

മലയാള സിനിമയിലെ ലിംഗനീതിയെയും സ്ത്രീപക്ഷ നിലപാടുകളെയും കുറിച്ചുള്ള ചർച്ചകൾ വീണ്ടും കനക്കുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ ടീസറുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോൾ പുതിയ പോർമുഖം തുറന്നിരിക്കുന്നത്. ടോക്സിക് സംവിധായിക ഗീതു മോഹൻദാസിനെയും റിമ കല്ലിങ്കലിനെയും കടന്നാക്രമിച്ചുകൊണ്ട് വിജയ് ബാബു രംഗത്തെത്തിയതോടെ സോഷ്യൽ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും ചർച്ചകൾ കൊഴുക്കുകയാണ്.
തന്റെ സൗകര്യത്തിനനുസരിച്ച് നിലപാടുകൾ മാറ്റുന്നവരാണ് റിമയും ഗീതുവുമെന്നാണ് വിജയ് ബാബു ആരോപിക്കുന്നത്. 'ഇരട്ടത്താപ്പിന്റെ രാജ്ഞിമാരെക്കുറിച്ച് കഥകൾ പറഞ്ഞു തുടങ്ങിയാൽ അത് അവസാനിക്കില്ല...' എന്ന് തുടങ്ങുന്ന പോസ്റ്റിൽ വളരെ രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റിക്കൊണ്ട്, സാഹചര്യത്തിനനുസരിച്ച് വാക്കിനെയും പ്രവൃത്തിയെയും ഇവർ വളച്ചൊടിക്കുന്നു. പുരുഷന്മാരെ ആക്രമിക്കണം എന്ന് തോന്നുമ്പോൾ മാത്രം 'സ്ത്രീരത്നങ്ങൾ' എന്ന നിലയിൽ ഒന്നിക്കുകയും, സ്വാർഥ താത്പര്യങ്ങൾ സംരക്ഷിച്ചു കഴിഞ്ഞാൽ അടുത്ത ഇര വരുന്നത് വരെ പിരിഞ്ഞുപോവുകയും ചെയ്യുന്ന രീതിയാണ് ഇവരുടേത്. കൃത്യമായ നയങ്ങളില്ലാതെ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ വെറുമൊരു വാട്സാപ്പ് ഗ്രൂപ്പായി ഇവരുടെ കൂട്ടായ്മ മാറിയെന്നും അദ്ദേഹം പരിഹസിക്കുന്നു.
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന, കന്നഡ സൂപ്പർ താരം യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ ടീസറിലെ ചില ദൃശ്യങ്ങളാണ് വിമർശനങ്ങൾക്ക് അടിസ്ഥാനം. മുൻപ് മമ്മൂട്ടി ചിത്രം 'കസബ'യിലെ സ്ത്രീവിരുദ്ധതയെ പരസ്യമായി വിമർശിച്ചവരാണ് ഗീതുവും കൂട്ടരും. അന്ന് പാർവതി തിരുവോത്തിനെക്കൊണ്ട് തിരുവനന്തപുരം ചലച്ചിത്രമേളയിൽ സേ ഇറ്റ്..സേ ഇറ്റ് എന്നുനിർബന്ധിച്ച് കസബയുടെ പേര് പറയിച്ചത് ഗീതുവായിരുന്നു.
എന്നാൽ, ഇപ്പോൾ സ്വന്തം സിനിമയിൽ മാസ് എലമെന്റുകൾക്കും സൂപ്പർതാര പരിവേഷത്തിനും വേണ്ടി സ്ത്രീശരീരത്തെയും സമാനമായ ദൃശ്യങ്ങളെയും ഉപയോഗിക്കുന്നത് ഗീതുവിന്റെ ഇരട്ടത്താപ്പാണെന്നാണ് വിമർശകർ പറയുന്നത്. "കസബ' സംവിധായകൻ നിഥിൻ രൺജി പണിക്കരും ഇതേ നിലപാടുമായി മുൻപ് രംഗത്തെത്തിയിരുന്നു. നിഥിൻ ഗീതുവിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.