
കേന്ദ്രമന്ത്രി സുരേഷ് ഗോപി നായകനായ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള(ജെഎസ്കെ)യ്ക്ക് ഒടുവിൽ ചിത്രത്തിന്റെ പേര് ജാനകി വി.വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന് മാറ്റിയതിനെത്തുടർന്നാണ് സെൻസർബോർഡ് പ്രദർശനാനുമതി നല്കിയത്. ക്ലൈമാക്സിൽ ജാനകി എന്ന കഥാപാത്രത്തെ പേരെടുത്തുവിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുമുണ്ട്. യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്കിയിട്ടുള്ളത്. സെൻസർബോർഡിന്റെ സർട്ടിഫിക്കറ്റ്. ചിത്രം അടുത്തയാഴ്ചയോ അതിനടുത്തയാഴ്ചയോ പ്രദർശനത്തിനെത്തും.
ചിത്രത്തിന്റെ റിലീസ് തീയതി നിർമാതാക്കളും വിതരണക്കാരുമാണ് തീരുമാനിക്കുകയെന്നും ഏറ്റവും അടുത്ത ദിവസം തന്നെ സിനിമ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്നും സംവിധായകൻ പ്രവീൺനാരായണൻ പറഞ്ഞു. മലയാളം പതിപ്പിന് മാത്രമാണ് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയിട്ടുള്ളത്. മറ്റുഭാഷകളിലെ പതിപ്പിനുകൂടി സർട്ടിഫിക്കറ്റ് കിട്ടിയശേഷമാകും റിലീസ് കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകുക. 17,18തീയതികളിലോ 25നോ ചിത്രം തീയറ്ററിലെത്തുമെന്നും സംവിധായകൻ പറഞ്ഞു.
ഹൈക്കോടതി വരെയെത്തിയ കേസിനൊടുവിലാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് കിട്ടിയത്. ലൈംഗികാതിക്രമത്തിന് ഇരയാകുന്ന പെൺകുട്ടിയാണ് ജെഎസ്കെയിലെ നായിക. ഈ കഥാപാത്രത്തിന് 'ജാനകി' എന്ന പേരുനല്കുന്നത് മതസ്പർധയുണ്ടാക്കും എന്നു പറഞ്ഞാണ് സെൻസർബോർഡ് ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചത്. ജൂൺ 27ന് ആയിരുന്നു ജെഎസ്കെ റിലീസ് നിശ്ചയിച്ചിരുന്നത്.
തുടർന്ന് നിർമാതാക്കളായ കോസ്മോസ് എന്റർടെയ്ൻമെന്റ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിയിൽ വാദം കേട്ട ജസ്റ്റിസ് എൻ.നഗരേഷ് കഴിഞ്ഞ ശനിയാഴ്ച സിനിമ കണ്ടു. ബുധനാഴ്ച മൂന്നുതവണയായി നടന്ന വാദത്തിനിടെ പേര് മാറ്റാൻ തയ്യാറാണെന്ന് നിർമാതാക്കൾ അറിയിച്ചതോടെയാണ് സിനിമ റിലീസ് ചെയ്യാൻ വഴിയൊരുങ്ങിയത്. കഥാപാത്രത്തിന്റെ മുഴുവൻ പേര് ജാനകി വിദ്യാധരൻ എന്നായതുകൊണ്ടാണ് ജാനകി വി എന്നുപേരുമാറ്റിയത്.
സിനിമയുടെ പേര് മാറ്റാതെ പ്രദർശനാനുമതി നല്കാനാകില്ലെന്ന സെൻസർബോർഡിന് തീരുമാനത്തിന് കാരണമായത് അതിലെ ചില കോടതിരംഗങ്ങളാണ്. ലൈംഗികാതിക്രമത്തിന് ഇരയായ ജാനകി എന്ന പെൺകുട്ടിയാണ് ജെഎസ്കെയിലെ നായിക. കേസിന്റെ ക്രോസ് വിസ്താരവേളയിൽ ജാനകിയോട് 'അശ്ലീലസിനിമ കാണാറുണ്ടോ,ആൺസുഹൃത്തുണ്ടോ,ലഹരിമരുന്നുകൾ ഉപയോഗിക്കാറുണ്ടോ' തുടങ്ങിയ പ്രകോപനപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്ന് സെൻസർബോർഡ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
ലൈംഗികാതിക്രമത്തിനിരയായി നീതി തേടുന്ന പെൺകുട്ടിക്ക് ജാനകി എന്ന പേരുനല്കിയത് മതവികാരം വ്രണപ്പെടുത്തുകയും പൊതുജീവിതത്തിൽ അലോസരമുണ്ടാക്കുകയും ചെയ്യും. പീഡനത്തിനിരയായ പെൺകുട്ടിയെ ഒരു മതവിഭാഗത്തിൽ പെട്ടയാൾ സഹായിക്കുകയും മറ്റൊരു വിഭാഗത്തിൽ പെട്ടയാൾ അപമാനകരമായ ചോദ്യങ്ങളുന്നയിച്ച് ക്രോസ് വിസ്താരം നടത്തുകയും ചെയ്യുന്നത് സമുദായ സംഘർഷത്തിന് വഴിയൊരുക്കുമെന്നും സെൻസർ ബോർഡ് വാദിച്ചു. അനുപമ പരമേശ്വരനാണ് ജാനകി വി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അഭിഭാഷകന്റെ വേഷമാണ് സുരേഷ് ഗോപിക്ക്.