'ഡ്രാഗണി'ന് സംഗീതമൊരുക്കാൻ രവി ബസ്രൂറിനൊപ്പം ശാശ്വത് സച്ച്‌ദേവും?

ശാശ്വത് സച്ച്‌ദേവ്,രവി ബസ്രൂർ
ശാശ്വത് സച്ച്‌ദേവ്,രവി ബസ്രൂർഫോട്ടോ-അറേഞ്ച്ഡ്
Published on: 

'ധുരന്ധർ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ ശാശ്വത് സച്ച്‌ദേവ് ജൂനിയർ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്ന പുതിയ ചിത്രം 'ഡ്രാഗണി'ന്റെ സംഗീതസംഘത്തിൽ ചേരുന്നതായി റിപ്പോർട്ടുകൾ. ചിത്രത്തിലെ ഏതാനും ഗാനങ്ങൾക്ക് ശാശ്വത് സംഗീതമൊരുക്കുമെന്നാണ് സൂചന. അതേസമയം, ചിത്രത്തിന്റെ ഒറിജിനൽ സംഗീത സംവിധായകനായി നേരത്തെ പ്രഖ്യാപിക്കപ്പെട്ട രവി ബസ്രൂർ തന്നെ തുടരും.

Must Read
​ഗ്രാമിയിൽ ഒരുകൈ നോക്കാൻ 'ധുരന്ധര്‍: ദ് റിവഞ്ച്'; വോട്ടിങ് ക്യാമ്പയിന്‍ തുടങ്ങി
ശാശ്വത് സച്ച്‌ദേവ്,രവി ബസ്രൂർ

വർഷങ്ങളായി പ്രശാന്ത് നീലിന്റെ ചിത്രങ്ങളുടെ ഭാഗമാണ് രവി ബസ്രൂർ. 'കെജിഎഫ്', 'സലാർ' തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും അദ്ദേഹത്തിന് വലിയ ശ്രദ്ധ നേടിക്കൊടുത്തിരുന്നു. 'ഡ്രാഗണി'ലും സംഗീതസംവിധായകനായി രവി ബസ്രൂറിനെയാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇതിനിടെയാണ് ശാശ്വത് സച്ച്‌ദേവിന്റെ വരവിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

രവി ബസ്രൂറും പ്രശാന്ത് നീലും
രവി ബസ്രൂറും പ്രശാന്ത് നീലുംഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

'ധുരന്ധർ' എന്ന ചിത്രത്തിലെ സംഗീതത്തിലൂടെയാണ് ശാശ്വത് സച്ച്‌ദേവ് അടുത്തിടെ ഏറെ ശ്രദ്ധ നേടിയത്. ഊർജസ്വലവും വ്യത്യസ്തവുമായ സംഗീതം ഒരുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 'ഡ്രാഗണി'ലേക്കുള്ള അദ്ദേഹത്തിന്റെ വരവ് ചിത്രത്തിന്റെ സംഗീതത്തിന് പുതിയൊരു ഭാവം നൽകുമെന്നാണ് പ്രതീക്ഷ. മലയാളത്തിൽ മോഹൻലാലിന്റെ 'ഓപ്പറേഷൻ ​ഗം​ഗ'യ്ക്ക് സം​ഗീതം നൽകുന്നതും ശാശ്വത് സച്ച്ദേവ് ആണ്.

ശാശ്വത് സച്ച്ദേവ്
ശാശ്വത് സച്ച്ദേവ്ഫോട്ടോകടപ്പാട്-ഫേസ്ബുക്ക്

എന്നാൽ, ഒരു വൻ ബജറ്റ് ചിത്രത്തിൽ രണ്ട് സംഗീത സംവിധായകർ ഒന്നിക്കുമ്പോൾ സംഗീതത്തിന്റെ ചുമതലകൾ എങ്ങനെ വിഭജിക്കുമെന്നതും കൗതുകമുണർത്തുന്നുണ്ട്. ഏതാനും ഗാനങ്ങൾ മാത്രമായിരിക്കുമോ ശാശ്വത് ഒരുക്കുക? ബാക്കി ഗാനങ്ങളുടെയും പശ്ചാത്തല സംഗീതത്തിന്റെയും ചുമതല രവി ബസ്രൂർ നിർവഹിക്കുമോ? അതോ ഇരുവരും തമ്മിൽ സംഗീത വിഭാ​ഗത്തിന്റെ ജോലികൾ മറ്റൊരു രീതിയിൽ വിഭജിക്കുമോ? ഇക്കാര്യങ്ങളിൽ വ്യക്തത വന്നിട്ടില്ല.

'​ഡ്രാ​ഗൺ' പോസ്റ്ററിൽ ജൂനിയർ എൻടിആർ
'​ഡ്രാ​ഗൺ' പോസ്റ്ററിൽ ജൂനിയർ എൻടിആർകടപ്പാട്-ഫേസ്ബുക്ക്

ജൂനിയർ എൻടിആറും പ്രശാന്ത് നീലും ഒന്നിക്കുന്ന ​ഡ്രാ​ഗൺ എന്ന വമ്പൻ ആക്ഷൻ എന്റർടെയ്‌നറിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഗാനങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും ഒരുപോലെ വലിയ പ്രാധാന്യമുള്ള ചിത്രത്തിൽ ശാശ്വതിന്റെ സാന്നിധ്യം ഇതിനകം ചർച്ചയായിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് അണിയറപ്രവർത്തകരുടെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.