

മലയാള സിനിമയിലെ 'ജീനിയസ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരക്കഥാകൃത്താണ് ശ്രീനിവാസന്‍. മനുഷ്യസഹജമായ വിഡ്ഢിത്തങ്ങളെയും കാപട്യങ്ങളെയും വെള്ളിത്തിരയില്‍ പരിഹസിച്ച അദ്ദേഹത്തിന്, സ്വന്തം ജീവിതത്തില്‍ പറ്റിയ ഒരു വലിയ അബദ്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാര്‍. കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടന്ന 'സന്മനസുള്ള ശ്രീനി' എന്ന പരിപാടിയിലായിരുന്നു ഗണേഷ് കുമാറിന്റെ ഈ രസകരമായ വെളിപ്പെടുത്തല്‍.
ശ്രീനിവാസന്റെ ഭാര്യ വിമലയുടെ സഹോദരനും 'കഥ പറയുമ്പോൾ' എന്ന സിനിമയുടെ സംവിധായകനുമായ എം.മോഹനന്റെ കരിയറിന്റെ തുടക്കകാലത്താണ് സംഭവം. അളിയനെ എങ്ങനെയെങ്കിലും ജീവിതത്തില്‍ ഒന്ന് പച്ചപിടിപ്പിക്കണം എന്ന ആഗ്രഹം ശ്രീനിവാസനുണ്ടായിരുന്നു. ആ സമയത്താണ് നടി അടൂര്‍ പങ്കജത്തിന്റെ മകന്‍ അജയന്‍ ഒരു 'അപൂര്‍വ്വ വിവരവുമായി' ശ്രീനിവാസനെ സമീപിക്കുന്നത്. ബ്രൂണെ രാജാവിന്റെ പ്രൈവറ്റ് സെക്രട്ടറി ഒരു മാവേലിക്കരക്കാരന്‍ നായരാണെന്നും, പുള്ളി വിചാരിച്ചാല്‍ മോഹനനെ ബ്രൂണെ രാജാവിന്റെ പേഴ്‌സണല്‍ സ്റ്റാഫായി ജോലിക്ക് കയറ്റാമെന്നുമായിരുന്നു വാഗ്ദാനം. രാജാവിന്റെ സ്റ്റാഫായാല്‍ മോഹന്റെ ജീവിതം രക്ഷപ്പെടുമെന്ന് കരുതിയ ശ്രീനിവാസന്‍ മറ്റൊന്നും ആലോചിച്ചില്ല.
സത്യവും മിഥ്യയും തിരിച്ചറിയാതെ ആ വാഗ്ദാനത്തില്‍ വീണ ശ്രീനിവാസന്‍, 'മാവേലിക്കരക്കാരന്‍ സെക്രട്ടറിക്ക്' നല്‍കാനായി അഞ്ചുലക്ഷം രൂപ അജയനെ ഏല്‍പ്പിച്ചു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഞ്ചു ലക്ഷം രൂപ എന്നത് വളരെ വലിയ തുകയായിരുന്നു. എന്നാല്‍ പണം നല്‍കിക്കഴിഞ്ഞപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെട്ട വിവരം ശ്രീനിവാസന്‍ തിരിച്ചറിയുന്നത്. ബ്രൂണെ രാജാവിനും പ്രൈവറ്റ് സെക്രട്ടറിക്കും ഈ കഥയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല! ഇങ്ങനെയൊരു മണ്ടത്തരം പറ്റിയെടാ എന്ന് അദ്ദേഹം തന്നെയാണ് തന്നോട് പറഞ്ഞതെന്നും ഗണേഷ് കുമാര്‍ ഓര്‍ത്തെടുത്തു.
'വരവേല്‍പ്പ്', 'സന്ദേശം' തുടങ്ങിയ വിഖ്യാത സിനിമകളിലൂടെ മലയാളിയുടെ പൊള്ളത്തരങ്ങളെ പരിഹസിച്ച ഒരു തിരക്കഥാകൃത്തിന് ഇത്തരമൊരു അബദ്ധം പറ്റിയത് പലരെയും അത്ഭുതപ്പെടുത്തിയേക്കാം. എന്നാല്‍ ഗണേഷ് കുമാര്‍ ഇതിനെ കാണുന്നത് മറ്റൊരു രീതിയിലാണ്.
'ശ്രീനിയേട്ടന്‍ ഒരു ജീനിയസാണെന്ന് നമുക്കൊക്കെ തോന്നും. പക്ഷേ, സാധാരണക്കാരനായ ഒരു മലയാളി അദ്ദേഹത്തിലുമുണ്ട്. എത്ര വലിയ ബുദ്ധിമാനാണെന്ന് പറഞ്ഞാലും, അതിന്റെ സൈഡിലൂടെ നമ്മളെ പറ്റിക്കാന്‍ പറ്റുന്ന സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്നതിന് തെളിവാണിത്.'-ഗണേഷ് കുമാര്‍ പറഞ്ഞു.
ശ്രീനിവാസന്‍ തന്റെ സിനിമകളില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലെ തന്നെ, നിഷ്‌കളങ്കമായ ഒരു വശവും അദ്ദേഹത്തിനുണ്ട്. തനിക്ക് പറ്റിയ അബദ്ധം പോലും ചിരിച്ചുകൊണ്ട് മറ്റുള്ളവരോട് പങ്കുവയ്ക്കാനും ആ മഹാനായ കലാകാരന് മടിയുണ്ടായിരുന്നില്ല.