

സംഗീതസംവിധായകരായ എ.ആര്‍. റഹ്‌മാനും ഇളയരാജയ്ക്കുമെതിരെയുള്ള വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞ് പ്രമുഖ ഗായകന്‍ ശ്രീനിവാസ്. ഇരുവരും സമാനതകളില്ലാത്ത പ്രതിഭകളാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇത്തരം വിമര്‍ശനങ്ങള്‍ പുതിയ കാര്യമല്ലെന്നും മുന്‍കാലങ്ങളിലും ഇവര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ഗായകന്‍ വ്യക്തമാക്കി.
കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ഡൊറോത്തി' എന്ന ചിത്രത്തിലെ സംഗീതവുമായി ബന്ധപ്പെട്ട് ഇളയരാജ നേരിട്ട വിമര്‍ശനങ്ങളും, 'രാമായണ'യിലെ പാട്ടുകളുടെ പേരില്‍ എ.ആര്‍. റഹ്‌മാന്‍ നേരിടുന്ന വിവാദങ്ങളും ചൂണ്ടിക്കാണിക്കുന്നതിനിടയിലാണ് ശ്രീനിവാസിന്റെ പ്രതികരണം. സംഗീതലോകത്ത് ദീര്‍ഘകാലം സംഭാവനകള്‍ നല്‍കിയ ഇരുവരും സംഗീത പ്രതിഭകള്‍ തന്നെയാണെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
സംഗീതലോകത്ത് ഇരുവരെയും എഴുതിത്തള്ളാന്‍ പലതവണ ചിലര്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അത്തരത്തില്‍ വിമര്‍ശിച്ചവരാണ് പിന്നീട് ഇല്ലാതായിട്ടുള്ളതെന്നും ശ്രീനിവാസ് ചൂണ്ടിക്കാട്ടി. 1994-ല്‍ 'കാതലന്‍' ആല്‍ബം പുറത്തിറങ്ങിയതിനുശേഷം, എ.ആര്‍. റഹ്‌മാന്‍ അധികകാലം സംഗീത രംഗത്തുണ്ടാകില്ലെന്ന് മറ്റൊരു സംഗീതസംവിധായകന്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മിച്ചു.
വിമര്‍ശകര്‍ക്ക് തന്റെ സിംഫണികളിലൂടെ ഇളയരാജ പലവട്ടം മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സംഗീത ഇതിഹാസം എം.എസ്. വിശ്വനാഥന് അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കാതെ പോയതില്‍ ശ്രീനിവാസ് തന്റെ ഖേദവും പങ്കുവെച്ചു.