

ദൃശ്യഭംഗികൊണ്ടും അതിന് നിറംപകർന്ന പ്രണയവും തമാശയും കൊണ്ടും ഇന്നും മലയാളിയുടെ മനസ്സിൽ മായാതെ നില്കുന്ന സിനിമയാണ് ‘തേന്മാവിൻ കൊമ്പത്ത്‘. പ്രിയദർശൻ എന്ന പ്രതിഭ സമ്മാനിച്ച അഭ്രകാവ്യം. മാണിക്യനും കാർത്തുമ്പിയുമായി മോഹൻലാലും ശോഭനയും നിറഞ്ഞുനിന്ന മനോഹരചിത്രം. കെ.വി.ആനന്ദ് പകർത്തിയ പെയിന്റിങ് പോലുള്ള ദൃശ്യങ്ങളാണ് ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പുതിയ കാലത്തിന്റെ സാങ്കേതികവിദ്യകളുപയോഗിച്ച് മിഴിവു വരുത്തിയ തേന്മാവിൻ കൊമ്പത്ത് 32 വർഷത്തിനുശേഷം തിയേറ്ററുകളിലെത്തുകയാണ്.
സെപ്റ്റംബറിൽ ചിത്രം 4K ദൃശ്യമികവോടെയും ഡോൾബി അറ്റ്മോസ് ശബ്ദഗാംഭീര്യത്തോടെയും റീ റിലീസ് ചെയ്യുമെന്ന് റീമാസ്റ്ററിങ്ങിന് നേതൃത്വം നല്കിയ മാറ്റിനി നൗ സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. ഒറിജിനൽ 35എംഎം പ്രിന്റിൽ നിന്ന് 4Kയിൽ സ്കാൻ ചെയ്ത്, ദൃശ്യങ്ങൾക്കും സംഗീതത്തിനും ശബ്ദത്തിനും പുതുജീവൻ നല്കിയാണ് ഡോൾബി അറ്റ്മോക്സിൽ മിക്സ് ചെയ്തെടുത്തത്.
പ്രിയദർശൻ രചനയും സംവിധാനം ചെയ്ത ‘തേന്മാവിൻ കൊമ്പത്ത്‘ 1994 മെയ് 13ന് ആണ് റിലീസ് ചെയ്തത്. പ്രസിദ്ധി ക്രിയേഷൻസിന്റെ ബാനറിൽ എൻ.ഗോപാലകൃഷ്ണനാണ് ചിത്രം നിർമിച്ചത്. മോഹൻലാലിനും ശോഭനയ്ക്കുമൊപ്പം നെടുമുടി വേണു, ശ്രീനിവാസൻ,കവിയൂർ പൊന്നമ്മ, സുകുമാരി, സോണിയ,ശരത് സക്സേന,ശങ്കരാടി,ഗീത വിജയൻ,കെ പി എ സി ലളിത,കുതിരവട്ടം പപ്പു തുടങ്ങിയവരും അവിസ്മരണീയ പ്രകടനം കാഴ്ചവച്ച ഇതിലെ ഗാനങ്ങളും ഹിറ്റായിരുന്നു. ബേണി-ഇഗ്നേഷ്യസ് ടീമിന് മികച്ച സംഗീതസംവിധാനത്തിനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത തേന്മാവിൻകൊമ്പത്തിലെ ഗാനങ്ങളെഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. എസ്.പി.വെങ്കിടേഷ് ആയിരുന്നു പശ്ചാത്തല സംഗീതം.
‘തേന്മാവിൻ കൊമ്പത്ത്‘ റീ റിലീസ് വാർത്ത പുറത്തുവിട്ട് മാറ്റിനി നൗ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:
പ്രിയപ്പെട്ട പ്രേക്ഷകരേ,
1994-ൽ, പ്രണയവും നർമ്മവും ഗ്രാമീണ പശ്ചാത്തലവും മനോഹരമായ സംഗീതവും ഒത്തുചേർന്ന ഒരു സിനിമ നമ്മെ തേടിയെത്തി ‘തേന്മാവിൻ കൊമ്പത്ത്’. നമ്മൾ ആ സിനിമ കണ്ടു ചിരിച്ചു…സങ്കടപ്പെട്ടു…അതിലെ ഓരോ പാട്ടുകളും നമ്മുടെ കല്യാണവീടുകളിലും ആഘോഷങ്ങളിലും പാടി, ആസ്വദിച്ചു. അങ്ങനെ, അറിയാതെ തന്നെ നമ്മൾ വളർന്നു. പക്ഷേ, എന്തോ…ആ സിനിമയ്ക്ക് നമ്മളോടൊപ്പം പ്രായമായില്ല.
ഇന്നും അതിലെ ഓരോ ഫ്രെയിമും, ഓരോ കഥാപാത്രവും, ഓരോ പാട്ടും, ഓരോ ചിരിയും നമ്മുടെ ഓർമ്മകളിൽ അതേ പുതുമയോടെ തന്നെയുണ്ട്. കഴിഞ്ഞ ഒരു വർഷമായി, ആ ഓർമ്മകളെ വീണ്ടും വലിയ സ്ക്രീനിലേക്ക് കൊണ്ടുവരാനുള്ള ഒരു യാത്രയിലായിരുന്നു ഞങ്ങൾ മാറ്റിനി നൗ. ഒറിജിനൽ 35എംഎം പ്രിന്റിൽ നിന്ന് 4Kയിൽ സ്കാൻ ചെയ്ത്, അതിന്റെ സംഗീതത്തിനും ശബ്ദങ്ങൾക്കും സ്നേഹത്തോടെ പുതിയൊരു ജീവൻ നൽകി, ഡോൾബി അറ്റ്മോക്സിൽ മിക്സ് ചെയ്ത്, ഇതിഹാസതുല്യനായ സംവിധായകൻ പ്രിയദർശനും അദ്ദേഹത്തിന്റെ സംഘവും അന്ന് ഉദ്ദേശിച്ചതുപോലെ തന്നെ, ആ സിനിമയുടെ ആത്മാവ് നഷ്ടപ്പെടാതെ ഞങ്ങൾ പുന:സ്ഥാപിച്ചിരിക്കുന്നു.
ഈ സിനിമയുടെ ഭാഗമായിരുന്ന പല ഇതിഹാസ കലാകാരന്മാരും ഇന്ന് നമ്മോടൊപ്പമില്ല. എങ്കിലും, ഈ സെപ്റ്റംബറിൽ, കുറച്ചു നേരത്തേക്ക് അവർ വീണ്ടും വലിയ സ്ക്രീനിലെത്തും.നമ്മെ വീണ്ടും ചിരിപ്പിക്കാൻ…ആർപ്പുവിളിപ്പിക്കാൻ…ചിലപ്പോൾ കണ്ണുനിറയിക്കാനും…അവരോടൊപ്പം ഒരിക്കൽ കൂടി നമുക്ക് സഞ്ചരിക്കാം, ഒരിക്കൽ കൂടി ‘തേന്മാവിൻ കൊമ്പത്ത്’ കാണാം. കുടുംബത്തെയും കൂട്ടി വരൂ! ഒരുമിച്ചിരുന്ന് ചിരിക്കാനും പാടാനും ഓർമ്മകൾ പങ്കിടാനും വരൂ.
ഈ സിനിമ പുറത്തിറങ്ങിയ കാലത്തിന് ശേഷം ജനിച്ചവരോട് ഒരു ചെറിയ അഭ്യർത്ഥന കൂടി 'നിങ്ങളുടെ അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും ഈ സിനിമയെ ഇത്രമേൽ സ്നേഹിച്ചത് എന്തുകൊണ്ടാണെന്ന്, നിങ്ങൾക്കും അറിയേണ്ടേ? വരൂ, വന്ന് കണ്ടറിയൂ.'
‘തേന്മാവിൻ കൊമ്പത്ത്’- 4K ഡോൾബി അറ്റ്മോസിൽ, ഈ സെപ്റ്റംബറിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ.
ചില സിനിമകൾ വെറുമൊരു സിനിമയല്ല. അവ നമ്മുടെ ഓർമകളാണ്. നമ്മുടെ ബാല്യമാണ്. നമ്മുടെ കുടുംബത്തിന്റെ കഥകളാണ്. ചില സിനിമകൾ ഒരുമിച്ചിരുന്ന് തന്നെ കാണേണ്ടവയാണ്.