'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മോളിവുഡ് ടൈംസ്'. നസ്‌ലിന്‍ നായകനാകുന്ന ചിത്രം, ഹൊറർ സിനിമ ചെയ്യാൻ ആഗ്രഹിക്കുന്ന യുവാവിന്റെ കഥയാണ് പറയുന്നത്. ജൂൺ അഞ്ചിനു ചിത്രം തിയറ്ററുകളിൽ എത്താനിരിക്കെ, തന്റെ കുട്ടിക്കാലത്തെ സിനിമാ സ്വപ്നങ്ങളെയും സംവിധാന ശൈലിയെയും സ്വാധീനിച്ച ഘടകങ്ങളെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് അഭിനവ്.
കുട്ടിക്കാലത്ത് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ചിത്രങ്ങളിലൊന്ന് വിനയന്റെ 'ആകാശഗംഗ' ആണെന്ന് അഭിനവ് പറയുന്നു. 'ആകാശഗംഗ ഇന്നും ഒരു ലെജൻഡറി സിനിമയാണ്. ഞാൻ ഇപ്പോഴും ആ ചിത്രം കാണാറുണ്ട്. വളരെ മികച്ച രീതിയിൽ നിർമിക്കപ്പെട്ട ഹൊറർ സിനിമയാണത്. അന്നത്തെ കാലത്ത് ആകാശഗംഗയ്ക്ക് ഡിടിഎസ് ശബ്ദസംവിധാനം ഇല്ലായിരുന്നു. വിനയൻ സാർ തന്റെ സിനിമകളിൽ എപ്പോഴും പുതിയ സ്‌പെഷ്യൽ ഇഫക്ടുകളും ശബ്ദസംവിധാനങ്ങളും പരീക്ഷിക്കാൻ ശ്രദ്ധിച്ചിരുന്നു. വളർന്നു വരുന്ന പ്രായത്തിൽ ഇതെന്നെ ഒത്തിരി അത്ഭുതപ്പെടുത്തിയിട്ടുണ്ട്'-അഭിനവ് പറഞ്ഞു.
ആകാശഗംഗയ്ക്ക് പുറമെ വിനയൻ സംവിധാനം ചെയ്ത 'വെള്ളിനക്ഷത്രം', 'അദ്ഭുതദ്വീപ്' എന്നീ സിനിമകളും സാങ്കേതികമായ പുതുമകൾ കൊണ്ട് തന്നെയേറെ ആകർഷിച്ചിട്ടുണ്ടെന്ന് അഭിനവ് കൂട്ടിച്ചേർത്തു. ഇന്നത്തെ കാലത്ത് അവ ഒരുപക്ഷേ വലിയ അദ്ഭുതമായി തോന്നില്ലെങ്കിലും, അന്നത്തെ കാലത്ത് പുതിയ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ കാണിച്ച ധീരത വലിയ കാര്യമാണെന്നും അഭിനവ് പറഞ്ഞു.

നസ്‌ലിനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, പ്രശാന്ത് അലക്‌സാണ്ടർ, രാജേഷ് മാധവൻ, ചന്തു സലിംകുമാർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന 'മോളിവുഡ് ടൈംസ്' ജൂൺ അഞ്ചിന് പ്രേക്ഷകരിലേക്കെത്തും.