
വിവാദങ്ങൾക്കൊടുവിൽ, മാറ്റങ്ങളോടെ 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'(ജെഎസ്കെ) വ്യാഴാഴ്ച തിയറ്ററുകളിലെത്തും. എട്ടു മാറ്റങ്ങളാണ് അണിയറക്കാർ നടപ്പിലാക്കിയത്. ടൈറ്റിൽ കഥാപാത്രത്തിന്‍റെ പേര് 'ജാനകി.വി' എന്നാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. കോടതി രംഗങ്ങളിൽ ജാനകിയെന്ന കഥാപാത്രത്തെ പേരുചൊല്ലി വിളിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്തു. രണ്ടര മിനിറ്റിനിടെ ആറു ഭാഗങ്ങൾ മ്യൂട്ട് ചെയ്തതെന്നാണ് വിവരം
കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ 'ജെഎസ്കെ' യുടെ ടൈറ്റിൽ കഥാപാത്രമായ ജാനകി എന്നതിനു പകരം കഥാപാത്രത്തിന്‍റെ മുഴുവൻ പേരും ഉപയോഗിക്കണമെന്നായിരുന്നു സെൻസർ ബോർഡിന്‍റെ നിർദേശം. 'ജാനകി വി' അല്ലെങ്കിൽ 'ജാനകി വിദ്യാധരൻ' എന്ന് ഉപയോഗിക്കണം. ചിത്രത്തിൽ തൊണ്ണൂറ്റാറു ഭാഗങ്ങളിൽ ജാനകി എന്ന പേര് ഉപയോഗിക്കുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കോടതി നിർദേശത്തോടെ എട്ടു തിരുത്തലുകൾ അണിയറക്കാർ വരുത്തിയത്.
സുരേഷ് ഗോപിക്കുപുറമേ അനുപമ പരമേശ്വരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജെഎസ്കെയിൽ ലൈംഗികപീഡനത്തിരയായി ഗര്‍ഭിണിയായ യുവതിയെയാണ് അനുപമ അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നല്‍കിയതാണ് വിവാദത്തിന്റെ അടിസ്ഥാനം. കോടതിരംഗങ്ങളിൽ ഇതരമതസ്ഥനായ വക്കീൽ കഥാപാത്രം കോടതിയിൽ ജാനകി എന്നു പേരുചൊല്ലി വിളിക്കുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നു കാട്ടിയാണ് സെൻസർബോർഡ് പ്രദർശനാനുമതി നിഷേധിച്ചത്.