

ടോക്സിക് എന്ന ചിത്രത്തിന്റെ ടീസറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് സംവിധായകയും നടിയുമായ ഗീതു മോഹന്‍ദാസ്. കഴിഞ്ഞദിവസം മുതല്‍ വിവാദങ്ങള്‍ കത്തിക്കയറുമ്പോള്‍ ഗീതുവിന്റെ പ്രതികരണത്തിനായി ചലച്ചിത്രലോകവും പൊതുസമൂഹവും കാത്തിരിക്കുകയായിരുന്നു. ടീസറിനെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളില്‍ ഇതാദ്യമായാണ് ഗീതു മോഹന്‍ദാസ് നേരിട്ട് പ്രതികരിക്കുന്നത്. നടി റിമ കല്ലിങ്കല്‍ പങ്കുവച്ച റീല്‍ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പങ്കിട്ടും അതിലെ വാചകങ്ങൾ ഫേസ്ബുക്കിൽ നല്കിയുമാണ് ഗീതു പരോക്ഷമായി നിലപാട് വ്യക്തമാക്കിയത്. 'I've said it now' (ഞാനിപ്പോള്‍ പറഞ്ഞു കഴിഞ്ഞു) എന്ന കുറിപ്പോടെയാണ് ഗീതു തന്റെ പ്രതികരണം അറിയിച്ചത്.
'സ്ത്രീകളുടെ ആനന്ദം, സമ്മതം, സ്ത്രീകൾ സംവിധാനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു തുടങ്ങിയ കാര്യങ്ങൾ ആളുകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഞാൻ ആനന്ദിക്കുകയാണ്.'-ഇതായിരുന്നു റിമയുടെ ഇൻസ്റ്റഗ്രാം റീൽ വീഡിയോയിലെ വാചകങ്ങൾ. ഒരു വിനോദസഞ്ചാരകേന്ദ്രത്തില്‍ അലസമായി നൃത്തം ചെയ്യുന്നതായിരുന്നു വീഡിയോ.
ഗീതുവിനും 'ടോക്‌സിക്' ടീമിനും പിന്തുണയുമായി ആഷിഖ് അബു, ദിവ്യപ്രഭ തുടങ്ങിയവരും രംഗത്തെത്തിയിട്ടുണ്ട്. 'ആനന്ദം, സദാചാര പ്രതിസന്ധി, പിന്നെ സ്ത്രീകളും...' എന്ന തലക്കെട്ടോടെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് ഇവര്‍ പിന്തുണ അറിയിച്ചത്. സ്ത്രീകളുടെ ആനന്ദത്തിനുള്ള അവകാശത്തെക്കുറിച്ചും പൊളിറ്റിക്കൽ കറക്ട്നെസ്സിലെ ഇരട്ടത്താപ്പിനെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഈ വിവാദം വഴിമരുന്നിട്ടിരിക്കുകയാണ്. സിനിമയിലെ ദൃശ്യങ്ങളെ കേവലം 'അശ്ലീലം' എന്ന ചട്ടക്കൂടിനുള്ളില്‍ ഒതുക്കാതെ, അതിലെ രാഷ്ട്രീയത്തെ ഗൗരവമായി കാണണമെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്.
2017-ൽ തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിൽ നടി പാർവതി തിരുവോത്ത് മമ്മൂട്ടി നായകനായ 'കസബ'യിലെ സ്ത്രീവിരുദ്ധതയെ സിനിമയുടെ പേരുപറയാതെ വിമർശിച്ചപ്പോൾ, സിനിമയുടെ പേരെടുത്തു പറയാൻ പാർവതിക്ക് ധൈര്യം നൽകിയത് അടുത്തിരുന്ന ഗീതു മോഹൻദാസ് ആയിരുന്നു. 'സേ ഇറ്റ്, സേ ഇറ്റ്' എന്ന് നിർബന്ധിച്ച് ഗീതു പാർവതിയെക്കൊണ്ട് കസബ എന്ന പേരുപറയിച്ചത് അന്നു വലിയ വാർത്തയായിരുന്നു. അതേ ഗീതു മോഹൻദാസ് ടോക്സിക്കിൽ സ്ത്രീകളെ ഉപഭോഗവസ്തുവാക്കി എന്ന ആരോപണമാണ് പ്രധാനമായും ഉയർന്നിട്ടുള്ളത്.