

തെന്നിന്ത്യൻ താരം യാഷ് നായകനാകുന്ന 'ടോക്സിക്' എന്ന ചിത്രത്തിന്റെ പുതിയ ടീസറിനെച്ചൊല്ലി മലയാളസിനിമാലോകത്ത് ചൂടേറിയ വാദപ്രതിവാദങ്ങൾ ഉയരുന്നു. സംവിധായിക ഗീതു മോഹൻദാസിനെതിരെ അതിരൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 'സേ ഇറ്റ്..സേ ഇറ്റ്...'എന്ന ഗീതുവിന്റെ പഴയൊരു വാചകം ആവർത്തിച്ച് പലരും ശക്തമായ ആക്രമണം തുടങ്ങിക്കഴിഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദിയിൽ നടി പാർവതി തിരുവോത്ത് മമ്മൂട്ടി നായകനായ 'കസബ'യിലെ സ്ത്രീവിരുദ്ധതയെ സിനിമയുടെ പേരുപറയാതെ വിമർശിച്ചപ്പോൾ, സിനിമയുടെ പേരെടുത്തു പറയാൻ പാർവതിക്ക് ധൈര്യം നൽകിയത് അടുത്തിരുന്ന ഗീതു മോഹൻദാസ് ആയിരുന്നു. 'സേ ഇറ്റ്, സേ ഇറ്റ്' എന്ന് നിർബന്ധിച്ച് ഗീതു പാർവതിയെക്കൊണ്ട് കസബ എന്ന പേരുപറയിച്ചത് അന്നു വലിയ വാർത്തയായിരുന്നു. അന്നു സ്ത്രീവിരുദ്ധതയ്ക്കെതിരെ നിലകൊണ്ട ഗീതു, ഇന്ന് തന്റെ പുതിയ ചിത്രത്തിൽ അതേ രീതികൾ പിൻതുടരുന്നു എന്നാണ് പഴയ 'സേ ഇറ്റ്' വീഡിയോ പങ്കുവച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ പലരും ആരോപിക്കുന്നത്.
'ടോക്സിക്കി'ലെ യാഷിനെ അവതരിപ്പിക്കുന്ന ടീസർ അദ്ദേഹത്തിന്റെ ജന്മദിനമായ വ്യാഴാഴ്ചയാണ് പുറത്തുവന്നത്. ഇത് തുടങ്ങുന്നതുതന്നെ കാറിനുള്ളിലെ ലൈംഗികവേഴ്ചയുടെ 'ചൂടൻ'ദൃശ്യത്തോടെയാണ്. ഇതാണ് പ്രധാനമായും വിമർശനത്തിന് വഴിവെച്ചിരിക്കുന്നത്. ടോക്സിക്കിൽ സ്ത്രീയെ പ്രദർശനവസ്തുവാക്കുന്നുവെന്ന ആരോപണം ചിത്രത്തിന്റെ ആദ്യ ടീസർ വന്നപ്പോൾ തന്നെ ഉയർന്നിരുന്നു. കഴിഞ്ഞവർഷം യാഷിന്റെ ജന്മദിനത്തിൽ ആണ് അതും റിലീസ് ചെയ്തത്. അന്ന് 'കസബ'യുടെ സംവിധായകൻ നിഥിൻ രൺജി പണിക്കർ ഗീതുവിനെതിരേ കടുത്ത വിമർശനം ഉയർത്തി രംഗത്തുവന്നു. 'അതിർത്തികടന്ന'പ്പോൾ സിനിമയുടെ 'രാഷ്ട്രീയ ശരി'കൾ മാറിയോ എന്ന ചോദ്യമുയർത്തിയാണ് ഗീതുവിന്റേത് ഇരട്ടത്താപ്പെന്ന് പരിഹസിച്ച് നിഥിൻ ആഞ്ഞടിച്ചത്.
ടോക്സിക് ടീസറിൽ സ്ത്രീ കഥാപാത്രങ്ങളെ ഗ്ലാമറസായി അവതരിപ്പിച്ചതിനെയും ‘മെയിൽ ഗേസ്’ (Male Gaze) അഥവാ ആൺനോട്ടങ്ങളെ തൃപ്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ ഉൾപ്പെടുത്തിയതിനെയും നിഥിൻ വിമർശിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പരിഹാസരൂപേണയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:
"സ്ത്രീവിരുദ്ധത തരിമ്പും ഇല്ലാത്ത, സ്ത്രീശരീരത്തെ വസ്തുവത്കരിക്കുന്ന ‘ആൺനോട്ട’ങ്ങളില്ലാത്ത, കസബയിലെ ആൺമുഷ്ക്ക് മഷിയിട്ടു നോക്കിയാലും കാണാൻ പറ്റാത്ത രാഷ്ട്രീയ ശരികളുടെ ദൃശ്യാവിഷ്കാരം... ‘SAY IT, SAY IT!!’ എന്ന് പറഞ്ഞു ഗിയർ കേറ്റി വിട്ട പുള്ളി, പക്ഷേ സ്റ്റേറ്റ് കടന്നപ്പോൾ ‘അവരുടെ’ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തിയോ?'
എന്നാൽ വിമർശനങ്ങളിൽ അന്ന് ഗീതു മോഹൻദാസ് പ്രതികരിച്ചില്ല. ലയേഴ്സ് ഡൈസ്, മൂത്തോൻ തുടങ്ങിയ റിയലിസ്റ്റിക് സിനിമകൾക്കുശേഷമാണ് ഗീതു മോഹൻദാസ് മാസ് മസാല ആക്ഷൻ ചിത്രവുമായി എത്തുന്നത്. യാഷിന്റെ കരിയറിലെ 25-ാം ചിത്രമായ ടോക്സിക്, കെവിഎൻ പ്രൊഡക്ഷൻസും യാഷിന്റ മോൺസ്റ്റർ മൈൻഡും ചേർന്നാണ് നിർമിക്കുന്നത്. ഒരു കൊമേഴ്സ്യൽ സിനിമയ്ക്ക് ആവശ്യമായ എല്ലാ 'മസാലച്ചേരുവക'ളും അടങ്ങിയതാണ് ചിത്രമെന്നാണ് ടീസറിൽനിന്നും ഫസ്റ്റ്ലുക്ക് പോസ്റ്ററുകളിൽനിന്നു വ്യക്തമാകുന്നത്.