

നിതേഷ് തിവാരിയുടെ സംവിധാനത്തിലൊരുങ്ങിയ ബിഗ് ബജറ്റ് ചിത്രം 'രാമായണ'യുടെ സംഗീത സംവിധാനത്തിനായി പന്ത്രണ്ടോളം സിനിമകള്‍ വേണ്ടെന്നുവച്ചെന്ന് ഓസ്‌കര്‍ ജേതാവ് കൂടിയായ എ.ആര്‍. റഹ്‌മാന്റെ വെളിപ്പെടുത്തല്‍. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് ഭരത് ബാലയുടെ 'ബനാറസ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് റഹ്‌മാന്‍ മനസുതുറന്നത്.
'രാമായണ' എന്ന പ്രോജക്ടിനായി താനും സംഘവും മൂന്നു വര്‍ഷമായി പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പല ഗാനങ്ങളും തീമുകളും അന്തിമമാക്കുന്നതിന് മുമ്പ് ധാരാളം വ്യത്യസ്ത പതിപ്പുകള്‍ തയാറാക്കേണ്ടിവന്നു. ഉദാഹരണത്തിന് 'രാവണ താണ്ഡവ്' എന്ന ട്രാക്കിന്റെ പതിമൂന്നോളം ട്രാക്കുകള്‍ തയാറാക്കിയ ശേഷമാണ് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട അന്തിമരൂപത്തിലേക്ക് എത്താനായത്.
ഈ പ്രോജക്ടില്‍ പൂര്‍ണമായി സഹകരിക്കുന്നതിന് പ്രമുഖ സംവിധായകരുടെ നിരവധി ചിത്രങ്ങള്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. തനിക്ക് ഇഷ്ടപ്പെടുന്നതും സന്തോഷം നല്‍കുന്നതുമായ പ്രോജക്ടുകള്‍ മാത്രമേ സാധാരണയായി സ്വീകരിക്കാറുള്ളൂ. അത് തന്റെ കലാപരമായ കാഴ്ചപ്പാടുകളെ വളര്‍ത്തുകയും മുഴുവന്‍ ടീമിനും വലിയ ആവേശം നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത സംഗീത സംവിധായകന്‍ ഹാന്‍സ് സിമ്മറുമായി ചേര്‍ന്നാണ് 'രാമായണ'യ്ക്കായി റഹ്‌മാന്‍ സംഗീതം രുക്കിയിരിക്കുന്നത്. പരമ്പരാഗത ഇന്ത്യന്‍ ശൈലിയും ആധുനിക സംഗീതരീതികളും സമന്വയിപ്പിക്കുന്നത് രസകരമാണെങ്കിലും ചിലപ്പോള്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് വെല്ലുവിളിയാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന 'രാമായണ'യില്‍ രണ്‍ബീര്‍ കപുര്‍ ശ്രീരാമനായും, യഷ് രാവണനായും, സായ് പല്ലവി സീതയായും, രവി ദുബെ ലക്ഷ്മണനായും വേഷമിടുന്നു. പുറത്തുവന്ന ഗാനങ്ങള്‍ക്കും സംഗീതത്തിനും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്; 'രാവണ താണ്ഡവ്', 'മംഗള്‍ രംഗ്' തുടങ്ങിയ ഗാനങ്ങളെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ബോക്‌സ് ഓഫീസില്‍ ചിത്രം മികച്ച മുന്നേറ്റമാണു നടത്തുന്നത്.