
'ലോക:'യിലെ പേരില്ലാ കഥാപാത്രത്തിൽ നിന്ന് ഇനി ഷിബിൻ എസ്.രാഘവ് 'കാട്ടാള'സംഘത്തിലേക്ക്. ക്യൂബ്സ്എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ 'മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'കാട്ടാളനി'ൽ ഇനി ഷിബിനെ കാണാം. ഈ ചിത്രത്തിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് 'ലോക: ചാപ്റ്റർ വൺ ചന്ദ്ര'യിലൂടെ വൈറലായ ഷിബിനെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്.
ഒറ്റ ഡയലോഗ് പോലും 'ലോക'യിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചയാളാണ് ചിത്രത്തിലെ ഷിബിന്റെ പേരില്ലാത്ത കഥാപാത്രം. നസ്ലിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫ്ലാറ്റിലെ രണ്ടു രംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ട ഈ കഥാപാത്രത്തെ ഏവരും ഇതിനകം ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഹൈദരാബാദിൽ നടന്ന 'ലോക:'യുടെ വിജയാഘോഷത്തിനിടയിൽ തെലുങ്കിലെ സൂപ്പർഹിറ്റ് സംവിധായകൻ നാഗ് അശ്വിൻ ‘ലോക’യുടെ സംവിധായകൻ ഡൊമിനിക് അരുണിനോട് ചോദിച്ചതു പോലും ഷിബിന്റെ കഥാപാത്രത്തെക്കുറിച്ചായിരുന്നു. ഈ കഥാപാത്രത്തിന് ഒരു സ്പിൻഓഫ് ഉണ്ടാകുമോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. 'ലോക:'യ്ക്ക് പിന്നാലെ 'കാട്ടാളനി'ലൂടെ വീണ്ടും ഞെട്ടിക്കാൻ ഒരുങ്ങുകയാണ് തൃശ്ശൂർ സ്വദേശിയായ ഷിബിൻ എസ്. രാഘവ്.
മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ ചടങ്ങോടെയായിരുന്നു അടുത്തിടെ 'കാട്ടാളൻ' സിനിമയുടെ പൂജ. നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക രജിഷ വിജയനാണ്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവർക്കുപുറമേ ജഗദീഷ്, സിദ്ദിഖ്, ആൻസൺ പോള്‍, രാജ് തിരൺദാസു, ഷോൺ ജോയ്, റാപ്പർ ബേബി ജീൻ, ഹനാൻ ഷാ കിൽ താരം പാർഥ് തിവാരി തുടങ്ങി വമ്പൻ താരനിരയാണ് 'കാട്ടാളനി'ൽ.
ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർഥ പേരായ 'ആന്‍റണി വർഗ്ഗീസ്' എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ആക്ഷനൊരുക്കുന്നത്.
കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതം. 'കാന്താര ചാപ്റ്റർ 2'വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'കാട്ടാളനു'ണ്ട്. സംഭാഷണം: ഉണ്ണി ആർ,എഡിറ്റിങ്: ഷമീർ മുഹമ്മദ് ആണ്. 'എആർഎം' സംവിധായകൻ ജിതിൻ ലാലാണ് ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടർ. ഐഡന്‍റ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്.ഛയാഗ്രഹണം: രെണദിവെ ഡിഒപി. ഓഡിയോഗ്രഫി:എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്എക്സ്: ത്രീഡിഎസ്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്.