

ജനപ്രിയ സംവിധായകന്‍ വിനയന്റെ പുതിയ ഫാന്റസി ചിത്രത്തിന്റെ ഷൂട്ടിങ് ഒക്ടോബറില്‍ ആരംഭിക്കും. 'പത്തൊമ്പതാം നൂറ്റാണ്ടി'നു ശേഷമുള്ള ഈ പ്രോജക്ടിന്റെ വിശേഷങ്ങള്‍ അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
കഴിഞ്ഞ രണ്ടു വര്‍ഷമായി ചിത്രത്തിന്റെ തയാറെടുപ്പുകളിലായിരുന്നുവെന്നും മുന്‍കാല സിനിമകളേക്കാള്‍ കൂടുതല്‍ വലിയ കാന്‍വാസിലാണ് ഇത് ഒരുക്കുന്നതെന്നും വിനയന്‍ പറഞ്ഞു. ആധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവ് സിനിമാ നിര്‍മാണത്തില്‍ വലിയ സാധ്യതകളാണ് തുറന്നുതന്നിരിക്കുന്നതെന്നും, നാളുകളായുള്ള കഠിനാധ്വാനം മികച്ച ദൃശ്യവിരുന്നായി മാറുമെന്ന പ്രതീക്ഷയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഗര്‍ സൂര്യയും ഗിന്നസ് പക്രുവുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കൂടാതെ ഇരുനൂറിലധികം പൊക്കം കുറഞ്ഞ കലാകാരന്മാരും മലയാളത്തിലെ പ്രമുഖ യുവതാരങ്ങളും ഈ ബിഗ് ബജറ്റ് ഫാന്റസി ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാളത്തിനുപുറമേ തമിഴ്,തെലുങ്ക്,കന്നഡ,ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പ്രീ-പ്രൊഡക്ഷന്‍ ജോലികളും ടെസ്റ്റ് ഷൂട്ടുകളും പുരോഗമിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയും അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും.
വിനയന്റെ കുറിപ്പ്:
പുതിയ ഫാന്റസി ചിത്രത്തിന്റെ ഫസ്റ്റ് ഷെഡ്യൂൾ അടുത്ത മാസം തുടങ്ങുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി ഈ സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകൾ നടത്തി വരുന്നു. വ്യത്യസ്തമായ പല കൺസപ്റ്റുകളും സിനിമയിലൂടെ ഞാൻ പരീക്ഷിച്ചിട്ടുണ്ടന്ന കാര്യം എല്ലാ സുഹൃത്തുക്കൾക്കും അറിയാം. ആ രീതിയിൽ തന്നെ അതിലും കൂടുതലായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന അതീവ ശ്രമത്തിലാണ്. ടെക്നോളജി ഇപ്പോൾ അനന്തമായ സാദ്ധ്യതകളുടെ വാതായനം തുറന്നിരിക്കുന്ന സമയമാണല്ലോ ഇത്. അതുകൊണ്ടു തന്നെ കഴിഞ്ഞ കുറേ നാളുകളായി നിശബ്ദമായി നടത്തുന്ന ഈ വലിയ അധ്വാനം ഫലവത്താകുമെന്ന പ്രതീക്ഷയിലാണ്. അടുത്ത വർഷമേ ഈ സിനിമയുടെ റിലീസ് ഉണ്ടാകൂ. അപ്ഡേറ്റുകൾ പുറകേ നൽകാം.