കതിർ, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. സജീർ ബാബ, ബിലാൽ മൊയ്തു, ഇസ്മായിൽ അബൂബക്കർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഓഗസ്റ്റ് 20-ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പൃഥ്വിരാജിന്‍റെ 'ഖലീഫ', നിവിൻ പോളിയുടെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്നീ ചിത്രങ്ങൾക്കൊപ്പമാണ് 'ഐ ആം ഗെയിം' ഈ വർഷത്തെ ഓണം റിലീസായി തിയേറ്ററുകളിലെത്തുന്നത്.
വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയുടെ ഡബ്ബിങ് ഉള്‍പ്പെടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണവും ജേക്‌സ് ബിജോയ് സംഗീതസംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചമന്‍ ചാക്കോയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.