
കന്നഡ നടനും സംവിധായകനുമായ രാജ് ബി. ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രം 'സു ഫ്രം സോ' മലയാളം പതിപ്പ് വെള്ളിയാഴ്ച കേരളത്തിൽ പ്രദർശനം ആരംഭിക്കും. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രത്തിൽ ഹൊറർ- സൂപ്പർ നാച്വറൽ എലമെന്റുകളുമുണ്ട്. ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
കന്നടയിൽ വമ്പൻ പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ഈ ചിത്രം രചിച്ച്, സംവിധാനം ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്. തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധ നേടിയ ജെ.പി. തുമിനാട്, 'സപ്‌ത സാഗരദാച്ചേ എല്ലോ സൈഡ് ബി' എന്ന ചിത്രത്തിലൂടെ ഒരു നടനെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. 'സു ഫ്രം സോ' എന്ന ഈ ചിത്രത്തിൽ അദ്ദേഹം തന്നെയാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ആറു ദിവസത്തിൽ ബുക്ക് മൈ ഷോയിലൂടെ മാത്രം ഒരു ലക്ഷത്തിനു മുകളിൽ എന്ന കണക്കിലാണ് ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റഴിയുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. കർണാടകയിൽ പുലർച്ചെ മുതൽ ആണ് ചിത്രത്തിന്റെ ഷോകൾ. ചിരിക്കൊപ്പം സൂപ്പർ നാച്വറൽ ഘടകങ്ങൾ അതിമനോഹരമായാണ് ചിത്രത്തിൽ കോർത്തിണക്കിയിരിക്കുന്നതെന്നും, ഡബ്ബ് ആണെങ്കിലും ഒരു മലയാള ചിത്രം കാണുന്ന അതേ ഫീലോടെ ഈ ചിത്രം ആസ്വദിക്കാൻ സാധിക്കുമെന്നും ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ പ്രിവ്യൂ കണ്ടവർ സാക്ഷ്യപ്പെടുത്തുന്നു.
ശനീൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ , രാജ് ബി.ഷെട്ടി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.ചന്ദ്രശേഖർ ക്യാമറ ചലിപ്പിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
എഡിറ്റിങ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബാലു കുംത, അർപിത് അഡ്യാർ, സംഘട്ടനം- അർജുൻ രാജ്, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കളറിസ്റ്റ്- രമേശ് സി.പി., കളർ പ്ലാനെറ്റ് സ്റ്റുഡിയോസ്.