

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ 'ലക്കി ഭാസ്‌കര്‍' എന്ന ത്രില്ലര്‍ ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നു. സൂര്യയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ പുതിയ ചിത്രം 'വിശ്വനാഥ് ആന്‍ഡ് സണ്‍സ്' എന്ന സിനിമയുടെ പ്രമോഷന്‍ അഭിമുഖത്തിലാണ് ലക്കി ഭാസ്കർ സംവിധായകന്‍ വെങ്കി അറ്റ്ലൂരി ഇക്കാര്യം വെളിപ്പെടുത്തിയത്.
രണ്ടാം ഭാഗത്തിലെ നായകനെക്കുറിച്ച് ചോദിച്ചപ്പോള്‍, 'ഭാസ്‌കറായി ദുല്‍ഖര്‍ സല്‍മാനല്ലാതെ മറ്റൊരാളെ ചിന്തിക്കാന്‍ പോലും സാധിക്കില്ല' എന്നായിരുന്നു വെങ്കി അറ്റ്ലൂരിയുടെ ഉറപ്പുള്ള പ്രതികരണം. വെങ്കിയുടെ ഈ വാക്കുകള്‍ അടങ്ങിയ വീഡിയോ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി മാറിയിട്ടുണ്ട്.
2024 ഒക്ടോബര്‍ 31-ന് തിയേറ്ററുകളിലെത്തി 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച 'ലക്കി ഭാസ്‌കര്‍', തെലുങ്ക് സിനിമാലോകത്ത് ദുല്‍ഖറിന്റെ ഹാട്രിക് ബ്ലോക്ക്ബസ്റ്ററായിരുന്നു. അതോടൊപ്പം, മലയാളത്തിന് പുറമെ മറ്റൊരു ഭാഷാ ചിത്രത്തിലൂടെ 100 കോടി നേടുന്ന ആദ്യ മലയാളി താരം എന്ന അപൂര്‍വ റെക്കോര്‍ഡും ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ തന്റെ പേരിലാക്കി. 2024-ലെ ഗദ്ദര്‍ തെലങ്കാന ഫിലിം അവാര്‍ഡില്‍ ദുല്‍ഖറിനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ഉള്‍പ്പെടെ നാല് പ്രധാന പുരസ്‌കാരങ്ങളാണ് ചിത്രം തൂത്തുവാരിയത്.
1980-90 കാലഘട്ടത്തില്‍ മുംബൈയിലെ ബാങ്ക് പശ്ചാത്തലമാക്കി ഒരു സാധാരണ ഉദ്യോഗസ്ഥന്റെ വേറിട്ട അതിജീവനം പറഞ്ഞ ചിത്രം സിതാര എന്റര്‍ടെയ്ന്‍മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മിച്ചത്. മീനാക്ഷി ചൗധരി നായികയായ ചിത്രത്തിനു ദേശീയ അവാര്‍ഡ് ജേതാവ് ജി.വി. പ്രകാശ് കുമാറാണ് ആവേശം വിതറുന്ന ഈണങ്ങള്‍ പകര്‍ന്നുനല്‍കിയത്.