

സൂപ്പർ ഹിറ്റ് ചിത്രം 'ഗരുഡനു'നുശേഷം ലിസ്റ്റിൻ സ്റ്റീഫൻ-സുരേഷ് ഗോപി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് നവംബറിൽ ആരംഭിക്കും. നവാഗതനായ രാജേഷ് ഭാസ്കറാണ് സംവിധായകൻ. ചിത്രം 2027 ഓണം റിലീസായെത്തും. തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദ്. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച ബോക്സ് ഓഫീസ് ഹിറ്റായി മാറിയ 'ജനഗണമന', 'പ്രിൻസ് ആൻഡ് ഫാമിലി' എന്നീ ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയത് ഷാരിസ് മുഹമ്മദാണ്.
സിനിമ സ്വപ്നം കാണുന്ന വിദ്യാർഥികളെ സിനിമയുടെ എല്ലാ സാങ്കേതിക വശങ്ങളും അഭ്യസിപ്പിക്കുന്നതിനായി ലിസ്റ്റിൻ സ്റ്റീഫൻ നടത്തുന്ന 'സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി 'യുടെ പുതിയ ബാച്ചിലേക്കുള്ള വിദ്യാർഥികളുടെ വിദ്യാരംഭ ചടങ്ങിനിടയിലാണ് ഷാരിസ് മുഹമ്മദ് സുരേഷ് ഗോപി- ലിസ്റ്റിൻ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
ലിസ്റ്റിൻ സ്റ്റീഫൻ തന്നെ നിർമ്മിച്ച് ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ 'പ്രിൻസ് ആൻഡ് ഫാമിലി' എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ കൂടിയാണ് രാജേഷ് ഭാസ്കർ. നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.